Polypharmacy | പല മരുന്നുകൾ ഒരേസമയം കഴിക്കുന്നുണ്ടോ? അപകട സാധ്യതകൾ ഏറെ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ഒരു രോഗത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന മരുന്ന് മറ്റൊന്നിനെ പ്രതികൂലമായി ബാധിച്ചേക്കാം.
ആദിത്യൻ ആറന്മുള
(KVARTHA) പ്രായം ചെല്ലുന്തോറും വിട്ടുമാറാത്തതും അല്ലാത്തതുമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പോളിഫാര്‍മസി (Polypharmacy) എന്നാണ് അറിയപ്പെടുന്നത്. അഞ്ചോ അതിലധികമോ മരുന്നുകള്‍ (Medicine) കഴിക്കുന്ന ആളുകളെ പോളിഫാര്‍മസി രോഗികള്‍ എന്ന് പറയുന്നു. ചിലര്‍ പത്തോ, പതിനഞ്ചോ മരുന്നുകള്‍ കഴിക്കാറുണ്ട്. പ്രായമായവരില്‍ പോളിഫാര്‍മസി വളരെ സാധാരണമാണ്. 2021-ല്‍, കാനഡയില്‍ (Canada), 65 വയസ്സിനു മുകളിലുള്ളവരില്‍ നാലിലൊന്ന് പേര്‍ പത്തിലധികം വ്യത്യസ്ത തരം മരുന്നുകള്‍ കഴിക്കുന്നവരായിരുന്നു. ഇത്രയധികം മരുന്നുകള്‍ കഴിക്കുന്നത് നല്ലതാണോ?.

ഏറ്റവും പുതിയ പഠനമനുസരിച്ച്, ഭൂരിപക്ഷം മുതിര്‍ന്നവരും അവരെ പരിചരിക്കുന്നവരും ഒന്നോ അതിലധികമോ മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്താന്‍ തയ്യാറാണ്. പക്ഷെ, ഡോക്ടര്‍മാര്‍ പറയണം. മരുന്ന് (Drug) നിര്‍ദേശിക്കുന്നവര്‍ അവര്‍ ചികിത്സിക്കുന്ന (Treatment) വ്യക്തിയെ സഹായിക്കുകയാണ്. മരുന്നുകള്‍ ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്നതിനാല്‍ പലര്‍ക്കും അത്യന്താപേക്ഷിതവുമാണ്. പല മരുന്നുകളും കഴിക്കുമ്പോള്‍ പലപ്പോഴും ചികിത്സയുടെ ഗുണനിലവാരം (Quality) വിട്ടുവീഴ്ച ചെയ്യപ്പെടുന്നെന്ന് പോളിഫാര്‍മസി കേസുകള്‍ സംബന്ധിച്ച് ഗവേഷണം നടത്തിയവര്‍ കണ്ടെത്തി.
അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം.
*പോളിഫാര്‍മസി മരുന്നുകളുടെ ഉപയോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് അഭികാമ്യമല്ലാത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും അല്ലെങ്കില്‍ ചികിത്സകളുടെ ഫലപ്രാപ്തി കുറയ്ക്കും.
*ഒരു രോഗത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന മരുന്ന് മറ്റൊന്നിനെ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാല്‍ രണ്ട് രോഗങ്ങളും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുചെയ്യണം? എന്ന കാര്യം പരിശോധിക്കണം.
*കഴിക്കുന്ന മരുന്നുകളുടെ എണ്ണം കൂടുന്തോറും പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 65 വയസ്സിനു മുകളിലുള്ളവര്‍ക്ക്, ഏത് മരുന്ന് എപ്പോള്‍ കഴിക്കണം എന്നത് സംബന്ധിച്ച് ആശയക്കുഴപ്പമോ, വീഴ്ചകളോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
*ഒരു വ്യക്തി കൂടുതല്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍, മരുന്നുകള്‍ തമ്മില്‍ മാറിപ്പോകാനുള്ള സാധ്യത കൂടുതലാണ്. തന്മൂലം മരുന്ന് കഴിക്കുന്നത് കൊണ്ട് അപകടസാധ്യത ഉണ്ടാകാം. ഉദാഹരണത്തിന്, ഉത്കണ്ഠയ്ക്കോ ഉറക്കത്തിനോ ഉള്ള ബെന്‍സോഡിയാസെപൈന്‍സ് മരുന്ന്, ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാണ്. ആശയക്കുഴപ്പം, വീഴ്ചകള്‍, വാഹനാപകടങ്ങള്‍ എന്നിവയുടെ സാധ്യത ഒഴിവാക്കാന്‍ ഇവയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം.
*പോളിഫാര്‍മസി വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. ഉദാഹരണത്തിന്, ബലഹീനത വര്‍ദ്ധിപ്പിക്കും, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കും, അത്യാഹിതവിഭാഗത്തില്‍ പോകേണ്ടിവരും. എന്നിരുന്നാലും, ഇന്നുവരെ നടത്തിയ പഠനങ്ങള്‍ പോളിഫാര്‍മസിയുടെ പ്രത്യേക ഫലങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതില്‍ വിജയിച്ചിട്ടില്ല. ഒന്നിലധികം രോഗങ്ങളുള്ള ആളുകള്‍ക്കിടയില്‍ പോളിഫാര്‍മസി കൂടുതലായി കാണപ്പെടുന്നതിനാല്‍, അവര്‍ക്കുള്ള അസുഖങ്ങള്‍ അപകടസാധ്യതകള്‍ക്ക് കാരണമായേക്കാം.
അപകടസാധ്യതകള്‍ ഏറെ
ഒന്നിലധികം മരുന്നുകള്‍ കഴിക്കുന്നത് പലതരത്തിലുള്ള അപകടസാധ്യതകള്‍ക്കും കാരണമാകും. ഉദാഹരണത്തിന്, ഒരാള്‍ പല രോഗങ്ങള്‍ക്കായി അഞ്ച് മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് കരുതുക. രക്തസമ്മര്‍ദം (BP), വിറ്റാമിന്‍ (Vitamin) സപ്ലിമെന്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ടവയില്‍ നിന്നുള്ള അപകടസാധ്യതകള്‍ വ്യത്യസ്തമായിരിക്കും. ഈ സങ്കീര്‍ണത നിയന്ത്രിക്കാനും പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന മരുന്നുകളുടെ കോമ്പിനേഷനുകള്‍ തിരിച്ചറിയാനും നിര്‍മിതബുദ്ധി (AI) ഉപയോഗിക്കാനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്.
അപകടസാധ്യതകള്‍ എങ്ങനെ ഒഴിവാക്കാം
ഒരു രോഗി എന്ന നിലയില്‍, അല്ലെങ്കില്‍ രോഗിയെ നോക്കുന്ന വ്യക്തിയെന്ന നിലയില്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും?
* ചോദ്യങ്ങള്‍ ചോദിക്കുക: ആരെങ്കിലും ഒരു പുതിയ ചികിത്സ നിര്‍ദേശിക്കുമ്പോള്‍, മരുന്നിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്? സാധ്യമായ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണ്? ഇത് എന്റെ ചികിത്സയ്ക്ക് അനുയോജ്യമാണോ? ഈ ചികിത്സ എത്രത്തോളം നീണ്ടുനില്‍ക്കണം? അത് നിര്‍ത്തുന്നത് പരിഗണിക്കേണ്ട സാഹചര്യങ്ങളുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ മനസിലുണ്ടാകണം.
* നിങ്ങളുടെ മരുന്നുകളുടെ കാലാവധി (Expiry Date) പരിശോധിക്കണം: മരുന്ന് ഉപയോഗപ്രദമാണെന്ന് ഉറപ്പാക്കണം. അവ ഉപയോഗിക്കുന്നത് കൊണ്ട് ഇപ്പോഴും എന്തെങ്കിലും നേട്ടങ്ങളുണ്ടോ? എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ? മറ്റൊരു ചികിത്സ മികച്ചതായിരിക്കുമോ? ഡോസ് കുറയ്‌ക്കേണ്ടതുണ്ടോ? എന്നീ കാര്യങ്ങള്‍ പരിശോധിക്കണം.
* മരുന്ന് മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കുക: ഒരു ഡോക്ടറുമായി (Doctor) കൂടിയാലോചിച്ച ശേഷം മരുന്നിന്റെ അളവ് നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്യുക. രോഗിയും അവരുടെ കുടുംബവും ഡോക്ടര്‍മാരും ഒരുമിച്ചാണ് ഈ തീരുമാനമെടുക്കുന്നത്. കനേഡിയന്‍ മെഡിക്കേഷന്‍ അപ്രോപ്രിയേറ്റ്നെസ് ആന്‍ഡ് ഡിപ്രെസ്‌ക്രൈബിംഗ് നെറ്റ്വര്‍ക്ക് ഈ സമ്പ്രദായം മികച്ച രീതിയില്‍ നടപ്പാക്കുന്നുണ്ട്.
ആരോഗ്യം (HEALTH) നിലനിര്‍ത്താന്‍ മരുന്നുകള്‍ വളരെ ഉപയോഗപ്രദമാണ്. പ്രായമാകുന്തോറും കൂടുതല്‍ മരുന്നുകള്‍ കഴിക്കേണ്ടിവരുന്നത് അസാധാരണമല്ല. നമ്മള്‍ കഴിക്കുന്ന ഓരോ മരുന്നിനും അവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ മറികടക്കുന്ന നേരിട്ടുള്ള അല്ലെങ്കില്‍ ഭാവിയില്‍ ഗുണങ്ങള്‍ ഉണ്ടായിരിക്കണം.
(കടപ്പാട് : ദ കോണ്‍വേര്‍സേഷന്‍, കരോലിന്‍ സിറോയിസ്, ലാവലിലെ യൂണിവേഴ്സിറ്റി ഫാര്‍മസി പ്രൊഫസര്‍)