Monsoon | മഴക്കാലത്തെ കൂടുതൽ സുന്ദരമാക്കാൻ 10 ലഘുഭക്ഷണങ്ങൾ; പരീക്ഷിച്ചു നോക്കാം ഇവ
ന്യൂഡെൽഹി: (KVARTHA) മൺസൂൺ ഇങ്ങെത്തിയതോടെ, തീവ്രമായ വേനൽ ചൂടിൽ നിന്ന് ഒരാശ്വാസമായി. ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്ന മഴക്കാലം ഒരുപാട് ഓർമകളുടെ കൂടി കാലമാണല്ലേ, അതും രുചിയോർമകളുടെ. മുത്തശ്ശിമാരോടൊപ്പമിരുന്ന് പലതരം പലഹാരങ്ങൾ നുണഞ്ഞിറക്കി കഥകൾ കേട്ടുറങ്ങിയ മഴക്കാലം, എന്തു സുന്ദരമായിരുന്നു. ഇന്നിപ്പോൾ അതൊന്നുമില്ല, എങ്കിലും രുചിക്കൂട്ടുകൾ നമുക്കും തയാറാക്കാമല്ലോ അല്ലേ.
എങ്കിലിതാ വായിൽ വെള്ളമൂറുന്ന പത്ത്, മൺസൂൺ ഭക്ഷണങ്ങൾ.
1. പക്കോട
മഴയുടെ ശബ്ദം നിറഞ്ഞു നിൽക്കുമ്പോൾ, അടുക്കളയിൽ നല്ല ചൂടുള്ള വറുത്ത പക്കോടയുടെ മണം കൂടിയായാൽ എന്തു രസമായിരിക്കും അല്ലേ, കട്ടൻ ചായയും ഉള്ളി പക്കോടയും, ആഹാ അന്തസ്.
2. ചോളം
ഉപ്പും മുളകും തേച്ച്, കനലിൽ ചെറുതായി, ചുട്ടെടുത്ത ചോളത്തിനു മീതെയായി ഒരു ചെറുനാരങ്ങ പിഴിഞ്ഞ്, മഴയും നോക്കിയിരുന്ന് കഴിച്ചിട്ടുണ്ടോ, അപാര രുചിയാണ്.
3. കുഞ്ഞുണ്ടയും കടലക്കറിയും
പൊതുവെ മലയാളികൾ, പ്രാതലിനായി തയാറാക്കുന്ന വിഭവമാണെങ്കിലും, മഴക്കാലമിങ്ങെത്തിയാൽ, ഇതിനു രുചിയേറും. ഉപ്പും മഞ്ഞൾപൊടിയും ഇട്ട് വേവിച്ചെടുത്ത കടലയിലേക്ക്, ഗോതമ്പു കുഴച്ച് കുഞ്ഞു കുഞ്ഞു ഉരുളകളാക്കി, ഇട്ട് ഒന്നു കൂടി വേവിച്ചെടുക്കുക. ശേഷം, കുഞ്ഞുള്ളിയും വറ്റൽ മുളകും കറിവേപ്പിലയും താളിച്ചൊഴിക്കുക. ഇനി ഉമ്മറത്തിരുന്ന് മഴയും നോക്കി ഒന്നു കഴിച്ചു നോക്കൂ, എന്തു രുചിയാണെന്നോ.
4. വട
നല്ല കനത്തിൽ മഴ പെയ്യുമ്പോൾ, വടയും ചമ്മന്തിയും, സാമ്പാറുമൊക്കെ കൂട്ടി ഒരു പിടി പിടിച്ചു നോക്കിയിട്ടുണ്ടോ, അസാധ്യ രുചിയാണ് കേട്ടോ. കട്ടിയിൽ അരച്ചെടുത്ത ഉഴുന്നിലേക്ക് ആവശ്യത്തിന് അരിപ്പൊടി ചേർത്ത്, കറിവേപ്പിലയും, ജീരകവും ചേർത്ത് ഉരുളകളാക്കുക. നടുവിലായി ഒരു കുഴിയുണ്ടാക്കി എണ്ണയിലിട്ട് വറുത്തെടുക്കുക. നല്ല ചമ്മന്തിയും, സാമ്പാറുമൊക്കെയുണ്ടെങ്കിൽ, മഴയാസ്വദിക്കാൻ വേറെന്തു വേണം.
5. സമൂസ
ഉരുളക്കിഴങ്ങും കടലയും സുഗന്ധവ്യഞ്ജന മിശ്രിതവും നിറഞ്ഞ ക്രിസ്പി പലഹാരമാണ്, സമൂസകൾ. ഇതൊരു ലഘുഭക്ഷണമാണ്. സ്വാദിഷ്ടമായ സമൂസകൾ, ചൂടോടെ കഴിക്കാൻ ഏറ്റവും നല്ല കാലം മഴക്കാലം തന്നെ.
6. മോമോസ്
നല്ല എരിവുള്ള ചുവന്ന ചട്ണിയും, മയോണൈസും കൂട്ടി ആവി പറക്കുന്ന മോമോസ് കഴിക്കുന്നത് ആലോചിച്ചിട്ടുണ്ടോ, മൺസൂൺ ഓർമകളെ കൂടുതൽ സുന്ദരമാക്കുന്നത് ഇതൊക്കെയാണ്.
7. രാജ്മ ചാവൽ
ചൂട് ചോറ്, ഒരു നുള്ള് നെയ്യ്, ചൂടുള്ള ബീൻസ് കറി, എന്തു രുചിയുള്ള ഭക്ഷണമാണെന്നോ. രുചിക്കൊപ്പം തന്നെ മഴക്കാലത്ത് നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും, ആവശ്യമായ പോഷകങ്ങൾ പ്രധാനം ചെയ്യാനും ഇവയ്ക്കു സാധിക്കുമത്രേ.
8. ഖിച്ഡി
മഴക്കാലമിങ്ങെത്തിയാൽ വടക്കേ ഇന്ത്യക്കാർ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവമാണ്, ഖിച്ഡി. അരിയും പയറും, ലഭ്യമായ പച്ചക്കറികളും ചേർത്തുണ്ടാക്കുന്ന വിഭവമാണിത്. മഴക്കാല രോഗങ്ങളെ ചെറുക്കുവാനുള്ള ആരോഗ്യം പ്രദാനം ചെയ്യാൻ ഇവയ്ക്കു കഴിയുമത്രേ.
9. ജിലേബി
പഞ്ചസാരപ്പാനിയിൽ മുക്കിപ്പൊരിച്ചെടുത്ത ജിലേബി കറുമുറെ കടിച്ച് , കൂട്ടുകാരുമൊത്ത് കഥ പറഞ്ഞ്, മഴയാസ്വദിക്കുന്നതൊന്ന് ഓർത്തു നോക്കൂ.
10. സൂപ്പുകൾ
തണുപ്പുള്ള കാലാവസ്ഥയിൽ, സൂപ്പുകൾ ഒഴിവാക്കാനാകുന്നതല്ലല്ലോ അല്ലേ, കോഴി, ആട്, പച്ചക്കറി മുതലായ വിവിധതരം പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് സൂപ്പുണ്ടാക്കി കുടിക്കാൻ ഇതിലും നല്ല കാലാവസ്ഥ നമുക്ക് വേറെ കിട്ടില്ല.
ഭക്ഷണങ്ങൾ എല്ലായ്പ്പോഴും നമ്മുടെ മനസു കീഴടക്കുന്നവ തന്നെയാണ്, എന്നിരുന്നാലും നമ്മുടെ ശരീരത്തിനു പറ്റിയ ഭക്ഷണങ്ങൾ തന്നെയാണോ നമ്മൾ കഴിക്കുന്നതെന്ന് കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. ശീലമില്ലാത്തതോ, പുതുതായി കഴിക്കുന്നതോ ആയ ഏതൊരു ഭക്ഷണം കഴിക്കുന്നതിനു മുമ്പും ഒരു മുൻകരുതലെന്നോണം, ഡോക്ടറുടെ ഉപദേശം തേടുക. ആരോഗ്യ വിദഗ്ധരുടെ നിർദേശം അനുസരിച്ച്, നമ്മുടെ ആരോഗ്യത്തിനു ഗുണം ചെയ്യുന്നതും, ശരീരത്തിനു ദോഷം ചെയ്യാത്തതുമായ ആഹാരങ്ങൾ മാത്രം ശീലമാക്കുക.