Lifestyle Diseases | ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ്; രണ്ടാംഘട്ടത്തില്‍ നടത്തിയത് 25 ലക്ഷത്തിലധികം പേരുടേത്

 
Ardram Health Screening Phase 2: Over 25 Lakh Screened
Ardram Health Screening Phase 2: Over 25 Lakh Screened

Photo Credit: Facebook / Veena George

● രോഗ നിര്‍ണയവും ചികിത്സയും ആരോഗ്യ വകുപ്പ് ഉറപ്പാക്കുന്നു
● ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത് 
● 19,741 പേര്‍ക്ക് രക്താതിമര്‍ദവും 1668 പേര്‍ക്ക് പ്രമേഹവും പുതുതായി കണ്ടെത്തി


 

തിരുവനന്തപുരം: (KVARTHA) ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. 

നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീന്‍ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇ ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. 

ആദ്യഘട്ടത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ക്കും കാന്‍സറിനുമാണ് പ്രാധാന്യം നല്‍കിയതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ അതിനോടൊപ്പം ടിബി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുടെ സ്‌ക്രീനിംഗും നടത്തുന്നു. കാഴ്ച പരിമിതി, കേള്‍വി പരിമിതി, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയുടെ സ്‌ക്രീനിംഗും നടത്തുന്നു.

സ്‌ക്രീനിംഗില്‍ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്നാണ് ടിബി, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി ശൈലി 2 ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ശൈലി രണ്ട് വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി ആകെ 25,43,306 പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി. ഇതില്‍ 49.04 ശതമാനം പേര്‍ക്ക് (12,47,262) ഏതെങ്കിലുമൊരു ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തി. രക്താദിമര്‍ദ സാധ്യതയുള്ള 95,525 പേരുടെ പരിശോധന നടത്തിയതില്‍ 19,741 (20.7 ശതമാനം) പേര്‍ക്ക് രക്താതിമര്‍ദവും പ്രമേഹ സാധ്യതയുള്ള 98,453 പേരെ പരിശോധിച്ചതില്‍ 1668 (1.7 ശതമാനം) പേര്‍ക്ക് പ്രമേഹവും പുതുതായി കണ്ടെത്തി. 

കാന്‍സര്‍ സാധ്യതയുള്ള 61,820 പേരെ കണ്ടെത്തി തുടര്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്തു. 87,490 പേരെ ടിബി പരിശോധനയ്ക്കായും 1,12,938 പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും റഫര്‍ ചെയ്തു. 29,111 കിടപ്പ് രോഗികളേയും പരസഹായം ആവശ്യമുള്ള 47,221 പേരേയും 8,36,692 വയോജനങ്ങളേയും സന്ദര്‍ശിച്ച് ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ സേവനങ്ങള്‍ ഉറപ്പാക്കി വരുന്നതായും മന്ത്രി അറിയിച്ചു.

വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിര്‍ണയം നടത്തി തുടര്‍ചികിത്സ ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ജീവിതശൈലീ രോഗങ്ങള്‍ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ നിയന്ത്രിക്കാന്‍ സാധിക്കും. അതോടൊപ്പം രോഗസാധ്യത കണ്ടെത്തിയവരില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങള്‍ വരാതെ നോക്കാനും സാധിക്കുന്നു.

#ArdramHealth, #HealthScreening, #KeralaHealth, #LifestyleDiseases, #PublicHealth, #ScreeningProgram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia