Obituary | ഇനിയില്ല വാത്സല്യം തുളുമ്പുന്ന വെള്ളിത്തിരയിലെ ആ അമ്മ; പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് മോഹന്‍ലാലിനൊപ്പമുള്ള അഭിനയം

 
Veteran actress Kaviyoor Ponnamma passes away at 80
Veteran actress Kaviyoor Ponnamma passes away at 80

Photo Credit: Facebook / Kaviyoor Ponnamma

● ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു
● സത്യന്‍, മധു, പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെയെല്ലാം അമ്മയായി തിളങ്ങി

കൊച്ചി: (KVARTHA) അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രിയായിരുന്നു. 
ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ്.

സത്യന്‍, മധു, പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെയെല്ലാം അമ്മയായി വെള്ളിത്തിരയില്‍ തിളങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകരായ പിഎന്‍ മേനോന്‍, വിന്‍സെന്റ്, എംടി വാസുദേവന്‍ നായര്‍, രാമു കാര്യാട്ട്, കെഎസ് സേതുമാധവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍, മോഹന്‍ തുടങ്ങി മിക്കവരുടെയും സിനിമകളില്‍ അഭിനയിച്ചു. 

നിരവധി നടന്‍മാരുടെ അമ്മ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് മോഹന്‍ലാലിനൊപ്പമുള്ള അഭിനയമാണ്. ഒരു അമ്മ മകന്‍ ബന്ധമാണ് ഇരുവരും തമ്മില്‍ അഭിനയിക്കുമ്പോള്‍ ആരാധകര്‍ക്ക് ലഭിക്കുന്നത്.
 

നെഗറ്റീവ് റോളുകള്‍ അടക്കം വ്യത്യസ്ത വേഷങ്ങളും ചെയ്തിട്ടുണ്ട്. മേഘതീര്‍ഥം എന്ന ചിത്രവും നിര്‍മിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലു തവണനേടിയിട്ടുണ്ട്. സിനിമാ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭര്‍ത്താവ്. മകള്‍ ബിന്ദു. മരുമകന്‍ വെങ്കട്ടറാം (യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനില്‍ പ്രൊഫസര്‍).

പത്തനംതിട്ടയിലെ കവിയൂരില്‍ ടിപി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി ആറിനാണ് പൊന്നമ്മയുടെ ജനനം. അന്തരിച്ച നടി കവിയൂര്‍ രേണുക അടക്കം ഇളയ ആറു സഹോദരങ്ങള്‍ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോള്‍ കവിയൂരില്‍ നിന്ന് കോട്ടയത്തെ പൊന്‍കുന്നത്തേക്കു താമസം മാറി. അച്ഛനില്‍നിന്നു പകര്‍ന്നുകിട്ടിയ സംഗീത താല്‍പര്യത്താല്‍ കുട്ടിക്കാലം തൊട്ടു തന്നെ സംഗീതം പഠിച്ചിരുന്നു. എം എസ് സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം.

പന്ത്രണ്ടു വയസ്സുള്ളപ്പോള്‍, സംഗീത സംവിധായകന്‍ ജി ദേവരാജന്‍ നാടകത്തില്‍ പാടാനായി പൊന്നമ്മയെ ക്ഷണിച്ചു. തോപ്പില്‍ ഭാസിയുടെ 'മൂലധന'ത്തിലാണ് ആദ്യമായി പാടിയത്. പിന്നീട് അതേ നാടകത്തില്‍ നായികയെ കിട്ടാതെ വന്നപ്പോള്‍ ഭാസിയുടെ നിര്‍ബന്ധത്താല്‍ നായികയാകേണ്ടിവന്നു. പിന്നെ കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ പ്രതിഭാ ആര്‍ട് സ് ക്ലബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടക സമിതികളിലും പ്രവര്‍ത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടര്‍, അള്‍ത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

പതിനാലാം വയസ്സില്‍, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകന്‍ തങ്കപ്പന്‍ മാസ്റ്ററുടെ നിര്‍ബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്. മെറിലാന്‍ഡിന്റെ 'ശ്രീരാമപട്ടാഭിഷേക'ത്തില്‍ മണ്ഡോദരിയുടെ വേഷമായിരുന്നു. കുടുംബിനി എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മ വേഷത്തില്‍ അഭിനിയിച്ചത്. തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തില്‍ സത്യന്‍, മധു എന്നിവരുടെ അമ്മവേഷമായിരുന്നു. പിന്നീട് നെഗറ്റീവ് വേഷങ്ങളടക്കം ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു. 

അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെല്‍റ്റ്, കരകാണാക്കടല്‍, തീര്‍ഥയാത്ര, നിര്‍മാല്യം, നെല്ല്, അവളുടെ രാവുകള്‍, കൊടിയേറ്റം, ഓപ്പോള്‍, കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവര്‍ത്തനം, നഖക്ഷതങ്ങള്‍, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോല്‍, ഭരതം സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. എട്ടോളം സിനിമകളില്‍ പാടിയിട്ടുണ്ട്. ഇരുപത്തഞ്ചിലേറെ ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു.

 #KaviyoorPonnamma #MalayalamCinema #VeteranActress #Obituary #MalayalamFilms #CinemaLegend

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia