Fact-Check | മുതിർന്ന പൗരന്മാർക്ക് ഫെബ്രുവരി 15 മുതൽ ട്രെയിൻ യാത്രയിൽ 50% കിഴിവുണ്ടോ? യാഥാർഥ്യം ഇതാ!


● 58 വയസ്സിനു മുകളിലുള്ളവർക്ക് 50% കിഴിവ് എന്ന പ്രചാരണം വ്യാജം.
● കോവിഡ് -19 മഹാമാരിക്കിടെയാണ് ഇളവ് നിർത്തിയത്.
● പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പുകളില്ല.
● 2025-26 ലെ ബജറ്റിലും ഇളവിനെക്കുറിച്ച് പരാമർശമില്ല
ന്യൂഡൽഹി: (KVARTHA) ഫെബ്രുവരി 15 മുതൽ മുതിർന്ന പൗരന്മാർക്ക് ട്രെയിൻ യാത്രകളിൽ 50% വരെ കിഴിവ് ലഭിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നുണ്ട്. 58 വയസിനു മുകളിലുള്ളവർക്ക് ട്രെയിൻ ടിക്കറ്റുകളിൽ 50% വരെ കിഴിവ് നൽകുന്ന ഒരു പുതിയ നയം ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചു എന്നാണ് ഈ പോസ്റ്റുകളിൽ പറയുന്നത്.
മുതിർന്ന പൗരന്മാർക്ക് വിവിധ സീറ്റ് ക്ലാസുകളിൽ ലഭിക്കുന്ന ഇളവുകളെക്കുറിച്ചും പോസ്റ്റിൽ പറയുന്നു. മെഡിക്കൽ സഹായം, മുൻഗണനാ ബെർത്ത്, വീൽചെയർ തുടങ്ങിയ ആനുകൂല്യങ്ങളും ഈ പോളിസിയിൽ ഉണ്ടെന്നും അവർ അവകാശപ്പെടുന്നു.
വാസ്തവം ഇതാണ്
എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 ൽ ഇന്ത്യൻ റെയിൽവേ നിർത്തിവെച്ച മുതിർന്ന പൗരന്മാരുടെ യാത്രാ ഇളവുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ലെന്ന് ദി ക്വിന്റും മറ്റു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. 2020 ൽ കോവിഡ് -19 മഹാമാരിക്കിടെയാണ് മുതിർന്ന പൗരന്മാരുടെ ടിക്കറ്റ് ഇളവ് നിർത്തിയത്. പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു അറിയിപ്പും ലഭ്യമല്ല.
റെയിൽവേ മന്ത്രിയുടെ പ്രതികരണം
2022 മാർച്ച് 30 ന് സിപിഎം നേതാവ് എസ് വെങ്കിടേശൻ്റെ ചോദ്യത്തിന് മറുപടിയായി, റെയിൽവേ മൂന്ന് തരത്തിലുള്ള ഇളവുകൾ നൽകുന്നുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞിരുന്നു. ഭിന്നശേഷിയുള്ള നാല് വിഭാഗക്കാർ, രോഗികളായ പതിനൊന്ന് വിഭാഗക്കാർ, വിദ്യാർത്ഥികൾ എന്നിവർക്ക് മാത്രമാണ് ഇപ്പോൾ ഇളവുകൾ നൽകുന്നത്.
'ഇളവുകൾ നൽകുന്നതിനുള്ള ചിലവ് റെയിൽവേയ്ക്ക് വളരെ അധികമാണ്, അതിനാൽ മുതിർന്ന പൗരന്മാർ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഇളവുകൾ നൽകുന്നത് നിലവിൽ സാധ്യമല്ല', മന്ത്രി അന്ന് പറഞ്ഞിരുന്നു. 2024 നവംബറിലും ഈ വിഷയം പാർലമെന്റിൽ ബിജെപി നേതാവ് ബാബുഭായ് ദേശായി ഉന്നയിച്ചു. എന്നാൽ മുതിർന്ന പൗരന്മാർക്കുള്ള ഇളവിനെക്കുറിച്ച് വൈഷ്ണവ് ഒന്നും പറഞ്ഞില്ല.
കോടതിയും പാർലമെന്റും
2023 ഏപ്രിലിൽ, മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. 2025-26 ലെ ബജറ്റിലും മുതിർന്ന പൗരന്മാർക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇളവുകൾ നൽകുന്ന പദ്ധതികളെക്കുറിച്ചോ നയങ്ങളെക്കുറിച്ചോ പരാമർശമില്ല. അതിനാൽ ഇന്ത്യൻ റെയിൽവേ മുതിർന്ന പൗരന്മാർക്ക് ഇളവുകൾ നൽകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങൾ വ്യാജമാണ്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. വ്യാജ പ്രചാരണം തടയാൻ കൂടുതൽ പേരിലേക്ക് ഈ വാർത്ത ഷെയർ ചെയ്യുക
A campaign claiming 50% discount on train travel for senior citizens from February 15th is circulating on social media. However, national media reports that this claim is false. The discount, suspended by Indian Railways in 2020, has not been reinstated. The Railway Minister has stated that due to financial constraints, it is not feasible to provide discounts to all passengers, including senior citizens. The Supreme Court has also dismissed a petition seeking the restoration of the discount.
#SeniorCitizenDiscount #IndianRailways #FakeNews #FactCheck #TrainTravel #ElderlyCare