മുബൈ: (KVARTHA) ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരം യുവരാജ് സിങ്ങിന്റെ ജീവിതകഥ സിനിമയാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തയാണ് പുറത്തുവരുന്നത്. ടി-സീരീസിന്റെ ഭൂഷൺ കുമാറും 200 നോട്ട് ഔട്ട് സിനിമയുടെ രവി ഭാഗ്ചന്ദ്കയുമാണ് ഈ ബയോപിക് നിർമ്മിക്കുന്നത്.
യുവരാജ് സിങ്ങിന്റെ ജീവിതം ഒരു പ്രചോദനകരമായ കഥയാണെന്ന് നിർമ്മാതാക്കൾ പറയുന്നു. ഒരു ക്രിക്കറ്ററിൽ നിന്ന് ഒരു ക്രിക്കറ്റ് ഹീറോയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയും, ജീവിതത്തിലെ വലിയ വെല്ലുവിളികളെ അതിജീവിച്ചതിന്റെ കഥയും വലിയൊരു പ്രേക്ഷക ശ്രേണിയെ ആകർഷിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.
യുവരാജ് സിങ്ങും ഈ സിനിമയെക്കുറിച്ച് ആവേശത്തിലാണ്. തന്റെ ജീവിതത്തിലെ വിജയങ്ങളും പരാജയങ്ങളും, വെല്ലുവിളികളും പ്രതീക്ഷകളും പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്നാണ് അദ്ദേഹം പറയുന്നത്.
13-ാം വയസ്സിലാണ് പഞ്ചാബിന്റെ അണ്ടർ 16 ക്രിക്കറ്റ് ടീമിൽ കളിച്ച് കൊണ്ട് യുവരാജ് സിംഗ് ക്രിക്കറ്റിലേക്ക് കടന്നു വരുന്നത്. പിന്നീട് അങ്ങോട്ട് യുവി യുഗമായിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ ആറ് സിക്‌സറുകൾ പറത്തി യുവരാജ് ചരിത്ര താളുകളിൽ ഇടം നേടി.
പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യ മുത്തമിടുമ്പോൾ അതിലെ പ്രധാന പങ്ക് വഹിച്ചത് ഈ ഇടംകൈയ്യനായിരുന്നു. ഇന്ത്യൻ മണ്ണിൽ നടന്ന 2011 ലോകകപ്പ് ഇന്ത്യ ഉയർത്തിയപ്പോൾ പ്ലെയർ ഓഫ് ദ ടൂർണമെന്റും യുവി ആയിരുന്നു. ശേഷം ക്യാൻസറിനോട് പോരാടി യുവി കളിക്കളത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചുവന്നു. 2019ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.