Legendary Characters | മലയാളത്തിലിറങ്ങിയത് 2 പഴശ്ശിരാജ സിനിമകൾ; രണ്ട് കാലഘട്ടങ്ങൾ, രണ്ട് താരങ്ങൾ, ഒരേ ഇതിഹാസ കഥാപാത്രം!

 
Pazhassi Raja in 1964 and 2009 versions
Pazhassi Raja in 1964 and 2009 versions

Photo Credit: Facebook/ Kerala Varma Pazhassi Raja

● മമ്മൂട്ടിയും കൊട്ടാരക്കര ശ്രീധരൻ നായരും മലയാളത്തിൻ്റെ അതുല്യ പ്രതിഭകൾ തന്നെയാണ്. 
● ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. 
● മമ്മൂട്ടിയും കൊട്ടാരക്കര ശ്രീധരനായരും തങ്ങൾക്ക് പറ്റുന്ന രീതിയിൽ പഴശ്ശിയെ സ്ക്രീനിൽ അവതരിപ്പിച്ചു എന്നതാണ് സത്യം. 

ഡോണൽ മൂവാറ്റുപുഴ 

(KVARTHA) പഴശ്ശിരാജയുടെ രണ്ട് സിനിമകളാണ് മലയാളത്തിൽ ഇറങ്ങിയത്. പഴശ്ശിരാജയുടെ ജീവിത - പോരാട്ട കഥയെ ഉപജീവിച്ച് മലയാളത്തിൽ രണ്ടു സിനിമകൾ ഉണ്ടായിട്ടുണ്ട്. 1964-ൽ ഇറങ്ങിയ പഴശ്ശിരാജയിൽ പഴശ്ശിയുടെ വേഷത്തിൽ നായകനായെത്തിയത് കൊട്ടാരക്കര ശ്രീധരൻ നായർ ആയിരുന്നു. രണ്ടാമത്തേത് 2009-ൽ ഇറങ്ങിയ പഴശ്ശിരാജ ആയിരുന്നു. അതിൽ മമ്മൂട്ടി ആയിരുന്നു പഴശ്ശി രാജയുടെ വേഷം ചെയ്തത്. 

ഇതിൽ ആര് മികച്ചു നിന്നെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം ആർക്കും പറയാൻ സാധിച്ചെന്ന് വരില്ല. മമ്മൂട്ടിയും കൊട്ടാരക്കര ശ്രീധരൻ നായരും മലയാളത്തിൻ്റെ അതുല്യ പ്രതിഭകൾ തന്നെയാണ്. ഈ അവസരത്തിൽ ഈ രണ്ട് പഴശ്ശിരാജ സിനിമകളെയും പറ്റി പ്രതിപാദിച്ചു കൊണ്ട് ആർ ഗോപാലകൃഷ്ണൻ എഴുതിയ കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്.

ആദ്യത്തേത് 1964-ൽ:

ടൈറ്റിൽ: 'പഴശ്ശിരാജാ'. തിക്കോടിയൻ്റെ തിരക്കഥയിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ഉദയാ ചിത്രം.  കൊട്ടാരക്കര ശ്രീധരൻ നായർ പഴശ്ശിരാജയായി വേഷമിട്ടു. സത്യൻ, പ്രേംനസീർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. (റിലീസിങ് തീയതി: 1964 ഓഗസ്റ്റ് 21). കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബനും തിരുവതാംകൂർ സഹോദരിമാരുടെ സഹോദരൻ സത്യപാലു ഇതിൽ അഭിനേതാക്കാളായി വരുന്നുണ്ട്. 

കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്ന അഭിനേതാവിനു ലഭിച്ച ഒരു അപൂര്‍വ സൗഭാഗ്യമാണ് കേരള ചരിത്രത്തിലെ നാല് വീര കേസരികളെ അഭ്രപാളികളില്‍  അന്വശ്വരമാക്കാനുള്ള അസുലഭാവസരം ലഭിച്ചത്. വേലുത്തമ്പി ദളവ, പഴശ്ശിരാജാ, കുഞ്ഞാലി മരയ്ക്കാര്‍, മാര്‍ത്താണ്ഡ വര്‍മ എന്നീ ചരിത്ര പുരുഷന്മാരുടെ വേഷങ്ങള്‍ കൊട്ടാരക്കരയുടെ അഭിനയ മികവിനും കൂടിയുള്ള ഉദാഹരണങ്ങള്‍ ആയിരുന്നു. 

ഇതില്‍ തന്നെ പഴശ്ശിരാജയിലെയും വേലുത്തമ്പി ദളവയിലെയും പ്രകടനം എടുത്തു പറയേണ്ടതാണ്. രണ്ടു ചിത്രങ്ങളുടെ അവസാനവും അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ ആത്മഹത്യ ചെയ്യുന്നതായിട്ടാണ്. വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾക്ക് ആർ കെ ശേഖർ (എ ആർ റഹ്മാന്റെ പിതാവ്) സംഗീതം പകർന്നിരിക്കുന്നു. 

രണ്ടാമത്തേത്-2009-ൽ:

പൂർണ്ണമായ ടൈറ്റിൽ:  'കേരളവർമ്മ പഴശ്ശിരാജാ' എന്നാണ്. എം ടി-യുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത് മമ്മൂട്ടി ടൈറ്റിൽ റോളിൽ വന്ന സിനിമ. മമ്മൂട്ടി, ശരത് കുമാർ, കനിഹ, പത്മപ്രിയ എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. 27 കോടി ചെലവിട്ടു നിർമ്മിച്ച ചലച്ചിത്രം അക്കാലം വരെയുള്ള  മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്- നിർമ്മാണം: ഗോകുലം ഗോപാലൻ (ശ്രീ ഗോകുലം ഫിലിംസ്). അന്നത്തെ കാലത്തെ മികച്ച കളക്‌ഷൻ (50 കോടി അടുത്ത്)  നേടിയ എക്കാലത്തെയും മികച്ച ചിത്രമായിരുന്നു 'കേരളവർമ്മ പഴശ്ശിരാജാ'.  

ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. (റിലീസിങ് തീയതി: 2009 ഒക്ടോബർ 16) ഒ.എൻ.വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പുനൂർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഇളയരാജ ആണ്. മികച്ച പശ്ചാത്തസംഗീതത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിലൂടെ ഇളയരാജയ്ക്ക് ലഭിച്ചു. മലയാളത്തെ സംബന്ധിച്ച് ഇത് വലിയൊരു അംഗീകാരമാണ്'.

പഴയകാലത്തുള്ളവർക്കും പുതിയ തലമുറയ്ക്കും പഴശ്ശിരാജാ വിനെക്കുറിച്ചുള്ള അറിവ് കൂടുതൽ പകർന്ന് കിട്ടാൻ ഇത് ഇടയാക്കി. മമ്മൂട്ടിയും കൊട്ടാരക്കര ശ്രീധരനായരും തങ്ങൾക്ക് പറ്റുന്ന രീതിയിൽ  പഴശ്ശിയെ സ്ക്രീനിൽ അവതരിപ്പിച്ചു എന്നതാണ് സത്യം. ഇതിൽ ആരാണ് ഒന്നും കൂടി മികച്ചു നിന്നതെന്ന് ചോദിച്ചാൽ അക്കാര്യം ഇപ്പോഴും തർക്കവിഷയമാണ്. പഴമക്കാർ പറയും കൊട്ടാരക്കരയെന്നാണെങ്കിൽ പുതു തലമുറ പറയും മമ്മൂക്ക തന്നെ ആയിരുന്നു സൂപ്പറെന്ന്.

#PazhassiRaja, #Mammootty, #KolatharakkaraSreedharanNair, #MalayalamCinema, #IndianCinema, #HistoricalFilms

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia