Awareness Day | ഏപ്രിൽ 11: ലോക പാർക്കിൻസൺസ് ബോധവൽക്കരണ ദിനം; വിറയൽ വാതത്തെക്കുറിച്ച് അറിയാം; കാരണങ്ങളും ലക്ഷണങ്ങളും ചികിത്സാരീതികളും


● തലച്ചോറിലെ കോശനാശമാണ് രോഗകാരണം.
● വിറയൽ, ചലനശേഷിക്കുറവ് എന്നിവ ലക്ഷണങ്ങൾ.
● ചികിത്സയിലൂടെ രോഗം നിയന്ത്രിക്കാനാകും.
● രോഗികൾക്ക് സ്നേഹവും പരിചരണവും നൽകുക.
നവോദിത്ത് ബാബു
(KVARTHA) ഏപ്രിൽ 11ന് ലോകമെമ്പാടും പാർക്കിൻസൺസ് (വിറവാതം) രോഗ ബോധവൽക്കരണ ദിനമായി ആചരിച്ചു വരികയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന് ഈ രോഗത്തിൻ്റെ മൂലകാരണം ഇന്നേവരെ വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്. ജനിതക വൈകല്യങ്ങൾ ആവാം പ്രധാന കാരണമെന്ന് പൊതുവേ പറയുന്നു.
ഇംഗ്ലീഷ് വൈദ്യശാസ്ത്രജ്ഞനായിരുന്ന ജെയിംസ് പാർക്കിൻസൺ (1755–1824) ആണ് 1817ൽ ആദ്യമായി ‘വിറയൽ വാതത്തെപ്പറ്റി ഒരു ഉപന്യാസം’ എന്ന പേരിൽ 6 ‘വിറയൽ രോഗി’കളെ പഠിച്ച് വൈദ്യലോകത്തിന് ഈ രോഗം ഔപചാരികമായി പരിചയപ്പെടുത്തിയത്. ഇദ്ദേഹത്തിൻ്റെ സ്മരണാർത്ഥമാണ് ഈ രോഗാവസ്ഥയ്ക്ക് ആ പേര് നൽകിയത്. രോഗത്തെപ്പറ്റി കൂടുതൽ അറിവ് പകരലും അവബോധം സൃഷ്ടിക്കലുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.
തലച്ചോറിൻ്റെ സുപ്രധാനമായ ധർമ്മങ്ങൾ നിർവഹിക്കുന്ന ചില കോശങ്ങൾക്ക് സംഭവിക്കുന്ന നാശമാണ് പാർക്കിൻസൺസ് എന്ന രോഗാവസ്ഥയ്ക്ക് പ്രധാനമായും കാരണമാകുന്നത്. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്ന കോശങ്ങൾക്കാണ് പ്രധാനമായും ഇത്തരത്തിൽ നാശം സംഭവിക്കുന്നത്. ചെറിയ രീതിയിലുള്ള നാശം സംഭവിക്കുന്ന ഘട്ടങ്ങളിൽ രോഗ ലക്ഷണങ്ങൾ അത്രകണ്ട് തീവ്രമാകാറില്ല. എഴുപതു ശതമാനത്തോളം നാശം സംഭവിച്ചു തുടങ്ങുമ്പോഴേക്കും നിയന്ത്രണം രോഗബാധിതൻ്റെ കയ്യിൽ നിന്നും വിട്ടുപോകുന്നുവെന്നതാണ് ദയനീയം.
ചികിത്സിച്ച് നിയന്ത്രിച്ച് നിർത്താൻ സാധിക്കാത്ത അസുഖമാണിതെന്ന ധാരണയാണ് പൊതുവേ ഉള്ളത്. ഈ ധാരണ മനസ്സിൽ കയറിക്കഴിഞ്ഞാൽ രോഗബാധിതർ സ്വാഭാവികമായും കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമപ്പെടുകയും ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഒരേസമയം ആക്രമിക്കുന്ന അവസ്ഥ വരുമ്പോൾ രോഗികളുടെ ജീവിതം ദുസ്സഹമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
വിവിധ തരത്തിലുള്ള ലക്ഷണങ്ങൾ രോഗികളിൽ കാണപ്പെടാറുണ്ട്. വിറയൽ, ചലനശേഷിയിലെ കുറവ്, മന്ദത, ദീർഘനേരമുള്ള ഉറക്കം, പ്രതികരണശേഷി നഷ്ടപ്പെടൽ തുടങ്ങിയവ ഈ രോഗത്തിൻ്റെ സർവത്രികമായ ലക്ഷണങ്ങളാണ്. രോഗം മൂർച്ഛിക്കുമ്പോൾ മുഖചലനങ്ങൾ പോലും നഷ്ടപ്പെട്ട് നിർവികാരരായി മാറും. ഈ രൂപത്തിലുള്ള ശാരീരിക മാനസിക പ്രശ്നങ്ങളുടെ തുടക്കം ആരിലെങ്കിലും കണ്ടുവരുമ്പോൾ വിദഗ്ധനായ ന്യൂറോളജിസ്റ്റിനെ സമീപിച്ചാൽ രോഗം ചികിത്സയിലൂടെ നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്നതാണ്.
ശരീരത്തിൽ നിന്നും നഷ്ടപ്പെട്ട ഡോപമിൻ കോശങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കലാണ് ചികിത്സാരീതിയുടെ പ്രധാന ഘട്ടം. രോഗികൾ ആരോഗ്യപരമായ ഭക്ഷണശീലം നിലനിർത്തേണ്ടത് അനിവാര്യമാണ്. വ്യായാമ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദൈനംദിന പ്രവർത്തനങ്ങൾ പരമാവധി സ്വയം ചെയ്യാൻ രോഗികൾക്ക് ആവശ്യമായ പിന്തുണ നൽകലാണ് സമൂഹത്തിന് അവരോട് ചെയ്യാനുള്ള പ്രധാന കടമ.
മാനസികാരോഗ്യം തകർന്ന നിലയിലുള്ള രോഗികൾ അപ്രതീക്ഷിതമായി ഏത് രൂപത്തിലും പെരുമാറാം എന്നിരിക്കെ അതൊക്കെ അവഗണിച്ച് അവർക്ക് ആവശ്യമായ കരുതലും സ്നേഹവും പരിഗണനയും നൽകി രോഗികളെ സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ നടപടികളിൽ ശ്രദ്ധിക്കുകയെന്നതാണ് ഈ ദിനത്തിൽ പൊതുസമൂഹത്തിൻ്റെ ഉത്തരവാദിത്വം.
ഈ വാർത്ത പ്രചരിപ്പിച്ച് ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുക. ആരോഗ്യത്തെക്കുറിച്ചുള്ള അറിവ് പങ്കിടുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് പ്രധാനമാണ്.
April 11th is observed as World Parkinson's Awareness Day to educate and support those affected by this neurodegenerative disorder. The article discusses the causes, symptoms, and management of Parkinson's, emphasizing the importance of early diagnosis, treatment to control symptoms, and the crucial role of societal support and care for patients' well-being.
#WorldParkinsonsDay #ParkinsonsAwareness #Neurology #SupportParkinsons #KnowParkinsons #Healthcare