Prem Nazir | പ്രേം നസീർ മലയാളിക്ക് ആരായിരുന്നു? ഇനി ഇങ്ങനെ ഒരു നടൻ പിറക്കുമോ!
ഡോണൽ മുവാറ്റുപുഴ
(KVARTHA) മലയാള സിനിമയുടെ ചരിത്രം എടുത്താൽ അവിടെ ആദ്യം തുടങ്ങുന്നത്ത് പ്രേം നസീർ എന്ന നടനിലായിരിക്കും. മരണപ്പെട്ടുവെങ്കിലും ഇന്നും മലയാളികളുടെ മനസിൽ പ്രേം നസീർ ഒരു അഹങ്കാരമായി തന്നെ നിലനിൽക്കുന്നു. നടനെന്നതിനേക്കാൾ ഉപരി നസീർ എന്നത് മാന്യതയുടെ, സൗന്ദര്യത്തിൻ്റെ പര്യായമായിരുന്നു. ഒരാൾക്കും ഒരു മതത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ പേരിൽ തളച്ചിടാൻ പറ്റുന്ന ആളായിരുന്നില്ല പ്രേം നസീർ എന്ന അതുല്യ നായകൻ. നസീർ ഇന്നും മലയാളിക്ക് ഒരു വികാരമാണ്, അഹങ്കാരമാണ്.
പല രാഷ്ട്രീയ നേതാക്കളും മലയാളികളുടെ മനസ്സിൽ സ്വാധീനം ഉറപ്പിച്ച് കടന്നുപോയെങ്കിലും സിനിമയിൽ നിന്ന് മലയാളികളുടെ മനസ്സിൽ ഇത്രയും ആഴത്തിൽ പതിഞ്ഞ മറ്റൊരു പേരുണ്ടോ എന്നത് സംശയകരമാണ്. നന്മയുടെയും സ്നേഹത്തിൻ്റെയും കരുണയുടെയും പേരിലൊക്കെ ഇന്നും പ്രേം നസീറിനെ വാഴുത്തുന്നവർ ഏറെയാണ്. അദ്ദേഹത്തിൻ്റേത് തിളങ്ങുന്ന വ്യക്തിത്വം തന്നെയാണെന്ന് പറയേണ്ടി വരും. ആ തിളക്കം എന്താണെന്ന് വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്. ഇത് സോഷ്യൽ മീഡിയയിലും മറ്റും ശ്രദ്ധയാകർഷിക്കുകയാണ്. പ്രേം നസീർ എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നു. കുറിപ്പ് ഇങ്ങനെയാണ്.
'ഒരിക്കലും തകരാത്ത വിശ്വാസം. അതായിരുന്നു നസീർ സർ. ആ സുന്ദര മുഖമൊന്നു വെള്ളിത്തിരയിൽ കാട്ടാൻ കഴിഞ്ഞാൽ ജനം ഒഴുകിയെത്തും എന്ന, നിർമ്മാതാവിന്റെ വിശ്വാസം. ടിക്കറ്റ് എടുത്താൽ നഷ്ടമാവില്ല, രണ്ടര മണിക്കൂർ തിരശീലയിൽ ആ സുന്ദര മുഖഭാവങ്ങളും ആകാരഭംഗിയും കണ്ടാനന്ദിക്കാം എന്ന സിനിമാ പ്രേമികളുടെ വിശ്വാസം. സെറ്റിൽ, കാത്തു നിൽക്കുകയോ തലകുനിച്ചു നിൽക്കുകയോ ശകാരം കേൾക്കുകയോ വേണ്ടി വരില്ലെന്ന, സംവിധായകൻ മുതൽ ലൈറ്റ് ബോയ് വരെയുള്ളവരുടെ വിശ്വാസം. ഒന്ന് ജോഡിയാവാൻ സാധിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല എന്ന, നായികമാരുടെ വിശ്വാസം.
ഒപ്പം ഒരു ചെറു വേഷമെങ്കിലും ചെയ്യാൻ സാധിച്ചാൽ വെള്ളിത്തിരയിൽ തങ്ങളുടെ രാശി തെളിഞ്ഞേക്കും എന്ന, നവാഗതകരുടെ വിശ്വാസം. സപ്പോർട്ടിങ് ആക്റ്റേഴ്സ് ആവാൻ സാധിച്ചാൽ ഫീൽഡിൽ നിലനിന്നു പോകാം എന്ന പ്രമുഖരുടെ വിശ്വാസം. 'വിഷമിക്കേണ്ട , അടുത്ത പടം നമുക്കൊരുമിച്ചു ചെയ്യാം' എന്ന് വാക്കുപറഞ്ഞാൽ പിന്നെ അതിന് മാറ്റമുണ്ടാവില്ല എന്ന, പൊട്ടിപ്പൊളിഞ്ഞു പാളീസായി നിൽക്കുന്നവന്റെ വിശ്വാസം . പാക്കപ്പ് പറയുമ്പോൾ പുഞ്ചിരിയോടെ കയ്യും വീശി പോയാലും, പടം വിജയമാണെങ്കിൽ ഒപ്പം ആഹ്ലാദിക്കാനും, പരാജയമാണെങ്കിൽ സഹായ ഹസ്തവുമായും തിരികെ വരും എന്ന മുതൽ മുടക്കുന്നവന്റെ വിശ്വാസം. പിന്നെയും. ഒരുപാട്, ഒരുപാടുപേരുടെ വിശ്വാസം'.
ഇതാണ് ആ കുറിപ്പ്. ഇങ്ങനെ വിശ്വസിക്കാനും വിശ്വാസം കൊടുക്കാനും പറ്റിയ മറ്റൊരു സൂപ്പർ നടൻ മലയാളത്തിലുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. പ്രേം നസീറിൻ്റെ തുടക്കകാലത്ത് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ മറ്റൊരു എം.ജി.ആറോ, എൻ.ടി. ആറോ ഒക്കെ ആയി മുടിചൂടാമന്നനായി വാഴുമായിരുന്നു എന്ന് ചിന്തിക്കുന്നവരും ഇന്ന് ഏറെയുണ്ട്. എന്നും മലയാളത്തിൻ്റെ പകരം വെയ്ക്കാനില്ലാത്ത സൂപ്പർ സ്റ്റാർ. അല്ലെങ്കിൽ നിത്യ യൗവനം . അത് പ്രേം നസീർ തന്നെയാണ്. കേരളവും മലയാളവും മലയാള സിനിമയും ഉള്ളിടത്തോളം കാലം പ്രേം നസീറും മലയാളികളുടെ മനസ്സിൽ ഉണ്ടാവും എന്നത് തീർച്ചയാണ്.