കേരളത്തില്‍ കഴിഞ്ഞവര്‍ഷം വീടുകളില്‍ നടന്നത് 740 പ്രസവം; വലിയ ശതമാനവും സിദ്ധന്‍മാരുടെയും വ്യാജ വൈദ്യന്‍മാരുടേയും സ്വാധീനത്തില്‍; സഹായത്തിനായി മറിയംപൂവും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 21.03.2019) യൂ ട്യൂബ് വീഡിയോ നോക്കി പ്രസവിച്ച് തമിഴ്‌നാട്ടില്‍ അധ്യാപിക മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് മറ്റൊരു ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ട് ആരോഗ്യവകുപ്പ്. കേരളത്തില്‍ കഴിഞ്ഞവര്‍ഷം വീടുകളില്‍ നടന്നത് 740 പ്രസവം ആണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇതില്‍ വലിയ ശതമാനവും സിദ്ധന്‍മാരുടെയും വ്യാജ വൈദ്യന്‍മാരുടേയും സ്വാധീനത്തിലാണ്. 'മറിയംപൂവ്' എന്ന വിദേശപൂവിന്റെ പേരിലും ഈ മേഖലയില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായും വിദ്യാഭ്യാസമുള്ളവര്‍ പോലും ഈ തട്ടിപ്പിന്റെ ഇരകളാണെന്നും ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ കഴിഞ്ഞവര്‍ഷം വീടുകളില്‍ നടന്നത് 740 പ്രസവം; വലിയ ശതമാനവും സിദ്ധന്‍മാരുടെയും വ്യാജ വൈദ്യന്‍മാരുടേയും സ്വാധീനത്തില്‍; സഹായത്തിനായി മറിയംപൂവും

പ്രധാനമായും നാല് തട്ടിപ്പ് സംഘങ്ങളാണ് ഇത്തരത്തില്‍ സ്ത്രീകളെ വീടുകളില്‍ നിന്നുതന്നെ പ്രസവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു. നൂറുകണക്കിന് സ്‌പെഷ്യലിസ്റ്റ് ആശുപത്രികളുള്ള നാട്ടിലാണ് വീടുകളിലെ പ്രസവം ഇപ്പോഴും തുടരുന്നത്.

ഇതില്‍ ഒരു കൂട്ടര്‍ പ്രകൃതി ചികിത്സകരെന്ന് അവകാശപ്പെടുകയും ചികിത്സാ യോഗ്യതയില്ലാതെ ചികിത്സിക്കുകയും ചെയ്യുന്നവരാണ്. വേറൊരു വിഭാഗം സിദ്ധന്‍മാരെന്ന പേരില്‍ പാവപ്പെട്ട സ്ത്രീകളെ പറ്റിക്കുന്നു. വീടുകളില്‍ പ്രസവസൗകര്യമൊരുക്കുന്നത് കച്ചവടമാക്കി മാറ്റിയവരാണ് മറ്റൊരു കൂട്ടര്‍. അടുത്ത വിഭാഗമാണ് മറിയംപൂവെന്ന പേരില്‍ പുതിയ തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത് എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

ഈ നാലുവിഭാഗക്കാരും മിക്കജില്ലകളിലും സജീവമാണെന്നും എന്നാല്‍, കൃത്യമായ തെളിവോ പരാതിയോ ഇല്ലാത്തതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ശാസ്ത്രീയമായ പ്രസവ ശുശ്രൂഷയും പരിചരണവും വീട്ടില്‍ ലഭ്യമാക്കുന്ന കേസുകള്‍ വളരെ കുറവാണ്.

ജനസംഖ്യയും പ്രസവനിരക്കും കൂടുതലുള്ളതിനാല്‍ സ്വാഭാവികമായും മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം പ്രസവം വീട്ടില്‍ വെച്ച് നടന്നിട്ടുള്ളത്-215. തൊട്ടുപിന്നില്‍ വയനാടും (152) കണ്ണൂരും (75). കോട്ടയം (5), തൃശ്ശൂര്‍(9) ജില്ലകളിലാണ് ഏറ്റവും കുറവ്.

മലപ്പുറത്ത് ഈ നാലുവിഭാഗക്കാരും സജീവമാണെന്ന് ബോധ്യപ്പെട്ടതായി ഡി.എം.ഒ. ഡോ. കെ. സക്കീന പറയുന്നു. വളാഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സിദ്ധനെക്കുറിച്ച് വിവരമുണ്ടെങ്കിലും ഇയാള്‍ക്കെതിരെ ആരും പരാതി നല്‍കാത്തതിനാല്‍ നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഇയാളുടെ ചികിത്സകൊണ്ട് ആരോഗ്യപ്രശ്‌നമുണ്ടായ ചില സ്ത്രീകള്‍ ഡോക്ടര്‍മാരെ സമീപിച്ചിട്ടുണ്ടെന്നും ഡോ സക്കീന പറയുന്നു.

പ്രതീക്ഷിക്കുന്ന സമയത്തിന് മുമ്പേ പ്രസവവേദനയും രക്തസ്രാവവും ഉണ്ടായ കേസുകള്‍ കൂടിവന്നതോടെയാണ് ജില്ലാ ആരോഗ്യ അധികൃതര്‍ ഇക്കാര്യം ശ്രദ്ധിച്ചത്. അങ്ങനെയാണ് പ്രസവം എളുപ്പമാവാനുള്ള മരുന്നെന്ന് പറഞ്ഞ് ചില വ്യാജന്‍മാര്‍ നല്‍കിയ മരുന്നുകള്‍ കഴിച്ചവിവരം സ്ത്രീകള്‍ പറയുന്നത്.
ഇത്തരം ചില ഗുളികകള്‍ സംഘടിപ്പിച്ച് പരിശോധനയ്ക്ക് അയച്ചെങ്കിലും ആവശ്യമായ അളവില്ലാത്തതിനാല്‍ ഫലം ലഭ്യമായില്ലെന്നും ഡോ. സക്കീന പറഞ്ഞു. ഒരിലയില്‍ പ്രത്യേക ചെടിയുടെ നീര് പുരട്ടിയശേഷം കലക്കിക്കുടിക്കാനാണ് പറയുന്നത്. ഇതിനെല്ലാം വലിയ തുകയാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ ഇക്കാര്യം പുറത്തുപറയുന്നുമില്ല.

കഴിഞ്ഞവര്‍ഷം മലപ്പുറം ജില്ലയിലെ ഗൈനക്കോളജിസ്റ്റുകളുടെ യോഗത്തിലാണ് ഈ പൂവിനെപ്പറ്റി ആദ്യമായി കേള്‍ക്കുന്നതെന്ന് ഡോ. കെ. സക്കീന പറഞ്ഞു. അന്വേഷിച്ചപ്പോള്‍ ജാതി-മത ഭേദമെന്യേ വിദ്യാഭ്യാസമുള്ളവര്‍പോലും ഈ പൂവ് ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ടു. ഗര്‍ഭിണികളായ സ്ത്രീകളുടെ യോഗങ്ങളില്‍ മറിയംപൂവിനെക്കുറിച്ച് കേട്ടവര്‍ കൈപൊക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മിക്കവരും കൈപൊക്കിയെങ്കിലും ഉപയോഗിക്കുന്നകാര്യം ആരും തുറന്നുപറഞ്ഞില്ല.

ഗള്‍ഫില്‍നിന്ന് വരുന്നവരാണ് ഈ പൂവ് കൊണ്ടുവരുന്നത്. ഉണങ്ങിയ വള്ളിക്കൂടുപോലെ തോന്നിക്കുന്നതാണിത്. ഈ വള്ളിക്കൂടിനുള്ളിലാണ് കൊച്ചുകൊച്ചു പൂക്കളുള്ളത്. ഇത് പാത്രത്തില്‍ വെള്ളംനിറച്ച് അതിലിട്ട് ഗര്‍ഭിണിയുടെ കട്ടിലിന് ചുവട്ടില്‍ വെക്കും. വേദന തുടങ്ങിയാല്‍ കുടിക്കാന്‍ കൊടുക്കും. പൂവ് വിടര്‍ന്നാല്‍ സുഖപ്രസവമായിരിക്കുമെന്നാണ് തട്ടിപ്പുകാര്‍ പറഞ്ഞുകൊടുക്കുന്നത്.

എന്തെങ്കിലും സങ്കീര്‍ണത കാരണം സിസേറിയന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ സ്ത്രീകള്‍ ആദ്യം പൂ വിടര്‍ന്നോ എന്ന് നോക്കും. വിടര്‍ന്നെങ്കില്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് കേള്‍ക്കാതെ സ്ഥലംവിട്ട് മറ്റു ഡോക്ടര്‍മാരെ സമീപിക്കാന്‍ ശ്രമിക്കുമെന്നും ഇത് പലപ്പോഴും അപകടങ്ങള്‍ വരുത്തിവെച്ചിട്ടുണ്ടെന്നും ഡോ സക്കീന പറയുന്നു.

സ്വകാര്യ ആശുപത്രികള്‍ സിസേറിയന്റെ പേരില്‍ തട്ടിപ്പുനടത്തുകയാണെന്ന് പ്രചരിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ തുടരുന്നത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങി പല ജില്ലകളിലും ഈ പൂവുകൊണ്ടുള്ള തട്ടിപ്പുനടക്കുന്നുണ്ട്. 

സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് മറിയംപൂവിന്റെ മാഹാത്മ്യത്തെക്കുറിച്ച് പ്രചാരണം നടത്തുന്നത്. അതേസമയം, ഇതെല്ലാം തട്ടിപ്പാണെന്നും ഇതില്‍ വീഴരുതെന്നും ചില മതപുരോഹിതന്‍മാര്‍ തന്നെ സാമൂഹിക മാധ്യമങ്ങള്‍ വഴി മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും ഡോ സക്കീന പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 740 delivery cases done in homes in Kerala, Malappuram, News, Health, Health & Fitness, Pregnant Woman, Treatment, Doctor, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia