ബിസിസിഐ കുറഞ്ഞത് 100 കോടി രൂപയെങ്കിലും കോവിഡ് ദുരിതാശ്വാസത്തിനു നല്‍കേണ്ടതായിരുന്നു; ഇൻഡ്യയിലെ ജനങ്ങള്‍ കോവിഡ് മൂലം കടുത്ത പ്രതിസന്ധി നേരിടുമ്പോഴും, അവരെ സഹായിക്കാന്‍ കൂട്ടാക്കാത്ത ഇന്ത്യന്‍ ക്രികെറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം
May 5, 2021, 19:00 IST
ADVERTISEMENT
മുംബൈ: (www.kvartha.com 05.05.2021) ബിസിസിഐ കുറഞ്ഞത് 100 കോടി രൂപയെങ്കിലും കോവിഡ് ദുരിതാശ്വാസത്തിനു നല്‍കേണ്ടതായിരുന്നു. ഇൻഡ്യയിലെ ജനങ്ങള്‍ കോവിഡ് മൂലം കടുത്ത പ്രതിസന്ധി നേരിടുമ്പോഴും, അവരെ സഹായിക്കാന്‍ കൂട്ടാക്കാത്ത ഇന്ത്യന്‍ ക്രികെറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബിസിസിഐ) രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരവും മുന്‍ വികെറ്റ് കീപ്പര്‍ കൂടിയായ സുരീന്ദര്‍ ഖന്ന.


ബിസിസിഐയും ഐപിഎല്‍ ഭരണസമിതിയും ചേര്‍ന്ന് കുറഞ്ഞത് 100 കോടി രൂപയെങ്കിലും കോവിഡ് വിതച്ച ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ സഹായമായി നല്‍കേണ്ടതായിരുന്നു' കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്രികെറ്റേഴ്‌സ് അസോസിയേഷന്റെ (ഐസിഎ) പ്രതിനിധിയായി ഐപിഎല്‍ ഭരണസമിതിയില്‍ അംഗമായിരുന്ന ഖന്ന ചൂണ്ടിക്കാട്ടി.
അതേസമയം, ഐപിഎല്‍ നിര്‍ത്തിവച്ചതിനാല്‍ ബിസിസിഐക്കു 2000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടാകുമെന്നാണു കണക്ക്. ഐപിഎലിന്റെ ബ്രാന്‍ഡ് മൂല്യം 680 കോടി ഡോളര്‍ വരുമെന്നാണു കണക്ക്. ഏകദേശം 50,180 കോടി രൂപ. ബിസിസിഐക്കും ടീമുകള്‍ക്കും കോടികളുടെ വരുമാനമാണു സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ഓരോ സീസണിലും ലഭിക്കുക. താരങ്ങള്‍ക്കും ഐപിഎല്‍ വരുമാനമാര്‍ഗം തന്നെ. ചാനല്‍ സംപ്രേഷണവും കോടികളുടെ ലാഭമാണു നേടിക്കൊടുക്കുന്നത്.
'ഇത് (ടൂര്‍ണമെന്റ് നിര്‍ത്തിയത്) ബിസിസിഐയുടെ ലാഭ വിഹിതത്തില്‍ നഷ്ടമുണ്ടാക്കും. അത്രേയുള്ളൂ. എന്തൊക്കെ സംഭവിച്ചാലും ഐപിഎലിന്റെ സംപ്രേക്ഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സിന് സാമ്പത്തിക ബാധ്യത വരാതിരിക്കാന്‍ ഇന്‍ഷുറന്‍സ് കവറേജുണ്ട്. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം രാജ്യത്തെ ജനങ്ങളെ സഹായിക്കാനുള്ള പണമൊക്കെ ബിസിസിഐയുടെ പക്കല്‍ തീര്‍ച്ചയായുമുണ്ട്' എന്ന് ഖന്ന വ്യക്തമാക്കി.
'ഐപിഎല്‍ കുറച്ചുകൂടി നേരത്തെ നിര്‍ത്തിവയ്‌ക്കേണ്ടതായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ഫ്രാഞ്ചൈസികളും ഇക്കാര്യത്തില്‍ മുന്‍പേ തന്നെ കൃത്യമായ നിലപാട് കൈക്കൊള്ളേണ്ടതായിരുന്നു. ഇവര്‍ക്കൊക്കെ ലാഭത്തില്‍ മാത്രമേ കണ്ണുള്ളോ? ആളുകളുടെ ദുരിതവും വേദനകളുമൊന്നും ഇവരെ ബാധിക്കില്ലേ?' ഖന്ന ചോദിക്കുന്ന. യുഎഇയില്‍ 1984ല്‍ നടന്ന പ്രഥമ ഏകദിന ടൂര്‍ണമെന്റായ ഏഷ്യാകപ്പില്‍ 'മാന്‍ ഓഫ് ദ് സീരീസ്' പുരസ്‌കാരം നേടിയ താരമാണ് ഖന്ന.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ സീസണും യുഎഇയില്‍ത്തന്നെ സംഘടിപ്പിക്കുന്നതായിരുന്നു നല്ലതെന്നും ഖന്ന ചൂണ്ടിക്കാട്ടി. ഐപിഎല്‍ ഭരണസമിതി അംഗമെന്ന നിലയില്‍, കഴിഞ്ഞ സീസണില്‍ യുഎഇയില്‍ നടന്ന ഐപിഎലില്‍ ഖന്നയുടെ സഹകരണവുമുണ്ടായിരുന്നു.
'ഇത്തവണ ബോര്‍ഡിന് വീഴ്ച സംഭവിച്ചു. കഴിഞ്ഞ സീസണില്‍ യുഎഇയില്‍ വളരെ കൃത്യമായി ബയോ സെക്യുര്‍ ബബ്ള്‍ സംവിധാനം രൂപീകരിച്ച് ടൂര്‍ണമെന്റ് നടത്തിയത് എങ്ങനെയെന്ന് നേരിട്ട് കണ്ടയാളാണ് ഞാന്‍. അന്ന് ഞാന്‍ ബബ്‌ളിന്റെ ഭാഗമായിരുന്നില്ല. എന്നിട്ടും സ്ഥിരമായി കോവിഡ് പരിശോധനയ്ക്ക് വിധേയനാകുമായിരുന്നു. മാത്രമല്ല, സുരക്ഷിതത്വ ബോധവുമുണ്ടായിരുന്നു. എല്ലാവരും കോവിഡ് പ്രോടോകോള്‍ കൃത്യമായി പാലിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അന്ന് ടൂര്‍ണമെന്റിന്റെ സമയത്ത് പോസിറ്റീവ് കേസുകള്‍ ഇല്ലാതിരുന്നത് അതുകൊണ്ടാണ്' എന്നും ഖന്ന പറഞ്ഞു.
'ആ ടൂര്‍ണമെന്റ് കഴിഞ്ഞ് വെറും ഏഴു മാസം പൂര്‍ത്തിയാകുമ്പോഴേയ്ക്കും എന്തുകൊണ്ടാണ് അടുത്ത സീസണ്‍ ഇന്ത്യയിലേക്ക് മാറ്റിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഏറ്റവും കുറഞ്ഞ വേദികളില്‍ ടൂര്‍ണമെന്റ് നടക്കുമ്പോഴാണ് ബബ്ള്‍ സംവിധാനം കാര്യക്ഷമമാകുന്നത്. മുംബൈയില്‍ മാത്രമാണ് ടൂര്‍ണമെന്റ് നടത്തിയിരുന്നതെങ്കില്‍ പിന്നെയും അംഗീകരിക്കാമായിരുന്നു. പക്ഷേ, ആറു നഗരങ്ങളിലാണ് നമ്മള്‍ ടൂര്‍ണമെന്റ് നടത്തിയത്.' ഖന്ന ചൂണ്ടിക്കാട്ടി.
'ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞാന്‍ ഐപിഎല്‍ ഭരണസമിതിയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഐപിഎല്‍ ഇക്കുറി യുഎഇയില്‍ നടത്താന്‍ ഞാന്‍ നിര്‍ബന്ധം പിടിക്കുമായിരുന്നു. ഇത്തവണത്തെ ഐസിഎ പ്രതിനിധി പ്രഗ്യാന്‍ ഓജ ഭരണസമിതി യോഗങ്ങളില്‍ എന്തെടുക്കുകയാണെന്ന് ഞാന്‍ അദ്ഭുതപ്പെടുന്നു' എന്നും ഖന്ന പറഞ്ഞു.
Keywords: BCCI-IPL should have donated Rs 100 cr towards Covid relief, says former India wicketkeeper Surinder Khanna, Mumbai, News, IPL, BCCI, Criticism, Compensation, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.