SWISS-TOWER 24/07/2023

Turbo Review | ടർബോ ജോസായി മമ്മൂട്ടിയുടെ ഗംഭീര പ്രകടനം; വെട്രിവേലും തകർത്തു

 
Turbo
Turbo


ADVERTISEMENT

* മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം

(KVARTHA) മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോ റിലീസ് ആയിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി ഒരു മാസ് ആക്ഷൻ പടത്തിൽ നായകനായി എത്തുന്നു എന്നതും ഈ സിനിമയുടെ ഒരു പ്രത്യേകതയാണ്. മമ്മൂട്ടിയുടെ മാസ് ലുക്ക് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈപ്പ്. അതുകൊണ്ട് തന്നെ  മമ്മൂട്ടി ആരാധകരും മലയാള സിനിമാ പ്രേമികളുമെല്ലാം ഏറെ ആവേശത്തോടെയാണ് ഈ സിനിമ ഏറ്റെടുത്തിരിക്കുന്നതെന്നാണ് പുറത്തുനിന്നു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Aster mims 04/11/2022

ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.  ഈ സിനിമയിൽ വില്ലനായി എത്തുന്നത് കന്നഡ താരം  രാജ് ബി ഷെട്ടിയാണ്. ഇടുക്കിക്കാരനായ ജോസിന്റെ ജീവിതമാണ് സംവിധായകൻ സിനിമയിലൂടെ കാണിക്കുന്നത്. ‘ടർബോ ജോസ്’ എന്ന് നാട്ടുകാർ വിളിക്കുന്ന അയാൾ പള്ളി പെരുന്നാളും കൂടി ചെറിയ തല്ലും ബഹളവുമൊക്കെ ആയി പോകുന്ന ഒരാളാണ്. നാട്ടിലുണ്ടാകുന്ന ചെറിയ പ്രശ്നത്തിൻ്റെ ഭാഗമായി സ്വന്തം നാട് വിട്ട് ചെന്നൈയിലേക്ക് പോകേണ്ടി വരുന്നു.  

എന്നാൽ ജോസിന് അവിടെ നേരിടേണ്ടി വരുന്നത് വെട്രിവേലിന്റെ നേതൃത്വത്തിലുള്ള വൻകിട മാഫിയയെയാണ്. രാജ് ബി ഷെട്ടി ആണ് വെട്രിവേൽ ആയി എത്തുന്നത്. അദ്ദേഹം ആ കഥാപാത്രത്തെ അതി ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഓട്ടോ ബില്ലയായി എത്തി തെലുങ്ക് താരം സുനിലും തിളങ്ങി. ആക്ഷനും മാസും കോമഡിയും ഫാമിലി ഇമോഷന്‍സും സമം ചേര്‍ത്തൊരുക്കിയ പക്കാ എന്റർടൈനർ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം. എന്നിരുന്നാലും ആക്ഷൻ തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മമ്മൂക്ക ഫൈറ്റ് ചെയ്യുമ്പോൾ കൈ അനങ്ങുന്നില്ല കാലുകൾ പൊങ്ങുന്നില്ല എന്ന് പറഞ്ഞു വിമർശിക്കുന്നവരുടെ നെഞ്ചിലേക്കുള്ള പഞ്ച് ആണ് ടർബോ എന്ന് വേണമെങ്കിൽ പറയാം. 

turbo review mammootty and raj b shettys action movie

സാങ്കേതിക വിഭാഗത്തിലേക്ക് വന്നാൽ ആക്ഷൻ കൈകാര്യം ചെയ്ത ഫീനിക്സ് പ്രഭുവും, സംഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യറും എഡിറ്റർ ഷമീർ മുഹമ്മദും ഛായാഗ്രാഹകൻ വിഷ്ണു ശർമ്മയും കയ്യടി അർഹിക്കുന്നുണ്ട്. ഗംഭീര വർക്ക് തന്നെ ഇവർ സിനിമക്കായി ചെയ്ത് വച്ചിട്ടുണ്ട്. ക്ലൈമാക്സ് ഫൈറ്റ് മാത്രം മതി ഇവരുടെ വർക്കിന്റെ ക്വാളിറ്റി മനസിലാക്കാൻ. ടർബോ സാങ്കേതികപരമായി മികച്ചു നിൽക്കുന്നു  എന്നു തന്നെ വേണം പറയാൻ. ക്രിസ്‌റ്റോ സേവ്യർ ഒരുക്കിയ പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതു തന്നെയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ട‍ർബോയിലെ നിർണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് വിയറ്റ്നാം ഫൈറ്റേർസാണ്. 

ഹോളിവുഡ് സിനിമകളിലെ ചേസിംഗ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ആണ് ടർബോയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഛായാഗ്രഹണം - വിഷ്‍ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - ആരോമ മോഹൻ, ഡിസൈനർ - മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് - റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ - ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ - ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് - യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‍ണു സുഗതൻ, പിആർഒ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

മൊത്തത്തിൽ തീയറ്ററിൽ നിന്ന് തന്നെ അസ്വദിക്കാവുന്ന സിനിമയാണ് ടർബോ. ഒന്നാം പകുതി തമാശ നിറഞ്ഞതാണെങ്കിൽ പിന്നെ അങ്ങോട്ട് ത്രില്ലടിപ്പിച്ചുകൊണ്ട് മുന്നേറുകയാണ് ടർബോ.  ഈ പ്രായത്തിലും മമ്മൂക്കായ്ക്ക് അല്ലാതെ ഇത് ആർക്ക് സാധിക്കും. ആവേശം വാരി വിതറുന്ന ചിത്രമാണ് ടർബോ.  മമ്മൂട്ടിയുടെ പ്രകടനം  ഒരിക്കൽക്കൂടി കയ്യടി നേടുന്നുവെന്ന് നിസംശയം പറയാം. മമ്മൂട്ടിക്കൊപ്പം തന്നെ ഇതിലെ മറ്റ് കഥാപാത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചു തന്നെ നിൽക്കുന്നു. തീർച്ചയായും ഈ സിനിമ ഒരിക്കലും ബോറടിക്കില്ല. നല്ലൊരു തീയേറ്റർ അനുഭവം ഈ ചിത്രം നിങ്ങൾക്ക് സമ്മാനിക്കുമെന്ന് തീർച്ച.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia