Tribute | വാണി ജയറാം വിട വാങ്ങിയിട്ട് 2 വർഷം; ആഷാഢ മാസത്തിലെ അനുരാഗ ഗായിക

 
Vani Jayaram’s 2nd Death Anniversary
Vani Jayaram’s 2nd Death Anniversary

Image Credit: X/ Jaya TV

● 1945 നവംബർ 30ന് തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ചു
● 19 ലേറെ ഭാഷകളിലായി 10000ലേറെ ഗാനങ്ങൾ ആലപിച്ചു
● മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടി

(KVARTHA) ഏതോ ജന്മകൽപ്പനയിലൂടെ മലയാളിയെ തേടി വന്ന മറുനാടൻ സ്വരസൗരഭം. ഇന്ത്യയിലെ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയായിരുന്ന വാണി ജയറാമിന്റെ അപ്രതീക്ഷിത വേർപാടിന് രണ്ടുവർഷം. മലയാളം, തമിഴ്, തെലുഗു, കന്നഡ, മറാത്തി, ഹിന്ദി തുടങ്ങി 19 ലേറെ  ഭാഷകളിലായി 10000ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി. ഇന്ത്യൻ സംഗീതത്തിന് നൽകിയ  കനപ്പെട്ട സംഭാവനകൾ പരിഗണിച്ച് മരണത്തിന് ഒരാഴ്ച മുമ്പ് റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചു. എങ്കിലും അത് കൈപ്പറ്റാൻ യോഗമില്ലാതെ അനിവാര്യമായ വിധിക്ക് കീഴടങ്ങുകയായിരുന്നു.   

1945 നവംബർ 30ന് തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ചു. കലൈവാണി എന്നതാണ് ശരിയായ പേര്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. വിവാഹം കഴിഞ്ഞ് അവർ ബോംബെയിൽ താമസമാക്കിയപ്പോൾ ഭർത്താവ് ജയറാം, ഉസ്താദ് അബ്ദുൽ റഹ്‌മാൻ ഖാൻ സാഹിബിനെ വാണിയുടെ ഗുരുവാക്കി. ഉസ്താദിന്റെ മുന്നിൽവെച്ച് വാണി ഒരു ദീക്ഷിതർ കീർത്തനം പാടി. ഇത് ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് എസ്.ബി.ടിയിലെ ഉയർന്ന ജോലി രാജിവെച്ച്  ഒരു കൊല്ലത്തോളം ഹിന്ദുസ്ഥാനി പഠിച്ചു.

ഉസ്താദ് ഹിന്ദി സംഗീതജ്ഞനായ വസന്ത് ദേശായിക്ക് വാണിയെ പരിചയപ്പെടുത്തിയതിനെതുടർന്ന് വസന്ത് ദേശായി, വാണിയുടെ പാട്ടുകേട്ട് ഡയറക്ടർ ഋഷികേശ് മുഖർജിയോട് പറയുകയായിരുന്നു. 1971ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ജയ ഭാദുരിയുടെ (പിന്നീട് ജയാബച്ചൻ) അരങ്ങേറ്റ സിനിമയായിരുന്നു ഗുഡ്ഡി. കലൈവാണി എന്ന തമിഴ് പേരിനേക്കാൾ ബോളിവുഡിൽ ശ്രദ്ധേയമാകുക ഭർത്താവിന്റെ പേര് കൂടി ഉൾപ്പെട്ട വാണി ജയറാമാണ് എന്നതിനാൽ പിന്നീട് ആ പേരിൽ അറിയപ്പെടുകയായിരുന്നു. 

ബോളിവുഡിലെ പ്രശസ്തരായ ഗായകന്മാരോപ്പവും പ്രഗൽഭരായ സംഗീതജ്ഞരുടെ കൂടെയും പാടി കൊണ്ടിരിക്കവേ അവർ 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്. 1973-ൽ 'സ്വപ്നം' എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ സൗരയുഥത്തിൽ വിടർന്നൊരു എന്ന ഗാനം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്. ആഷാഢമാസം ആത്മാവിൻ മോഹം.. ഏതോ ജന്മ കല്പനയിൽ... സീമന്തരേഖയിൽ... നാദാപുരം പള്ളിയിലെ... തിരുവോണ പുലരിതൻ... പകൽ സ്വപ്നത്തിൻ പവനുരുക്കും... മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ  തുടങ്ങി ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾ വാണിയമ്മയുടെ പാട്ടുകളായി നെഞ്ചേറ്റി.

പുലിമുരുകൻ എന്ന ചലച്ചിത്രത്തിലെ മാനത്തെ മാരിക്കുറുമ്പേ എന്ന ഗാനം ആണ് വാണി ജയറാം അവസാനമായി ആലപിച്ചത്. മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം തമിഴ് തെലുങ്ക് ഭാഷകളിലായി മൂന്ന് തവണ നേടിയിട്ടും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒരിക്കൽ പോലും ലഭിച്ചില്ല എന്ന ഖേദം വാണി പലപ്പോഴും പങ്കുവെച്ചിരുന്നു. അഞ്ച് വർഷം മുമ്പ് ഭർത്താവ് ജയറാം മരിച്ചതിനെത്തുടർന്ന് ചെന്നൈയിലെ ഫ്ലാറ്റിൽ തനിച്ചായിരുന്നു വാണിയുടെ താമസം. ദമ്പതികൾക്ക് മക്കൾ ഇല്ലായിരുന്നു. വിവാഹ വാർഷിക ദിവസം നെറ്റിയിൽ മുറിവുകളോടെ  കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷിച്ചുവെങ്കിലും സംശയിക്ക തക്കതായ ഒന്നും ഉണ്ടായിരുന്നില്ല. 

600 ൽ ഏറെ ഗാനങ്ങൾ മലയാളത്തിൽ മാത്രം പാടിയ പ്രിയ ഗായിക തന്റെ 78-ാമത് വയസ്സിലാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ചെന്നൈ ബസന്ത് നഗറിൽ ഔദ്യോഗ ബഹുമതികളുടെ നടന്ന സംസ്കാര ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുത്തത് ആ ഗായികയോടുള്ള അപൂർവ ആദരവ് കൊണ്ട് മാത്രമാണ്. ആത്മാവിൽ മോഹം ഉണർത്തുന്ന ആഷാഢമാസത്തിലെ അനുരാഗ മധുരമായ അന്തരീക്ഷം വരും തലമുറക്ക് പകർന്നു നൽകിക്കൊണ്ട് വാണിജയറാം ഈ ലോകത്തുനിന്നും എന്നെന്നെക്കുമായി യാത്രയായെങ്കിലും അവർ പാടി അനശ്വരമാക്കിയ നിരവധി ഗാനങ്ങൾ കാലത്തെ അതിജീവിച്ചുകൊണ്ട് എന്നും നിലനിൽക്കുമെന്നകാര്യത്തിൽ യാതൊരു സംശയവുമില്ല.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Renowned playback singer Vani Jayaram passed away two years ago, leaving behind a legacy of over 10,000 songs in 19 languages, including Malayalam. She received numerous accolades, including the Padma Bhushan.

#VaniJayaram, #PlaybackSinger, #AshadhaMonth, #MusicLegacy, #IndianMusic, #MalayalamMusic

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia