Actress | നടി ഉർവശിയുടെ ചലചിത്ര യാത്രയുടെ തുടക്കം ഒരു 'മോഹാലസ്യ'ത്തിൽ നിന്നായിരുന്നു! ബാലതാരം മുതൽ ദേശീയ അവാർഡ് വരെ, സിനിമയുടെ രാജ്ഞി
* 'സായൂജ്യം' എന്ന ചിത്രത്തിലൂടെയാണ് ഉർവശി സിനിമയിൽ അരങ്ങേറുന്നത്.
* വിവിധ കഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിച്ച ഉർവശിയെ മലയാളികൾ എപ്പോഴും സ്നേഹിച്ചിട്ടുണ്ട്.
കെ ആർ ജോസഫ്
(KVARTHA) മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി ഉർവശി. ഉർവശിയ്ക്ക് പകരം വെയ്ക്കാൻ ഉർവശി മാത്രം. ഏത് റോൾ ആയാലും അനായാസമായി കൈകാര്യം ചെയ്യാൻ കഴിവുള്ള മറ്റൊരു നടി മലയാളത്തിൽ തന്നെ ഇന്ന് ഉണ്ടോയെന്നത് സംശയമാണ്. നായികയായാലും സഹനടി ആയാലും ഹാസ്യമായാലും എല്ലാം തന്നെ ഉർവശിയുടെ കൈകളിൽ ഭദ്രമായിരിക്കും. വളരെ ചെറുപ്പകാലത്ത് തുടങ്ങിയ ഉർവശിയുടെ ചലച്ചിത്ര യാത്ര ഈ പ്രായത്തിൽ ദേശീയ അവാർഡ് വരെ എത്തി നിൽക്കുന്നു. ജയനും സോമനും നായകന്മാരായി തുല്യ റോളുകളിൽ അഭിനയിച്ച സായൂജ്യമെന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഉർവശി വെള്ളിത്തിരയിൽ എത്തുന്നത്.
അതും ഒരു ഗാന രംഗത്ത്. ആ സിനിമയിലെ കാലിത്തൊഴുത്തിൽ പിറന്നവനെ എന്ന ഗാനം കേൾക്കുമ്പോൾ ശ്രദ്ധിച്ചാൽ അതിൽ കൊച്ച് ഉർവശിയുടെ കൊച്ചു മുഖം നമുക്ക് കാണാവുന്നതാണ്. തുടർന്ന് മലയാളത്തിലും വിവിധ ഭാഷകളിലുമായി എത്രയെത്ര സിനിമകൾ. ഇപ്പോൾ മികച്ച നടിക്കുള്ള ദേശീയ അവാർഡും ഉർവശിയ്ക്ക് ലഭിച്ചിരിക്കുകയാണ്. ഒരു പക്ഷേ മറ്റ് മലയാള നടികളിൽ ആർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത നേട്ടങ്ങൾ കൊയ്ത വേറൊരു നടി മലയാള സിനിമയിൽ ഉണ്ടോയെന്നതും സംശയമാണ്. ഉർവശിയുടെ സിനിമ ആരംഭം മുതൽ ഇതുവരെ സഞ്ചരിച്ച വഴികൾ ചൂണ്ടിക്കാട്ടി വന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
അതിൽ ബാലതാരമായി സിനിമയിൽ അഭിനയിക്കാൻ എത്തിയ ഉർവശി ക്യാമറയ്ക്ക് മുന്നിൽ 'മോഹാലസ്യപ്പെട്ട്' വീണതിനെക്കുറിച്ചൊക്കെ പ്രതിപാദിക്കുന്നു. എങ്ങനെയാണ് സിനിമയിൽ താൻ വന്നുപെട്ടത് എന്നതിനെക്കുറിച്ച് ഉർവശി പറയുന്നതൊക്കെയും വിവരിക്കുന്നുണ്ട്. രവിമേനോൻ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും വൈറലാണ്.
കുറിപ്പിൽ പറയുന്നത്:
'ഒരു വീഴ്ചയുടെ കഥ, ഉയർച്ചയുടേയും ക്യാമറയും ആർക് ലൈറ്റുകളും കണ്ടു ഭയന്ന് ബോധംകെട്ടു വീണുപോയ ഒരു കൊച്ചുകുട്ടിയുണ്ട് ഉർവശിയുടെ സിനിമാസ്‌മരണകളിൽ. 'ഉള്ളൊഴുക്കി'ലെ ലീലാമ്മയെ കണ്ടിരുന്നപ്പോൾ മനസ്സിൽ വന്നു നിറഞ്ഞത് ആ ബാലികയുടെ നിഷ്കളങ്കമുഖമാണ്. 'ഓർത്താൽ അത്ഭുതം തന്നെ'-- ഉർവശി പറയും. 'ക്യാമറയെ മാത്രമല്ല സിനിമയെത്തന്നെ സഹിക്കാനാകുമായിരുന്നില്ല ഒരിക്കൽ എനിക്ക്. പക്ഷേ സിനിമ എന്നെ സഹിച്ചു; ഒന്നും രണ്ടും കൊല്ലമല്ല, പതിറ്റാണ്ടുകളോളം'. ആ സഹനം മലയാളിയുടെ സൗഭാഗ്യമായി മാറിയെന്നതിന് തെളിവായി വെള്ളിത്തിരയിൽ ഉർവശി പകർന്നാടിയ വൈവിധ്യമാർന്ന കഥാപാത്രങ്ങളുണ്ട് നമുക്ക് മുന്നിൽ.
ദേശീയ അവാർഡിനും അഞ്ചു സംസ്ഥാന അവാർഡുകൾക്കും എണ്ണമറ്റ മറ്റു ബഹുമതികൾക്കുമെല്ലാം അപ്പുറത്ത് ഉർവശിയെ മലയാളിയുടെ സ്വകാര്യ അഹങ്കാരമാക്കി നിലനിർത്തുന്ന കഥാപാത്രങ്ങൾ. നാലരപ്പതിറ്റാണ്ട് പിന്നിടുന്ന ഉർവശിയുടെ ചലച്ചിത്രയാത്രയുടെ തുടക്കം ഒരു 'മോഹാലസ്യ'ത്തിൽ നിന്നായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? 'കാലിത്തൊഴുത്തിൽ പിറന്നവനേ കരുണ നിറഞ്ഞവനേ' എന്ന മനോഹരമായ സ്തുതിഗീതം ആ വീഴ്ചയുടെ ഓർമ്മ കൂടിയാണ് ഉർവശിക്ക്. 'സായൂജ്യ'(1979)ത്തിലെ ആ പാട്ട് കേൾക്കുമ്പോൾ മനസ്സുകൊണ്ട് അച്ഛന്റെ പൊടിമോളായി മാറും ഉർവശി. ആദ്യമായി മൂവീ ക്യാമറയുമായി മുഖാമുഖം നിന്ന നിമിഷങ്ങൾ മനസ്സിൽ തെളിയും.
'ഒരിക്കലും സങ്കല്പ്പിക്കുക പോലും ചെയ്യാത്ത വഴികളിലൂടെയാണല്ലോ കാലം എന്നെ കൈപിടിച്ച് കൊണ്ടുപോയത് എന്നോർക്കാറുണ്ട് ഇന്നും ആ പാട്ട് കേൾക്കുമ്പോൾ'. തിരുവനന്തപുരത്തെ ചെട്ടികുളങ്ങര എൽ പി സ്‌കൂളിൽ വിദ്യാർത്ഥിനിയാണ് അന്ന് ഉർവശി. പേര് കവിതാരഞ്ജിനി. മുൻപൊരു സിനിമയിൽ ആൾക്കൂട്ടത്തിൽ മിന്നിമറഞ്ഞിട്ടുണ്ടെങ്കിലും അഭിനയമോഹമൊന്നും ഉള്ളിൽ നാമ്പിട്ടു തുടങ്ങിയിട്ടില്ല. ആ ദിവസങ്ങളിലൊന്നിലാണ് പ്രിയസുഹൃത്തിന്റെ മകൻ സംവിധാനം ചെയ്യുന്ന പുതിയ പടത്തിലെ ഗാനരംഗത്ത് അഭിനയിക്കാൻ കുറെ കുട്ടികളെ വേണമെന്ന് അച്ഛൻ വന്നു പറയുന്നത്.
'സായൂജ്യ'ത്തിന്റെ സംവിധായകൻ ജി പ്രേംകുമാറിന്റെ അച്ഛൻ ഗുലാബും ഉർവശിയുടെ അച്ഛൻ ചവറ വി പി നായരും ഉറ്റ സുഹൃത്തുക്കൾ. ഉർവശിയും രണ്ടു കൊച്ചനിയന്മാരും അങ്ങനെ അച്ഛനോടൊപ്പം ഷൂട്ടിംഗിനായി മെരിലാൻഡ് സ്റ്റുഡിയോയിലെത്തുന്നു. സ്‌കൂളിലെ ചില സഹപാഠികളും ഉണ്ട് കൂടെ; ഗായകസംഘത്തിന്റെ ഭാഗമാകാൻ. സിനിമാ ഷൂട്ടിംഗിന്റെ ഉള്ളുകള്ളികളൊന്നും അന്നറിയില്ല. മെരിലാൻഡിൽ ചെന്നപ്പോൾ അവിടെ ഒരു ക്രിസ്ത്യൻ പള്ളിയുടെ സെറ്റിട്ടിരിക്കുന്നു. നിറയെ ആളുകൾ, ആകെ ശബ്ദകോലാഹലം. ഫ്ലോറിന്റെ ഒരു മൂലയ്ക്ക് പതുങ്ങിനിന്ന് ചുറ്റുമുള്ള കൗതുകക്കാഴ്ചകൾ അമ്പരപ്പോടെ കണ്ടു ഉർവശി. നല്ല വണ്ണമുള്ള ഒരാളാണ് ക്യാമറാമാൻ. മറ്റൊരാൾ കാര്യങ്ങൾ നിയന്ത്രിച്ചുകൊണ്ട് കസേരയിലിരിക്കുന്നു.
സംവിധായകൻ പ്രേംകുമാർ ആണതെന്ന് അച്ഛൻ പറഞ്ഞറിഞ്ഞു. ചെന്നയുടൻ പാട്ട് പഠിച്ചെടുക്കാനാണ് കിട്ടിയ നിർദേശം. കുറെ കുട്ടികൾ ചേർന്ന് പാടേണ്ട പാട്ടാണ്. ക്ലോസപ്പ് ഷോട്ടുകളും ഉണ്ടാകുമെന്നതിനാൽ പാട്ട് എല്ലാവരും ഹൃദിസ്ഥമാക്കിയേ പറ്റൂ. പാട്ടു പഠിച്ച് ക്യാമറക്ക് മുന്നിൽ ചെന്നുനിന്നപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. ഷൂട്ടിംഗ് തുടങ്ങാൻ നിമിഷങ്ങളേയുള്ളൂ ഇനി. ക്യാമറാമാന്റെ 'ലൈറ്റ്സ് ഓൺ' ഗർജ്ജനം കേട്ടപ്പോഴേ ഉള്ളൊന്നു കാളി. അയ്യായിരം വാട്ട്സിന്റെ തീക്ഷ്ണപ്രകാശം ചൊരിയുന്ന ദീപങ്ങൾ തെളിഞ്ഞതോടെ ആ അമ്പരപ്പ് അതിന്റെ മൂർദ്ധന്യത്തിലെത്തിയെന്ന് ഉർവശി. കണ്ണിൽ കുത്തിക്കയറുന്ന വെളിച്ചവും അസഹനീയമായ ചൂടും ചേർന്നപ്പോൾ ശരീരമാകെ ഒരു വിറയൽ. സംവിധായകന്റെ 'ആക്‌ഷൻ' എന്ന അലർച്ച കൂടി കേട്ടതോടെ പുതുമുഖതാരം ദാ കിടക്കുന്നു തറയിൽ.
'പാതിബോധത്തിലുള്ള ആ കിടപ്പിലും അച്ഛൻ ആരെയൊക്കെയോ ഉറക്കെ ദേഷ്യപ്പെടുന്നത് കേൾക്കാമായിരുന്നു' -- ഉർവശിയുടെ ഓർമ്മ. 'എന്റെ കൊച്ചിനെ ആരാണ് പേടിപ്പിച്ചതെന്നൊക്കെ ചോദിക്കുന്നുണ്ട്. സംവിധായകനോടാവണം. നിലത്തുനിന്ന് എന്നെ വാരിയെടുത്ത് തോളിലിട്ട് സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങി അച്ഛൻ. ആ യാത്ര ചെന്നവസാനിച്ചത് വെള്ളയമ്പലത്തെ ജവഹർ ബാലഭവന് അടുത്തുള്ള ഒരു ഹോട്ടലിലാണ്. ആ ഹോട്ടൽ ഇപ്പോഴുണ്ടോ എന്നറിയില്ല. എന്നാൽ അന്ന് അവിടെ നിന്ന് കഴിച്ച തൈർശാദത്തിന്റെ സ്വാദ് ഇന്നുമുണ്ട് നാവിൻ തുമ്പത്ത്. ചുവന്ന അരി കൊണ്ടുള്ള ചോറായിരുന്നു. എനിക്ക് നല്ല ഓർമ്മയുണ്ട്. കൂടെ സ്വാദുള്ള മാങ്ങാ അച്ചാറും പപ്പടവും. ക്യാമറയും ലൈറ്റുകളും സമ്മാനിച്ച പേടി അതോടെ പമ്പ കടന്നു...', ഗാനരംഗത്തിൽ ഉർവശിയുടെയും അനിയന്മാരുടെയും ഭാഗം പിറ്റേന്നാണ് ഷൂട്ട് ചെയ്തത്.
1979 ജൂലൈയിൽ സോമനും ജയനും ജയഭാരതിയുമെല്ലാം അഭിനയിച്ച 'സായൂജ്യം' റിലീസാകുന്നു. പടം ഹിറ്റായി; പാട്ടുകളും. പക്ഷേ പാട്ടുരംഗത്ത് വന്നുപോയ എൽ പി സ്കൂൾ കുട്ടിയെ ആരെങ്കിലും ശ്രദ്ധിച്ചോ എന്ന് സംശയം. മൂന്ന് മാസം കൂടിയേ കാത്തിരിക്കേണ്ടിവന്നുള്ളൂ ആദ്യമായി 'അഭിനയിച്ച' പടം വെളിച്ചം കാണാൻ: കെ പി പിള്ള സംവിധാനം ചെയ്ത 'കതിർമണ്ഡപ'ത്തിൽ ജയഭാരതിയുടെ കുട്ടിക്കാലമാണ് കൊച്ചു കവിത അവതരിപ്പിച്ചത്. 'ജയഭാരതിച്ചേച്ചിയുടെ ഛായ ഉണ്ടായിരുന്നത്രെ അന്നെനിക്ക്', -- ഉർവശി ചിരിക്കുന്നു. അതായിരുന്നു തുടക്കം. പിന്നീടുള്ളത് ചരിത്രമാണ്; മലയാളസിനിമയിലെ ഉർവശി യുഗത്തിന്റെ ചരിത്രം. ക്യാമറയുമായുള്ള ആദ്യസമാഗമം സമ്മാനിച്ച വീഴ്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഉർവശി പിന്നീടെത്രയോ അവിസ്മരണീയ ഗാനരംഗങ്ങളിൽ പങ്കാളിയായി.
'മുന്താണെ മുടിച്ചി'ലെ 'കണ്ണ് തൊറക്കണം സ്വാമി'യിലായിരുന്നു തുടക്കം. തുടർന്ന് നിമിഷം സുവർണ്ണ നിമിഷം (എന്റെ അമ്മു, നിന്റെ തുളസി, അവരുടെ ചക്കി), തങ്കത്തോണി (മഴവിൽക്കാവടി), മായപ്പൊന്മാനേ (തലയണമന്ത്രം), കസ്തൂരി എന്റെ കസ്തൂരി (വിഷ്ണുലോകം), സ്വർഗങ്ങൾ സ്വപ്നം കാണും (മാളൂട്ടി), പത്തുവെളുപ്പിന് (വെങ്കലം), ശ്രീരാമനാമം (നാരായം), കൊഞ്ചി കൊഞ്ചി, കളിപ്പാട്ടമായ് (കളിപ്പാട്ടം), യാത്രയായി (ആയിരപ്പറ), അല്ലിമലർക്കാവിൽ, ഞാറ്റുവേലക്കിളിയെ (മിഥുനം), എന്തു പറഞ്ഞാലും (അച്ചുവിന്റെ അമ്മ).... ഉർവശിയുടെ സാന്നിധ്യം കൊണ്ടുകൂടി ഓർക്കപ്പെടുന്ന ഗാനരംഗങ്ങൾ. അക്കൂട്ടത്തിൽ ഏറ്റവും അവിസ്മരണീയം 'തങ്കത്തോണി' തന്നെ. ചിത്രയുടെ ആലാപനവും ഉർവശിയുടെ തികവാർന്ന അഭിനയവും കൊണ്ട് എക്കാലവും മനസ്സിൽ തങ്ങിനിൽക്കുന്ന പാട്ട്.
മറ്റൊരു വീഴ്ചയുടെ നടുക്കുന്ന ഓർമ്മയാണ് ഉർവശിക്ക് ആ ഗാനചിത്രീകരണം: 'ഇന്നും ആ രംഗം കാണുമ്പോൾ തലചുറ്റും എനിക്ക്..' തറയിലെ വെള്ളം പെരുവിരൽ കൊണ്ട് തെറിപ്പിച്ച് ഉല്ലാസവതിയായാണ് വിപിൻമോഹന്റെ ക്യാമറാ ഫ്രെയിമിലേക്ക് ഉർവശി അവതരിപ്പിച്ച ആനന്ദവല്ലിയുടെ കടന്നുവരവ്. 'വന്നയുടൻ ഒന്ന് കറങ്ങിത്തിരിയണം. എന്നിട്ട് വേണം ഓട്ടം തുടങ്ങാൻ. രാവിലെ എട്ടു മണിയോടെ ഷൂട്ടിംഗ് തുടങ്ങി എന്നാണ് ഓർമ്മ. അന്നെനിക്ക് വല്ലാതെ ലോ ബി പിയുള്ള കാലമാണ്. ഉറക്കമിളച്ചതിന്റെ ക്ഷീണം കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. ബി പി പെട്ടെന്ന് താഴും. സംവിധായകൻ സത്യൻ അന്തിക്കാട് ആക്‌ഷൻ പറഞ്ഞതും ഞാൻ ഓടിയെത്തി വട്ടം കറങ്ങിയതും തലചുറ്റി പൊത്തോന്ന് നിലത്തുവീണതും ഒപ്പം.
നിന്നിരുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത് ആഴമുള്ള കുഴിയാണ്. അവിടേക്കാണ് മൂക്കുകുത്തിയുള്ള എന്റെ വീഴ്ച്ച. ആ കിടപ്പിൽ കുറച്ചുനേരം കമിഴ്ന്നു കിടന്നത് ഓർമ്മയുണ്ട്. അപ്പോഴേക്കും ആരോ വന്നു മുഖത്ത് വെള്ളം തളിച്ചു. അധികം താമസിയാതെ ഷൂട്ടിംഗ് വീണ്ടും തുടങ്ങുകയും ചെയ്തു. പാഴാക്കാൻ സമയമില്ലല്ലോ. പെട്ടെന്ന് പണി തീർത്തു സ്ഥലം വിടണ്ടേ?' 'ആ വീഴ്ച്ചയിൽ നിന്നുള്ള എന്റെ ഉയിർത്തെഴുന്നേൽപ്പാണ് നിങ്ങൾ തങ്കത്തോണി എന്ന ഗാനരംഗത്ത് കണ്ടത്' -- ഉർവശി പൊട്ടിച്ചിരിക്കുന്നു. തീർന്നില്ല. വൈകുന്നേരം നാലു മണിയോടെ ഉർവശിക്ക് ചെന്നൈയിലേക്കുള്ള ഫ്ലൈറ്റ് പിടിക്കേണ്ടതിനാൽ തിടുക്കത്തിൽ സീൻ എടുത്തു തീർക്കുകയാണ് മഴവിൽക്കാവടിയുടെ സംവിധായകൻ സത്യൻ അന്തിക്കാടും ഛായാഗ്രാഹകൻ വിപിൻ മോഹനും. 'ആട്ടിൻകുട്ടിയെ എടുത്തുകൊണ്ട് ഞാൻ ഓടുന്ന ഒരു ഷോട്ട് ഉണ്ട് ആ സീനിൽ. ഓട്ടം പൂർത്തിയാക്കി, ആടിനെ തിടുക്കത്തിൽ നിലത്തിറക്കിവെച്ച് തൊട്ടടുത്ത് കാത്തുനിന്ന കാറിൽ ഓടിക്കയറുകയായിരുന്നു ഞാൻ'.
സസ്പെൻസ് അവിടെ അവസാനിച്ചില്ല. കോയമ്പത്തൂരിൽ ചെന്നപ്പോൾ ഫ്ലൈറ്റ് അതിന്റെ പാട്ടിന് പോയിരിക്കുന്നു. ഇനി ട്രെയിനേയുള്ളൂ ആശ്രയം. കാറിൽ നേരെ ദിണ്ടിഗലിലേക്ക് വിട്ടു. ആ സമയത്ത് അവിടെനിന്ന് ഒരു വണ്ടിയുണ്ടത്രേ. റെയിൽവേ സ്റ്റേഷനിൽ ചെല്ലുമ്പോൾ വണ്ടി പുറപ്പെടുന്നു. ഓടിച്ചെന്ന് കയറിയതേ ഓർമ്മയുള്ളൂ. ആരോ പെട്ടിയും ബാഗും വാതിലിലൂടെ അകത്തേക്കെറിഞ്ഞതും... സീറ്റിൽ ചെന്നിരുന്നിട്ടേ ശ്വാസം നേരെ വീണുള്ളു എന്ന് ഉർവശി. 'വളരെ ബുദ്ധിമുട്ടി ത്യാഗം സഹിച്ചെടുത്ത ഇത്തരം ഗാനരംഗങ്ങൾ വേറെയുമുണ്ട് എന്റെ സിനിമാ ജീവിതത്തിൽ. അവയെല്ലാം സൂപ്പർഹിറ്റുകളായിരുന്നു എന്നതാണ് രസകരം', -- ഉർവശി.
സ്ലോ മോഷനിൽ 'മഴവിൽക്കാവടി'യിലെ ദാവണിക്കാരിയായ ആനന്ദവല്ലി ഫ്രെയിമിലേക്ക് ഒഴുകിവരുന്നത് മുതലുള്ള ഓരോ നിമിഷവും ഇന്നുമുണ്ട് ഓർമ്മയിൽ. മറക്കാനാവാത്ത ആ ദൃശ്യങ്ങൾക്കൊപ്പം, മലയാളസിനിമയുടെ പോയി മറഞ്ഞ ഗ്രാമ്യ വിശുദ്ധിയിലേക്ക്, നിഷ്കളങ്കതയിലേക്ക് മനസ്സ് തിരികെ നടക്കുന്നു. പ്രണയം ഉള്ളിലൊതുക്കിയ ഒരു നാട്ടിൻപുറത്തുകാരിയുടെ ഹൃദയം എത്ര സുന്ദരമായാണ് ഉർവശി സൂക്ഷ്മഭാവങ്ങളിലൂടെ വരച്ചുകാട്ടുന്നത്. ഇടനെഞ്ചിൽ തുടിയും, തുടികൊട്ടും പാട്ടുമായി ഉർവശിയുടെ തങ്കത്തോണി മുന്നോട്ടുതന്നെ; മാറുന്ന കാലത്തിന്റെയും അഭിരുചികളുടെയും ഓളങ്ങൾ വകഞ്ഞുമാറ്റിക്കൊണ്ട്'.
ഉർവശി എന്ന നടിയുടെ മഹത്വം
ഇതാണ് ആ കുറിപ്പ്. ഉർവശി എന്ന നടിയെപ്പറ്റി ഇതിൽ കൃത്യമായി പറഞ്ഞിരിക്കുന്നു. ഇത് വായിക്കുന്ന ആർക്കും മനസ്സിലാകും ഉർവശി എന്ന അഭിനേത്രിയുടെ ഉള്ളിൽ ചെറുപ്പം മുതൽ ഒരു നടി ഉണ്ടായിരുന്നു എന്നത്. അതാണ് തൻ്റെ താരസിംഹാസനം മറ്റാർക്കും സ്വന്തമാക്കാൻ ഇതുവരെ പറ്റാഞ്ഞതും. ഉർവശിയ്ക്ക് ശേഷം പ്രഗത്ഭർ എന്നറിയപ്പെടുന്ന പല നടികളും രംഗപ്രവേശം ചെയ്തെങ്കിലും ഉർവശിയ്ക്ക് മുകളിൽ കയറാൻ അവർക്കൊന്നും ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് സത്യം. മിഥുനം എന്ന ഒറ്റച്ചിത്രം കണ്ടവർക്ക് ഇന്നുവരെ ഒരിക്കലെങ്കിലും ഉർവശിയെ മറക്കാൻ കഴിഞ്ഞിട്ടുണ്ടോ. അതിൽ മോഹൻലാലിനൊപ്പം അതേ രീതിയിൽ തന്നെ എത്ര അനായാസമായാണ് തൻ്റെ റോൾ കൈകാര്യം ചെയ്തതെന്ന് ഒരു വേള ഓർമ്മിച്ചാൽ തന്നെ ഉർവശി എന്ന നടിയുടെ മഹത്വം മനസ്സിലാകും. അതേ ഉർവശി എന്നും ഉർവശി തന്നെ. നടി എന്ന് പറഞ്ഞാൽ മലയാളിക്കെന്നും ഉർവശി തന്നെ.