Financial Growth | വരുമാനത്തിലും പ്രവര്‍ത്തനലാഭത്തിലും മികച്ച പ്രകടനം കാഴ്ച വച്ച് ആസ്റ്റര്‍ ഇന്ത്യ; വരും വര്‍ഷങ്ങളില്‍ ഉന്നത നിലവാരത്തിലെത്തിക്കാന്‍ ആസൂത്രണം ചെയ്യുന്നത് വിപുലമായ പദ്ധതികള്‍


● സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാംപാദത്തിലെ വരുമാനം 16% വര്‍ദ്ധിച്ച് 1086 കോടിയായി
● കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സെപ്തംബര്‍ പാദത്തില്‍ 934 കോടി രൂപയായിരുന്നു
● ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ അര്‍ദ്ധവാര്‍ഷിക വരുമാനം 18 ശതമാനം വര്‍ദ്ധിച്ച് 2088 കോടി രൂപയായി
● കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അര്‍ദ്ധ വാര്‍ഷിക വരുമാനം 1772 കോടി രൂപയായിരുന്നു
കൊച്ചി: (KVARTHA) വരുമാനത്തിലും പ്രവര്‍ത്തനലാഭത്തിലും മികച്ച പ്രകടനം കാഴ്ച വച്ച് ഇന്ത്യയിലെ മുന്‍നിര ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. പ്രമുഖ പ്രവാസി വ്യവസായി ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന്റെ കഴിഞ്ഞദിവസം പുറത്തുവിട്ട നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂലായ്-സെപ്തംബര്‍ മാസത്തെ സാമ്പത്തിക ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വരുമാനത്തിലെ വര്‍ധനവ്:
സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാംപാദത്തിലെ വരുമാനം 16% വര്‍ദ്ധിച്ച് 1086 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സെപ്തംബര്‍ പാദത്തില്‍ 934 കോടി രൂപയായിരുന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ അര്‍ദ്ധവാര്‍ഷിക വരുമാനം 18 ശതമാനം വര്‍ദ്ധിച്ച് 2088 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അര്‍ദ്ധ വാര്‍ഷിക വരുമാനം 1772 കോടി രൂപയായിരുന്നു.
ഓപ്പറേറ്റിംഗ് ലാഭം 44 ശതമാനം വളര്‍ന്ന് 410 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള അര്‍ദ്ധവാര്‍ഷിക ഓപ്പറേറ്റിംഗ് ലാഭം 285കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 16.1 ശതമാനമുണ്ടായിരുന്ന പ്രവര്‍ത്തന മാര്‍ജിന്‍ ഈ സാമ്പത്തിക വര്‍ഷം 19.6 ശതമാനമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 157 കോടിയായിരുന്ന നികുതി, പലിശ തുടങ്ങി ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം ഈ സാമ്പത്തിക വര്‍ഷം അതേ പാദത്തില്‍ 48 ശതമാനം വര്‍ദ്ധിച്ച് 233 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്തംബര്‍ പാദത്തില്‍ 16.8 ശതമാനം ആയിരുന്ന പ്രവര്‍ത്തന മാര്‍ജിന്‍ ഈ സാമ്പത്തിക വര്‍ഷം അതേ പാദത്തില്‍ 21.4 ശതമാനമായി ഉയര്‍ന്നു.
അര്‍ദ്ധ വാര്‍ഷിക കണക്കില്‍ നികുതി അടയ്ക്കുന്നതിന് മുമ്പുള്ള ലാഭം (പിബിടി) 134 ശതമാനം വളര്‍ന്ന് 284 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 121 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 88ശതമാനം വളര്‍ന്ന് 171 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 91 കോടി രൂപയായിരുന്നു.
ആശുപത്രിയുടെ പ്രവര്‍ത്തന മികവിനെ കുറിച്ച് ഡോ. ആസാദ് മൂപ്പന്റെ വാക്കുകള്‍:
2024-25 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കൈവരിച്ച വളര്‍ച്ചാവേഗതയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. പ്രവര്‍ത്തന മികവിലും ശേഷി വര്‍ദ്ധനയിലും ഞങ്ങള്‍ കാണിക്കുന്ന അചഞ്ചലമായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നതാണ് വരുമാനത്തിലും പ്രവര്‍ത്തനലാഭത്തിലും ഉള്ള ഈ മികവ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ഞങ്ങളുടെ പ്രകടനം 18 ശതമാനം വര്‍ദ്ധിച്ച് 2088 കോടി രൂപയായി.
ഒരു കിടക്കയ്ക്ക് ശരാശരി വരുമാനം (എആര്‍പിഒബി) വളര്‍ച്ചയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. അര്‍ദ്ധവാര്‍ഷിക നികുതി, പലിശ തുടങ്ങി ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം 44% വര്‍ദ്ധിച്ച് 410 കോടി രൂപയും അറ്റാദായം 88 ശതമാനം വളര്‍ന്ന് 171 കോടിയുമായി.
പ്രധാന ബിസിനസുകളിലുടനീളമുള്ള സുസ്ഥിരമായ വളര്‍ച്ചയോടൊപ്പം ചെലവ് തന്ത്രപരമായി ക്രമീകരിച്ചതിലൂടെ മാര്‍ജിനുകള്‍ ഗണ്യമായി ശക്തിപ്പെടുത്താനായി. ഈ സാമ്പത്തിക വര്‍ഷത്തിലെ അര്‍ദ്ധ വാര്‍ഷിക ഓപ്പറേറ്റിംഗ് ലാഭ മാര്‍ജിനുകള്‍ 19.6 ശതമാനമാണ്.
ഞങ്ങളുടെ വിപുലീകരണത്തോടെ, ഇന്ത്യയിലെ നൂതന ആരോഗ്യ പരിപാലനത്തിന്റെ വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുവാനായി 2027 സാമ്പത്തിക വര്‍ഷത്തോടെ 6800 കിടക്കകള്‍ എന്നത് മറികടക്കാന്‍ പ്രാപ്തമായ നിലയിലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍.
ഹോസ്പിറ്റലുകള്‍ക്കും ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍ക്കുമുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് എന്‍എബിഎച്ച് പ്രസിദ്ധീകരിച്ച പുതിയ ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡുകളില്‍ ഒമ്പത് ആസ്റ്റര്‍ ഹോസ്പിറ്റലുകളാണ് അംഗീകാരം നേടിയത്. ഡിജിറ്റല്‍ പരിവര്‍ത്തനത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ആണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ അധികം സന്തോഷമുണ്ട്. അവയില്‍ അഞ്ച് ആശുപത്രികള്‍ക്ക് പ്ലാറ്റിനം വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന അക്രഡിറ്റേഷന്‍ ലഭിച്ചു. ഇത് ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ പരിവര്‍ത്തനത്തില്‍ ഞങ്ങള്‍ വഹിക്കുന്ന നേതൃത്വത്തിന് അടിവരയിടുന്നുവെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ആസ്റ്ററിന്റെ ഇന്ത്യയിലെ പ്രകടനം
1. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ മൊത്തത്തിലുള്ള പ്രവര്‍ത്തന EBITDA മാര്‍ജിന്‍ 19.6% ( കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 16.1%)
2. പ്രധാന ഹോസ്പിറ്റല്‍ ബിസിനസില്‍ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഓപ്പറേറ്റിംഗ് ലാഭം മാര്‍ജിന്‍ 22.4 % ( കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 19.1 %)
3. ആരംഭിച്ച് 6+ വര്‍ഷമായ ആശുപത്രിയില്‍ ഓപ്പറേറ്റിംഗ് ലാഭം മാര്‍ജിന്‍ 25% (കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 22%). മൂലധന ചെലവില്‍ നിന്നുള്ള നേട്ടം 32 ശതമാനം.
4. അര്‍ദ്ധ വാര്‍ഷിക കണക്ക് അനുസരിച്ച് ബംഗ്ലൂരുവിലെ ആസ്റ്റര്‍ വൈറ്റ് ഫീല്‍ഡ് ആശുപത്രിയുടെ ഒക്യുപന്‍സി ലെവല്‍ 67 ശതമാനവും ഒരു ബെഡില്‍ നിന്നുള്ള ശരാശരി വരുമാനം 70,000 രൂപയുമാണ്.
5. രോഗി ആശുപത്രിയില്‍ കഴിയുന്നത് 3.2 ദിവസമായി മെച്ചപ്പെട്ടു. (കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍ 3.4 ദിവസം)
6. ആസ്റ്റര്‍ ലാബ്സിന്റെ വരുമാനം 2025 സാമ്പത്തിക വര്‍ഷത്തില്‍ 17% വര്‍ദ്ധിച്ചു. സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 3.4% ല്‍ നിന്ന് ലാഭം മാര്‍ജിന്‍ 11% ഉയര്‍ന്നു.
7. കഴിഞ്ഞ പാദത്തില്‍ മിംസ് കണ്ണൂരില്‍ 100 കിടക്കകള്‍ വിജയകരമായി പ്രവര്‍ത്തനക്ഷമമാക്കി.
8. 2027 ഓടെ 1800+ കിടക്കകള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം. ഹൈദരാബാദില്‍ 300 കിടക്കകളുള്ള ആസ്റ്റര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാണ് പുതിയ പദ്ധതി.
#AsterIndia #Healthcare #RevenueGrowth #FinancialResults #DrAzadMoopen #ExpansionPlans