Fact Check | ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ മൃതദേഹം കണ്ടെത്തിയോ? വൈറലായ സന്ദേശത്തിന്റെ യാഥാർഥ്യമറിയാം


അർജുന്റെ കൈയിലെ മോതിരത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞുവെന്നാണ് സന്ദേശത്തിൽ പറയുന്നത്
കോഴിക്കോട്: (KVARTHA) ഷിരൂരിൽ മണ്ണിടിച്ചിൽ അപകടത്തിൽ അർജുനെ കാണാതായിട്ട് 17 ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല. ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അർജുന്റെ മൃതദേഹം കണ്ടെത്തിയെന്ന സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്.
യാഥാർഥ്യമെന്ത്?
അർജുന്റെ കൈയിലെ മോതിരത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് ഒരു മൃതദേഹത്തിന്റെ ഫോട്ടോ സഹിതം സന്ദേശം വൈറലായത്. എന്നാൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് അർജുന്റെ കുടുംബത്തെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഈ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കുടുംബം വ്യക്തമാക്കി.

തിരച്ചിൽ തുടരുന്നു
അതേസമയം, അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുമെന്നാണ് അറിയുന്നത്. കരയിലും വെള്ളത്തിലും വ്യാപകമായി തിരച്ചിൽ നടത്തിയതിനെ തുടർന്ന് ഗംഗാവലി പുഴയിൽ ചെളിയിലാണ്ട നിലയിൽ അർജുന്റെ ലോറിയുണ്ടെന്നാണ് സംശയിക്കുന്നത്. എന്നാൽ നദിയിലെ അടിയൊഴുക്കും മോശം കാലാവസ്ഥയും കാരണം ലോറി ഉയർത്തിയെടുക്കാൻ സാധിച്ചിരുന്നില്ല.
നേവി, ഡ്രോൺ, ബൂം എസ്കവേറ്റർ എന്നിവ ഉപയോഗിച്ച് ദിവസങ്ങളോളം നടത്തിയ തിരച്ചിൽ ശ്രമങ്ങൾ വിഫലമായതിനെ തുടർന്ന് പുതിയ സന്നാഹങ്ങളുമായി തിരച്ചിൽ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കർണാടക സർക്കാർ എന്നാണ് വിവരം.