Minister Veena George | എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളേയും മാതൃകാ ആന്റി റാബിസ് ക്ലിനികുകളാക്കും: വിദ്യാര്‍ഥികള്‍ ബ്രാന്‍ഡ് അംബാസഡര്‍മാര്‍; പേവിഷബാധ നിര്‍മാര്‍ജനത്തിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും മന്ത്രി വീണാ ജോര്‍ജ്
Sep 28, 2022, 16:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) പേവിഷബാധ പ്രതിരോധ വാക്സിന്‍ എടുക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബിസ് ക്ലിനികുകളാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആദ്യപടിയായാണ് എല്ലാ ജില്ലാ ജെനറല്‍ ആശുപത്രികളിലും മെഡികല്‍ കോളജുകളിലും മാതൃകാ ആന്റി റാബിസ് ക്ലിനികുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നായകളില്‍ നിന്നും കടിയേറ്റ് വരുന്നവര്‍ക്ക് ഏകീകൃതമായ ചികിത്സാ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. നായകളില്‍ നിന്നുള്ള കടിയേറ്റ് വരുന്നവരുടെ ആശങ്കയകറ്റുന്നതിന് കൗണ്‍സിലിംഗ് ഉള്‍പെടെ ഈ കേന്ദ്രങ്ങളില്‍ സാധ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ലോക റാബിസ് ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗവ. ആര്‍ട്സ് കോളജില്‍ വച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നും കടിയേല്‍ക്കുന്നവരുടെ എണ്ണം വലിയ തോതിലാണ് വര്‍ധിച്ചത്. ഈ വര്‍ഷം ആഗസ്റ്റ് വരെ 1,96,616 പേര്‍ക്കാണ് നായകളുടെ കടിയേറ്റത്. അതേസമയം ഇന്‍ഡ്യയിലെ കണക്കുകളനുസരിച്ച് മരണം ഏറ്റവും കുറവ് കേരളത്തിലാണ്. പേവിഷബാധ മൂലമുള്ള മരണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പേവിഷബാധ നിര്‍മാര്‍ജനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ആവശ്യം. പ്രഥമ ശുശ്രൂഷയും വാക്സിനേഷനും വളരെ പ്രധാനമാണ്. മൃഗങ്ങളില്‍ നിന്നും കടിയേറ്റാല്‍ ചെറിയ മുറിവാണെങ്കിലും 15 മിനിറ്റോളം ഒഴുകുന്ന വെള്ളത്തില്‍ കഴുകണം. ഇത് വൈറസ് തലച്ചോറില്‍ എത്താതെ പ്രതിരോധിക്കാനാകും. തുടര്‍ന്ന് എത്രയും വേഗം വാക്സിനെടുക്കണം. കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും മുടക്കം കൂടാതെ വാക്സിന്‍ എടുക്കണം. സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്സിന്‍ സൗകര്യമുള്ള 573 സര്‍കാര്‍ കേന്ദ്രങ്ങളാണുള്ളത്. ഇമുണോഗ്ലോബുലിന്‍ നല്‍കുന്ന 43 സര്‍കാര്‍ സ്ഥാപനങ്ങളുമുണ്ട്.
പേവിഷബാധ പ്രതിരോധത്തില്‍ വിദ്യാര്‍ഥികള്‍ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. എല്ലാ വിദ്യാര്‍ഥികളും പേവിഷവാധ അവബോധം പരമാവധി പേരിലെത്തിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് അഡിഷനല്‍ ഡയറക്ടര്‍ ഡോ. ജയശ്രീ, കൗണ്‍സിലര്‍ ജി മാധവദാസ്, ജില്ലാ മെഡികല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, സ്റ്റേറ്റ് മാസ് മീഡിയ ഓഫിസര്‍ കെ എന്‍ അജയ്, ഗവ. ആര്‍ട്സ് കോളജ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഡയാന ഡേവിഡ്, കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി ജിഷ്ണ എന്നിവര്‍ സംസാരിച്ചു.
ഗവ. ആര്‍ട്സ് കോളജ് പ്രിന്‍സിപല്‍ ഡോ. കെ എല്‍ ഷീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് തിരുവനന്തപുരം മെഡികല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. എസ് ചിന്ത ബോധവത്ക്കരണ ക്ലാസ് നടത്തി.
Keywords: All vaccination centers will be converted into model anti-rabies clinics says Minister Veena George, Thiruvananthapuram, News, Health, Health and Fitness, Health Minister, Inauguration, Students, Kerala,.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

