Remembering | ഭരത് ഗോപി വിടവാങ്ങിയിട്ട് 17 വർഷം; അഭിനയ മികവിൻ്റെ കൊടിയേറ്റം

 
Bharat Gopi, Malayalam film actor, remembered on his 17th death anniversary.
Bharat Gopi, Malayalam film actor, remembered on his 17th death anniversary.

Image Credit: Website/ Ammakerala

● കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.
● നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
● നാടകത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്.
● അടൂർ ഗോപാലകൃഷ്ണനാണ് സിനിമയിലേക്ക് കൊണ്ടുവന്നത്.

(KVARTHA) മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്തനായ അഭിനേതാവായിരുന്ന ഭരത് ഗോപി എന്നറിയപ്പെടുന്ന വി. ഗോപിനാഥൻ‌ നായർ ഈ ലോകത്തോട് വിടവാങ്ങിയിട്ട് ജനുവരി 29ന് 17 വർഷം. പി ജെ ആന്റണിക്ക് ശേഷം  മലയാള സിനിമക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് സമ്മാനിച്ച നടൻ കൂടിയാണ് ഗോപി. കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ച ഇദ്ദേഹം അതിനാൽത്തന്നെ കൊടിയേറ്റം ഗോപി എന്നും അറിയപ്പെടാറുണ്ട്.

ഓരോ സിനിമയിലും കഥാപാത്രമായി അഭിനയിക്കുകയാണോ അല്ല ജീവിക്കുകയാണോയെന്ന് സംശയം തോന്നുന്ന വിധത്തിലുള്ള അനുപമമായ അഭിനയ ശൈലിയുടെ ഉടമയാണ് ഗോപി. അദ്ദേഹം അഭിനയിച്ച പല സിനിമകളിലെയും സിനിമയുടെ പേരിനേക്കാൾ ആൾക്കാർ ഓർക്കുന്നത് അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളുടെ പേരാണ് എന്നത് തന്നെ  ആ അഭിനയ സിദ്ധിയുടെ  സാക്ഷാൽക്കാരത്തിന് ജനങ്ങൾ നൽകുന്ന ആദരവാണ്.

യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ, സന്ധ്യ മയങ്ങും നേരത്തിലെ ജസ്റ്റിസ് ബാലഗംഗാധരമേനോൻ, കാറ്റത്തെ കിളിക്കൂടിലെ പ്രൊഫസർ ഷേക്സ്പിയർ കൃഷ്ണപിള്ള തുടങ്ങി നിരവധി കഥാപാത്രങ്ങളുടെ പേര്  ഇന്നും പ്രേക്ഷകർക്ക് ഹൃദിസ്ഥമാണ്. ചലച്ചിത്രസംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു ഗോപി. ഇദ്ദേഹത്തിന്റെ യമനം എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. 

ഗോപി രചിച്ച 'അഭിനയം അനുഭവം' എന്ന പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. പത്മശ്രീ പുരസ്കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.  1937 നവംബർ എട്ടിന് തിരുവനന്തപുരം ജില്ലയിലെ ചിറയിൻ‌കീഴിൽ ജനിച്ച ഗോപിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ ധനുവച്ചപുരം സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഞാനൊരു അധികപ്പറ്റ് എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു.

തനത് നാടക വേദിയുടെ സൃഷ്ടാവായ ജി ശങ്കരപ്പിള്ളയെ പരിചയപ്പെടുന്നത് ഗോപിയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറി. ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിൻകീഴിൽ 'പ്രസാധന ലിറ്റിൽ തിയേറ്റർ' പിറവിയെടുത്തത്.  ഗോപിയായിരുന്നു മിക്ക നാടകങ്ങളിലും മുഖ്യവേഷക്കാരൻ. കാവാലം നാരായണപ്പണിക്കരുടെ 'തിരുവരങ്ങ് 'എന്ന നാടകസമിതിയുമായി ചേർന്നുളള പ്രവർത്തനങ്ങൾ ഗോപിയെ നാടകരംഗത്ത് കൂടുതൽ ശ്രദ്ധേയനാക്കി. പല ദേശീയ നാടകോത്സവങ്ങളിലും തിരുവരങ്ങിന്റെ നാടകങ്ങളിലെ നടനായി വേദിയിലെത്തി. നാടകാഭിനയത്തിനു പുറമേ രചന, സംവിധാനം എന്നീ മേഖലകളിലും ഗോപി ശ്രദ്ധ പതിപ്പിച്ചിരുന്നു.

അടൂർ ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് ഗോപിയെ ചലച്ചിത്രരംഗത്ത് എത്തിക്കുന്നത്. അടൂരിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സ്വയംവരത്തിൽ ചെറിയൊരു വേഷം ചെയ്തത്. 1975ൽ അടൂരിന്റെ തന്നെ കൊടിയേറ്റം എന്ന സിനിമയിൽ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ്‌ ഇദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 1978, 82, 83, 85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും ഗോപിയെ തേടിയെത്തി. പിന്നീട് മുഖ്യധാര സിനിമകളുടെ ഭാഗമായും ഗോപി മാറി. 

സീരിയസ് കഥാപാത്രങ്ങൾ മാത്രമല്ല ഹ്യൂമറും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് പഞ്ചവടി പാലത്തിലെ പഞ്ചായത്ത് പ്രസിഡൻ്റിനെ മറ്റാർക്കും അവതരിപ്പിക്കാൻ കഴിയാത്ത രീതിയിൽ അദ്ദേഹം പൂർണമാക്കി. കെ ജി ജോർജിൻ്റെ ക്ലാസിക് സിനിമകളിലൊന്നാണ് പഞ്ചവടിപ്പാലം. തന്റെ അഭിനയ ജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ ഗോപി പക്ഷാഘാതം വന്ന് തളർന്നുപോയി. പക്ഷാഘാതത്തെത്തുടർന്ന്‌ കുറെക്കാലം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നശേഷം പാഥേയം എന്ന ചിത്രത്തിലൂടെയാണ്‌ അഭിനയ രംഗത്തേക്ക് തിരിച്ചുവരവ്‌ നടത്തിയത്‌.

2008 ജനുവരി 24-ന്‌ ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപി അഞ്ച് ദിവസങ്ങൾക്ക് ശേഷം ജനുവരി 29ന് തന്റെ എഴുപത്തിയൊന്നാമത്തെ വയസിൽ അരങ്ങൊഴിയുകയായിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

Bharat Gopi, a legendary Malayalam actor, is remembered on the 17th anniversary of his passing. His remarkable performances in films like 'Kodiyettam' earned him national acclaim. He was also a director and producer, contributing significantly to Malayalam cinema.

#BharatGopi #MalayalamCinema #IndianCinema #NationalAwardWinner #Actor #Tribute

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia