Vishesham Review | കല്യാണം കഴിഞ്ഞ് പിറ്റേദിവസം മുതൽ 'വിശേഷം' എന്തായി എന്ന ചോദ്യം കേൾക്കുന്നുണ്ടോ? ഈ ഫീൽ ഗുഡ് സിനിമ പറയും ബാക്കി!


പൊട്ടിത്തെറിക്കുമ്പോൾ പ്രേക്ഷകരായ നമ്മളും അവരുടെ കുടുംബത്തിലെ ഒരു അംഗമാണോ എന്ന ഒരു തോന്നൽ വരുക സ്വഭാവികം
കെ ആർ ജോസഫ്
(KVARTHA) സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ (Anand Madhusoodanan) ആദ്യമായി നായകനാകുന്ന സിനിമ (Movie) 'വിശേഷം' (Vishesham) തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ചിത്രത്തിന്‍റെ കഥയും, തിരക്കഥയും, നിർവഹിച്ചിരിക്കുന്നതും ആനന്ദ് മധുസൂദനൻ തന്നെയാണ്. കണ്ടന്റിന്റെ ക്വാളിറ്റി ആണ് ഒരു സിനിമയുടെ കാതൽ എന്ന് അടിവരയിടുന്ന ചിത്രമാണ് വിശേഷം. സമകാലികമായ ഒരു പ്രേമയത്തെ (Theme) വളരെ രസകരമായി ആവിഷ്കരിക്കുന്ന സിനിമ ഫീൽ ഗുഡ് (Feel Good) മൂഡ് നൽകുന്നു.
ഒരുപാട് സ്റ്റാർ കാസ്റ്റ് ഉള്ള സിനിമകൾ ഒക്കെ പരാജയപ്പെടുന്നിടത്ത് ഇത്തരം സിനിമകൾ വിജയിക്കേണ്ടത് അനിവാര്യതയാണ്. വിശേഷം മികച്ച വിജയം അർഹിക്കുന്ന പടമാണ് എന്ന് തന്നെ പറയാം. പാവ, എന്റെ മെഴുതിരി അത്താഴങ്ങൾ, കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്നീ ചിത്രങ്ങളുടെ സംവിധായകൻ സൂരജ് ടോം (Sooraj Tom) ആണ് വിശേഷത്തിന്റെ സംവിധായകൻ (Director). തുടക്കം മുതൽ അവസാനം വരെ ഒട്ടും ബോറടിപ്പിക്കാതെ വളരെ രസകരമായി സിനിമയെ കൊണ്ടുപോകാൻ സൂരജ് ശ്രദ്ധിച്ചിട്ടുണ്ട്.
ആനന്ദ് മധുസൂദനൻ ശരിക്കും ഞെട്ടിച്ചു എന്ന് തന്നെ പറയേണ്ടി വരും. സംഗീതം മാത്രമല്ല, അഭിനയവും, തിരക്കഥയും തനിക്കു വഴങ്ങും എന്ന് തെളിയിച്ചു. എവിടെയോ കണ്ടുമറന്ന ഒരാളായി തോന്നിക്കുന്ന കഥാപാത്രം. ശരിക്കും അദ്ദേഹം ഈ സിനിമയിൽ ജീവിക്കുകയായിരുന്നു. അഭിനയത്തിൽ പുതുമുഖമായ ആനന്ദ് മധുസൂദനൻ നായക സങ്കല്പങ്ങൾക്ക് മാറ്റം വരുത്തി ആർമാദിച്ചു എന്ന് തന്നെ പറയാം. സിനിമയുടെ എഴുത്തുകാരനും, സംഗീത സംവിധായകനും നായകനുമായ ആനന്ദ് മധുസൂദനൻ, നായിക ചിന്നു ചാന്ദിനി (Chinnu Chandni) എന്നിവരുടെ പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
കല്യാണം കഴിഞ്ഞ് പിറ്റേദിവസം മുതൽ വിശേഷം എന്തായി എന്ന ചോദ്യം ഭാര്യാ ഭർത്താക്കാന്മാർ കേട്ട് തുടങ്ങുന്നതാണ്. പേഴ്സണലി പലരെയും ഹർട്ട് ചെയ്യുന്ന കാലാകാലങ്ങളായി ഉയർന്നു കേൾക്കുന്ന ഇത്തരം സോ കോൾഡ് ചോദ്യങ്ങളെ ചോദ്യം ചെയ്യുന്ന സിനിമയാണ് വിശേഷം. വളരെ രസകരമായ ഒരു പ്ലോട്ടിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന സിനിമയാണ് ഇത്. ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയെ പല രീതിയിലും സിനിമ ചോദ്യം ചെയ്യുന്നുണ്ട്. ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന കുറച്ചു സംഭവങ്ങളും ഈ കുടുംബ കഥയുടെ പശ്ചാത്തലത്തിൽ വിശേഷത്തിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത്.
കഥയുടെ തുടക്കം മുതൽ അവസാനം വരെ നല്ല പോലെ ആ സിനിമയുടെ കഥാതന്തു വിട്ടു പോകാതെ കോർത്തിണക്കിയിരിക്കുന്നു സൂരജ്. സിനിമയുടെ ആദ്യ പകുതി ഒരു റേഞ്ച് ആണെങ്കിൽ രണ്ടാമത്തെ പകുതി അതിലും മേലെയാണ് നിൽക്കുന്നത്. ആനന്ദ് മധുസൂദനന്റെയും ചിന്നു ചാന്ദിനിയുടെയും മാനസിക സംഘർഷങ്ങൾ ചില നേരങ്ങളിൽ പൊട്ടിത്തെറിക്കുമ്പോൾ പ്രേക്ഷകരായ നമ്മളും അവരുടെ കുടുംബത്തിലെ ഒരു അംഗമാണോ എന്ന ഒരു തോന്നൽ വരുക സ്വഭാവികം. മിഡ് ഏജ് ക്രൈസിസ് നേരിടുന്ന ആദ്യ വിവാഹത്തില്‍ 'തന്‍റെതല്ലാത്ത കാരണത്താല്‍' പരാജയം നേരിട്ട ഷിജു ഭക്തനില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്.
വിവാഹ പന്തലില്‍ വച്ച് കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു ഷിജുവിന്‍റെ ആദ്യ ഭാര്യ. അതിന് ശേഷം രണ്ട് കൊല്ലത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ് ഷിജു. അവിടെ കുടുംബക്കാര്‍ ഷിജുവിനെ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിക്കുന്നു. ഒടുവില്‍ അവിചാരിതമായി സിവില്‍ പൊലീസ് ഓഫീസറായ സജിത ഷിജുവിന്‍റെ ജീവിതത്തിലേക്ക് കയറിവരുന്നു. സജിതയും ഒരു വിവാഹ ബന്ധം പരാജയപ്പെട്ട അവസ്ഥയില്‍ നിന്നാണ് വരുന്നത്. സ്നേഹിച്ചും അറിഞ്ഞും അവരുടെ ജീവിതം മുന്നോട്ട് പോകുമ്പോള്‍ പതിവ് പോലെ നാട്ടുകാരുടെ 'വിശേഷ' അന്വേഷണങ്ങള്‍ വരുന്നു. ഇതിനെ തുടര്‍ന്നുള്ള ജീവിത സന്ദര്‍ഭങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നു ഈ സിനിമയിലെ ഷിജു. വളരെ നല്ല രീതിയിൽ ആനന്ദ് ഷിജുവിനെ അവതരിപ്പിച്ചു. സജിതയായി ചിന്നു ജീവിക്കുകയായിരുന്നു. അൽത്താഫിന്റെ കൗണ്ടറുകളിലൂടെ ആദ്യപകുതി മുന്നോട്ട് പോകുന്നു. തുടർന്ന് ഷിജുവിന്റെയും സജിതയുടെയും ജീവിതത്തിലൂടെയുള്ള യാത്ര. ടൈറ്റിലിലെ പോലെ അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഇടയിലൂടെയുള്ള യാത്ര. കുഞ്ഞികൃഷ്ണൻ മാഷ്, ബൈജു എഴുപ്പുന്ന, അൽത്താഫ്, ജിലു, വിനീത് എന്നിവരോടൊപ്പം അപ്രതീക്ഷിതമായി കഥയിലേക്കെത്തുന്ന രണ്ടു താരങ്ങൾ കൂടി സിനിമയുടെ തിളക്കം വർധിപ്പിക്കുന്നു.
ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആന്‍റണി, പി പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത നമ്പ്യാർ, അമൃത, ആൻ സലീം എന്നിങ്ങനെ ചിത്രത്തിലെത്തുന്ന താരങ്ങള്‍ എല്ലാം തന്നെ ഗംഭീരമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്.
ക്യാമറമാൻ സാഗർ അയ്യപ്പൻ പതിവ് പോലെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വളരെ മനോഹരമായി സിനിമാട്ടോഗ്രാഫി ചെയ്തിട്ടുണ്ട് സാഗർ അയ്യപ്പൻ. ഒരു ചെറിയ സിനിമ എന്ന ലേബലിൽ കണ്ടു തള്ളാതെ സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രസക്തി മനസിലാക്കി കാണേണ്ട സിനിമയാണ് വിശേഷം. സിനിമയുടെ കോമഡി ട്രാക്ക് ഒക്കെ എൻഗേജിംഗായി തന്നെയാണ് മുന്നോട്ട് പോകുന്നത്. മൊത്തത്തിൽ ഒരു മികച്ച ഫീൽ ഗുഡ് ഔട്ട് പുട്ട് നൽകുന്ന സിനിമ കൂടിയാണ് വിശേഷം. പരമാവധി എല്ലാവരും സിനിമ തീയറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.