Nipah Virus | കേരളത്തിൽ വീണ്ടും നിപ; 14കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ


കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കുട്ടിക്ക് ഒപ്പമുണ്ടായിരുന്നവരെയും നിരീക്ഷിക്കുന്നുണ്ട്
തിരുവനന്തപുരം: (KVARTHA) കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം സ്വദേശിയായ 14 വയസുകാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് വൈറോളജി ലാബിലും പൂനെ വൈറോളജി ലാബിലും നടത്തിയ പരിശോധനയിലാണ് ഫലം പോസ്റ്റീവായത്. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇക്കഴിഞ്ഞ 15നാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. നിപ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കുട്ടിക്ക് ഒപ്പമുണ്ടായിരുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. കേരളത്തിൽ ഇത് അഞ്ചാമത്തെ തവണയാണ് നിപ വൈറസ് സ്ഥിരീകരിക്കുന്നത്.
എന്താണ് നിപ?
നിപ വൈറസ് ഒരു സൂനോട്ടിക് വൈറസ് ആണ്, അതായത് ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു. വവ്വാലുകളും പന്നികളും ഉൾപ്പെടെയുള്ള തുടങ്ങിയ മൃഗങ്ങളാണ് ഈ വൈറസിന്റെ പ്രധാന വാഹകർ. ഈ വൈറസ് രോഗബാധിതരായ മൃഗങ്ങളുടെ ശരീര ദ്രാവകങ്ങളുമായി (ഉമിനീർ, മൂത്രം, രക്തം) നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ രോഗബാധിതരായ മൃഗങ്ങൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയോ മനുഷ്യരിലേക്ക് പകരാം. രോഗബാധിതനായ വ്യക്തിയുടെ ശരീര ദ്രാവകങ്ങളുമായി സമ്പർക്കത്തിലൂടെയും ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം.
ലക്ഷണങ്ങൾ
നിപ വൈറസ് ബാധിച്ച ഒരാൾക്ക് ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ, ആ വ്യക്തി മരിക്കാൻ പോലും സാധ്യതയുണ്ട്. നിപാ വൈറസ് ബാധയുള്ളവരിൽ രോഗബാധയേറ്റ് 4-14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. രോഗബാധിതനായ വ്യക്തിയിൽ 3-14 ദിവസത്തേക്ക് രോഗലക്ഷണങ്ങൾ നിലനിൽക്കും. ഈ കാലയളവിൽ ഈ വ്യക്തിക്ക് ശരിയായ ചികിത്സ ലഭിച്ചാൽ ജീവൻ രക്ഷിക്കാൻ കഴിയും, അല്ലാത്തപക്ഷം മരണവും സംഭവിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
നിപ വൈറസ് ബാധിതരിൽ പല തരത്തിലുള്ള ലക്ഷണങ്ങളും കാണാറുണ്ട്. അവയിൽ ചിലത് ഇവയാണ്.
* പനി
* തലവേദന
* ചുമ
* തൊണ്ടവേദന
* ശ്വസന പ്രശ്നം
* ഓക്കാനം, ഛർദി
* കഠിനമായ സന്ദർഭങ്ങളിൽ: എൻസെഫലൈറ്റിസ് (മസ്തിഷ്ക വീക്കം), കോമ, മരണം
പ്രതിരോധ നടപടികൾ:
* വവ്വാലുകളുമായും അവയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളുമായും സമ്പർക്കം ഒഴിവാക്കുക
* വ്യക്തിഗത ശുചിത്വം പാലിക്കുക, കൈകൾ പതിവായി കഴുകുക
* പഴങ്ങൾ നന്നായി കഴുകി ഉപയോഗിക്കുക
* മൃഗങ്ങളുടെ ഇറച്ചി നന്നായി വേവിച്ച് മാത്രം കഴിക്കുക
* രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക