Blood clots | ആർത്തവ രക്തം കട്ട പിടിക്കുന്നുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 
Blood clots
Blood clots


ആർത്തവ സമയത്തുള്ള ഹോർമോൺ വ്യതിയാനം സർവ സാധാരണയാണ്

കൊച്ചി: (KVARTHA) സ്ത്രീകളിൽ ആർത്തവ സമയത്ത് പല തരം അസ്വസ്ഥതകളും ഉണ്ടാവാറുണ്ട്. അതിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നിരവധി ഉണ്ടാവാം. ചില സ്ത്രീകളിൽ ആര്‍ത്തവ രക്തം കട്ടപിടിച്ചു കാണാറുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നം ഒന്നും അല്ലെന്നും സാധാരണയായി ഉണ്ടാവാറുള്ളതാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ അതിന്റെ അളവ് അസ്വാഭാവികമായി വർധിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്.

ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാവാം ഒരു പക്ഷേ ഇങ്ങനെ രക്തം കട്ടപിടിച്ചു കാണപ്പെടുന്നത്. ആർത്തവ സമയത്തുള്ള ഹോർമോൺ വ്യതിയാനം സർവ സാധാരണയാണ്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനം ആര്‍ത്തവ രക്തം കട്ടപിടിക്കാന്‍ കാരണമാകാറുണ്ട് എന്നാണ് പറയുന്നത്. അതല്ലെങ്കിൽ  അണ്ഡാശയ മുഴകളോ മറ്റോ ആകാമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.  കൂടാതെ ചില സ്ത്രീകളിൽ ഗര്‍ഭകാലത്ത് ഗര്‍ഭാശയത്തിലുണ്ടാകുന്ന യുട്ടീറിന്‍ ഫൈബ്രോയ്ഡുകള്‍ കാരണവും ആർത്തവ രക്തം കട്ട പിടിക്കാൻ കാരണമാകാം.

പുകവലി പോലെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും ഇതിന് വഴിവെക്കാം. അമിതവണ്ണം, ശാരീരിക വ്യായാമ കുറവ് ഇങ്ങനെയുള്ള ജീവിത ശൈലികളിൽ ഉള്ള പാകപ്പിഴയും ആർത്തവ സമയത്തെ രക്തം കട്ട പിടിക്കാൻ കാരണമായേക്കാം. എന്നാൽ പല സ്ത്രീകളിലും ആർത്തവ സമയത്തു അമിതമായ രക്തസ്രാവം  ഉണ്ടാവാറുണ്ട്. ഇത് ഒരാഴ്ചയിൽകൂടുതൽ കാണപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുക.

അമിതമായ ക്ഷീണം അനുഭവപ്പെടുക, ദൈനം ദിന കാര്യങ്ങള്‍ പോലും ചെയ്യാനാകാത്ത വിധം വേദന ഉണ്ടാവുക, അനിയന്ത്രിതമായ രക്തസ്രാവം, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുക ഇങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടുകയാണെങ്കിൽ തീർച്ചയായും നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കണ്ട് ചികിത്സ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia