അമീബിക് മസ്തിഷ്‌കജ്വരം: അതീവ ഗുരുതരാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക്, പതിനൊന്നുകാരിക്ക് കണ്ണൂർ ആസ്റ്റർ മിംസിൽ പുനർജന്മം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് പരിശോധനാ ഫലത്തിനായി കാത്തുനിൽക്കാതെ അടിയന്തര ചികിത്സ നൽകിയത് നിർണ്ണായകമായി.
● പുഴയിൽ കുളിച്ചതിന് ശേഷമാണ് കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
● പരിശോധനാ ഫലത്തിൽ നിഗ്ലേരിയ ഫോളേരി വിഭാഗത്തിൽപ്പെട്ട അമീബയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.
● ഏഴ് ദിവസത്തിന് ശേഷം കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റുകയും 32-ാമത്തെ ദിവസം ഡിസ്ചാർജ്ജ് ചെയ്യുകയും ചെയ്തു.
കണ്ണൂർ: (KVARTHA) അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പതിനൊന്ന് വയസ്സുകാരിയുടെ ജീവൻ കണ്ണൂർ ആസ്റ്റർ മിംസിലെ വിദഗ്ധ ഡോക്ടർമാർ രക്ഷപ്പെടുത്തി. കണ്ണൂരിന്റെ കിഴക്കൻ മലയോരമേഖലയിൽ നിന്നുള്ള പെൺകുട്ടിയാണ് 32 ദിവസത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളായ ശക്തമായ തലവേദന, ഛർദ്ദി, സ്വഭാവ വ്യത്യാസം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുമായിട്ടാണ് കുഞ്ഞിനെ ആദ്യം മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അപസ്മാരം കൂടി ബാധിച്ചതോടെ കുട്ടിയുടെ നില ഗുരുതരമായി. ആദ്യത്തെ ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല.
പരിശോധനാ ഫലത്തിന് കാത്തുനിൽക്കാതെ ചികിത്സ നൽകി
അവസ്ഥ മോശമായതിനെ തുടർന്ന് പെൺകുട്ടിയെ ബന്ധുക്കൾ കണ്ണൂർ ആസ്റ്റർ മിംസിലേക്ക് കൊണ്ടുവരികയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടിയുടെ ശരീരത്തിന്റെ ഒരു വശം തളർന്നുപോയിരുന്നു. ചികിത്സയ്ക്ക് മുന്നോടിയായി നടത്തിയ ഹിസ്റ്ററി പരിശോധനയിൽ, കുഞ്ഞ് നേരത്തെ പുഴയിൽ കുളിച്ചിരുന്നു എന്ന വിവരം ഡോക്ടർമാർക്ക് ലഭിച്ചു.
ഇതോടൊപ്പം കണ്ട രോഗലക്ഷണങ്ങൾ അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സമാനമാണെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ പരിശോധനാ ഫലങ്ങൾക്കായി കാത്തുനിൽക്കാതെ അടിയന്തര ചികിത്സ ആരംഭിച്ചു. പിന്നീട് വന്ന പരിശോധനാ ഫലത്തിൽ നിഗ്ലേരിയ ഫോളേരി വിഭാഗത്തിൽപ്പെട്ട അമീബയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു.
വിദഗ്ദ്ധ ഡോക്ടർമാരുടെ നേരിട്ടുള്ളതും നിരന്തരവുമായ ഇടപെടലുകളും തുടർച്ചയായ വിലയിരുത്തലുകളും ചികിത്സയുടെ ഭാഗമായി നടത്തി. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടി മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങി. ഏഴ് ദിവസത്തിന് ശേഷം വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ സാധിച്ചു.
പതിമൂന്ന് ദിവസത്തിന് ശേഷമാണ് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് റൂമിലേക്ക് മാറ്റിയത്. ആകെ 28 ദിവസം ചികിത്സ തുടർന്ന ശേഷം 32-ാമത്തെ ദിവസം പെൺകുട്ടിയെ ഡിസ്ചാർജ്ജ് ചെയ്തു. നിലവിൽ രോഗാവസ്ഥയെ പൂർണ്ണമായും തരണം ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ശരീരത്തിന്റെ തളർച്ചയിൽ മികച്ച പുരോഗതി ലഭ്യമായിട്ടുണ്ട്. ഫിസിയോതെറാപ്പിയിലൂടെ ഇതിനെ അതിജീവിക്കാൻ സാധിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
കേസുകൾ കുത്തനെ കൂടുന്നു; ജാഗ്രത വേണം
അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ സാന്നിദ്ധ്യം നമ്മുടെ നാട്ടിൽ വലിയ തോതിൽ വർധിച്ചു വരികയാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അറിയിച്ചു. '2016 മുതൽ 2023 വരെ വെറും എട്ട് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ എട്ട് പേരും മരണത്തിന് കീഴടങ്ങി.
എന്നാൽ 2024-ൽ മുപ്പത്തിയാറ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ഇതിൽ ഒൻപത് മരണം സംഭവിക്കുകയും ചെയ്തു. 2025-ൽ കേസ് നിരക്ക് കുത്തനെ കൂടി നൂറ്റിയറുപത്തിനാല് എന്ന നിലയിലെത്തപ്പെടുകയും ചെയ്തു. ഇതിൽ മുപ്പത്തിയെട്ട് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്' എന്ന് ആസ്റ്റർ മിംസ് പീഡിയേട്രിക് & നിയോനാറ്റോളജി വിഭാഗം മേധാവി ഡോ. നന്ദകുമാർ എം കെ പറഞ്ഞു.
കണ്ണൂരിൽ പൊതുവെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ലെന്നും ഈ കുട്ടിയുടെ സംഭവത്തോടെ കണ്ണൂർ മേഖലയിലും അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ സാന്നിദ്ധ്യം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നും ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. മായ സി സി കൂട്ടിച്ചേർത്തു. 'ഇത് ജാഗ്രത പുലർത്തേണ്ട സമയമാണ്' എന്നും അവർ അഭിപ്രായപ്പെട്ടു.
ഡോ. നന്ദകുമാർ എം കെ, ഡോ. വീണ കുമാരി, ഡോ. മായ സി സി, പീഡിയേട്രിക് ന്യൂറോളജി വിഭാഗം ഡോ. കാർത്തിക, പീഡിയേട്രിക് ഇന്റെൻസിവിസ്റ്റ് ഡോ. ആഷിഫ് തുടങ്ങിയവർ അടങ്ങിയ വിദഗ്ധ സംഘമാണ് പെൺകുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.
Article Summary: 11-year-old girl survives deadly amoebic meningoencephalitis in Kannur Aster MIMS.
#AsterMIMS #AmoebicMeningoencephalitis #Kannur #HealthAlert #KeralaHealth #SurvivalStory
