Casting Couch | എന്താണ് സിനിമാ മേഖലയിലെ 'കാസ്റ്റിങ് കൗച്ച്', ഈ വാക്ക് കോടതി കയറിയിട്ടുണ്ടോ? അറിയാം 

 
Casting Couch Issues in Malayalam Cinema

Representational Image Generated by Meta AI

* ഈ പ്രശ്നം സിനിമയിൽ മാത്രമല്ല, മറ്റ് മേഖലകളിലും വ്യാപകമായി നിലനിൽക്കുന്നു.
* കാസ്റ്റിങ് കൗച്ചിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഏറെയാണ് 

സോണിച്ചൻ ജോസഫ്

(KVARTHA) മലയാള സിനിമാ ലോകത്ത് നടക്കുന്ന തെറ്റായ പ്രവണതകൾ ഒരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതാണ് ഇപ്പോൾ പൊതുസമൂഹത്തിലും സോഷ്യൽ മീഡിയയിലുമെല്ലാം ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് മലയാള സിനിമയും അതിനെ ചുറ്റിപ്പറ്റിയുള്ള മലയാള സിനിമാ ലോകവും ഏറെ ചർച്ചയാകുന്നത്. നമ്മൾ ആരാധിച്ചിരുന്ന പല നടന്മാരുടെയും സംവിധായകരുടെയും ഒക്കെ പതനം ദിവസംതോറും കണ്ട് അമ്പരിന്നിരിക്കുകയാണ് ഇപ്പോൾ ഒരോ മലയാളിയും. 

കേരളത്തിൽ മാത്രമല്ല മറ്റ് ദേശങ്ങളിലും മലയാള സിനിമാ ലോകത്തിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് ദിനംതോറും വാർത്തകളായി നമ്മുടെ മുന്നിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ അതിൽ പ്രതിപാദിച്ച പ്രധാനപ്പെട്ട വാക്കുകളിൽ ഒന്നായിരുന്നു കാസ്റ്റിങ് കൗച്ച് എന്നത്. ഈ വാക്കിൻ്റെ അർത്ഥവും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളും ചുരുക്കം ചിലർക്ക് മാത്രമേ അറിയാവൂ എന്നതാണ് സത്യം. ഭൂരിപക്ഷം പേർക്കും ഇതിൽ വ്യക്തമായ ധാരണയില്ലെന്നതാണ് യാഥാർത്ഥ്യം. സിനിമാ വ്യവസായത്തിൽത്തന്നെ ഏറെ പരിചയമുള്ള  ഈ വാക്ക് ആ മേഖലയിൽ നിൽക്കുന്നവർക്കാണ് ഏറെ സുപരിചിതം. അല്ലാത്തവരുടെ അറിവിലേയ്ക്ക് വെളിച്ചം പകരുന്ന ഒരു കുറിപ്പാണ് ഇപ്പോൾ ജനശ്രദ്ധയാകർഷിക്കുന്നത്. 

കുറിപ്പിൽ പറയുന്നത്: 'ഒരു അവസരത്തിനു പകരം ശാരീരികമായ ഉപകാരങ്ങൾ സ്വീകരിക്കുന്ന ഏതൊരു പ്രഫഷനിലും കാസ്റ്റിങ് കൗച്ച് എന്ന വാക്ക് ഉപയോഗിക്കാമെങ്കിലും സിനിമാ വ്യവസായത്തിൽത്തന്നെയാണ് ഈ വാക്ക് ഏറെ പരിചിതം. സംവിധായകർ/കാസ്റ്റിംഗ് ഏജൻ്റുമാർ സിനിമാ അഭിനേതാക്കളിൽ നിന്നും നടിമാരിൽ നിന്നും അധാർമ്മിക ലാഭം നേടുകയും ലൈംഗികതയ്ക്ക് പകരമായി യുവാക്കൾക്ക് സിനിമയിൽ അവസരം നൽകുകയും ചെയ്യുന്ന ആശയമാണ് കാസ്റ്റിംഗ് കൗച്ച്. സിനിമയിൽ അവസരം കിട്ടാൻ ചിലപ്പോൾ അതുമായി ബന്ധപ്പെട്ടവർക്കു മുന്നിൽ വസ്ത്രങ്ങൾ ഉരിഞ്ഞും, ശരീരം കൊടുത്തും അവർ പറയുന്നതു പോലെയൊക്കെ ചെയ്യേണ്ടി വരുന്നതാണ് കാസ്റ്റിങ്ങിന്റെ ആദ്യ പ്രക്രിയ. 

ബോളിവുഡിലെ സ്വവർഗരതിക്കാരായ ചില സിനിമാക്കാർ പുരുഷന്മാരെയും ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട്. പലപ്പോഴും ഇതിനെതിരെ പ്രതികരിക്കുന്നത് സിനിമയിൽ അഭിനയിക്കാൻ സാധ്യതകൾ ഇല്ലാതെ പോയവരോ അല്ലെങ്കിൽ ശരീരം നൽകി സിനിമാ മോഹം തിരിച്ചെടുക്കണ്ട എന്നു കരുതിയവരോ തന്നെയാണ്. കാസ്റ്റിങ് കൗച്ച് എന്ന പേര് സിനിമയുടെ തുടക്കകാലം മുതൽ ആചാരമെന്നോണം തന്നെ നടക്കുന്നുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. ഈ വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും ഈ വിഷയം അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമകൾ  ഇതിനെ ബലപ്പെടുത്തുന്നു. എത്രയോ കഥകൾ പണ്ടും ഇപ്പോഴും ഇതുമായി ബന്ധപ്പെട്ടിറങ്ങിയിരിക്കുന്നു. 

സിനിമാമോഹങ്ങളുമായി വന്നു സെക്സ് റാക്കറ്റുകളുടെ പിടിയിലായ സ്ത്രീകൾ ഏറെയാണ്. ചിലരെയൊക്കെ കാസ്റ്റിങ് കൗച്ചിന്റെ ഗുണമെന്നോണം ചില്ലറ വേഷങ്ങൾ തേടിയെത്തുന്നു. വലയിൽപ്പെട്ടു പോയാൽ രക്ഷപ്പെടൽ പലപ്പോഴും അസാധ്യം. വല മുറുകുകയും ഇര അവിടെത്തന്നെ കുടുങ്ങുകയും ചെയ്യും. താൻ ഇരയാക്കപ്പെടുകയാണെന്നു പലരും തിരിച്ചറിയുന്നുമില്ല എന്നതാണ് സത്യം. ലൈംലൈറ്റിൽ നിൽക്കുന്ന നടിമാർക്കു പോലും കാസ്റ്റിങ് കൗച്ച് പാരയാകുമ്പോൾ തുടക്കക്കാരുടെ കാര്യം പറയേണ്ടതുമില്ല. സിനിമയിലേക്കുള്ള ഏകവഴി കാസ്റ്റിങ് കൗച്ചാണെന്നു പറഞ്ഞുകൂടാ. എങ്കിൽപ്പോലും പലപ്പോഴും അത് ആവശ്യമായി വരുന്നു എന്നതാണു സത്യം. 

പലരും തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന നീതിനിഷേധത്തെക്കുറിച്ചു പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കലും കാസ്റ്റിങ് കൗച്ച് എന്ന വാക്ക് കോടതി കയറിയിട്ടില്ല. സിനിമയിൽ അഭിനയിക്കുകയെന്ന സ്വപ്നവുമായി നടക്കുന്ന സ്ത്രീകളും, പുരുഷന്മാരും (ഇതിന്റെ ഭാഗമാകുന്നതിലേറെയും സ്ത്രീകൾ തന്നെയാണ്) കാസ്റ്റിങ് കൗച്ചിനെ സിനിമയുടെ ഭാഗമായിത്തന്നെ കാണുകയും സഹകരിക്കുകയും ചെയ്യുന്നതോടെ അനീതി എന്ന പദം തന്നെ മാറ്റിനിർത്തപ്പെടുന്നു. പരസ്പര സഹകരണത്തോടെ തങ്ങളുടെ സ്വപ്നം കയ്യെത്തിപ്പിടിക്കാൻ ശ്രമിക്കുന്നതു കുറ്റമല്ലല്ലോ എന്ന നിലയ്ക്കു കാര്യങ്ങളെത്തുമ്പോൾ ആര്, എന്തു ചോദ്യം ചെയ്യാൻ! 

പക്ഷേ ഇടയ്ക്കുയരുന്ന ചില എതിർശബ്ദങ്ങളുടെ പേരിൽ സ്വമേധയാ കേസെടുക്കാൻ രാജ്യത്തെ വനിതാ കമ്മിഷനോ അന്വേഷണം ആവശ്യപ്പെടാൻ സ്ത്രീപക്ഷ സംഘടനകൾക്കോ പറ്റുന്നില്ല. കാലങ്ങളുടെ പഴക്കമുണ്ട് കാസ്റ്റിങ് കൗച്ച് എന്ന വാക്കിന്. അവസരങ്ങള്‍ക്കായി സ്ത്രീകളെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാസ്റ്റിങ് കൗച്ച് കാസ്റ്റിങ്ങിന്റെ ആദ്യപ്രക്രിയയാണെന്നാണ് വെപ്പ്. അതായത് അവസരങ്ങൾക്കായി ശരീരം പങ്കുവയ്ക്കണമെന്ന അനീതിയുടെ തുടക്കം. ഒരു ഫോട്ടോഷൂട്ടിലോ, കാസ്റ്റിംഗ് പ്രക്രിയയിലോ ഉൾപ്പെട്ടിരിക്കുന്ന അധാർമിക ലൈംഗികതയെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു പദമാണ് കോംപ്രോ ഷൂട്ട് (അല്ലെങ്കിൽ ലളിതമായി കോംപ്രോ). 

കോംപ്രോ എന്നത് കാസ്റ്റിംഗ് കൗച്ചിനായുള്ള ആധുനികവൽക്കരിച്ച സൈബർ ഭാഷയാണ്. ഭാഷയും, ദേശവും മാറുന്നതൊഴിച്ചാല്‍ കാസ്റ്റിങ് കൗച്ച് ഒരു യാഥാര്‍ത്ഥ്യമാണ്. കാസ്റ്റിങ് ഓഫീസുകള്‍ അല്ലെങ്കില്‍ സിനിമയിലെ കഥാപാത്രങ്ങളെ നിശ്ചയിക്കുന്ന ഓഫീസിലെ സോഫകളില്‍ നിന്നാണ് അക്ഷരാര്‍ത്ഥത്തില്‍ ഈ വാക്ക് രൂപപ്പെട്ടത്. ഒരു നിയമാവലിയിലും അവസരങ്ങൾക്കായി ഇത്തരമൊരു വാക്ക് കടന്നു കൂടിയിട്ടില്ല. നീതിക്ക് നിരക്കാത്ത തുല്യതയില്ലാത്ത വലിപ്പ ചെറുപ്പത്തിന്റെ ഭാഷ കൂടിയാണ് ഈ വാക്ക്. 1910 മുതല്‍ അമേരിക്കന്‍ വിനോദമേഖലയിലെ സ്റ്റുഡിയോ സംവിധാനത്തിന്റെ തുടക്കം മുതലാണ് കാസ്റ്റിങ് കൗച്ച് ആരംഭിച്ചത്. ഇന്ന് അമേരിക്കയിൽ ഇത് നിയമവിരുദ്ധമാണ്. 

അവസരങ്ങള്‍ നഷ്ടമാകുമെന്ന ഭയം, ഉന്നതര്‍ക്കെതിരെ വിരല്‍ചൂണ്ടിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, ചൂഷണത്തിനിരയാകുകയാണെന്ന അറിവില്ലായ്മ അങ്ങനെ കാസ്റ്റിങ് കൗച്ചിനെതിരെ മൗനം പാലിക്കാനുള്ള കാരണം പലതാണ്. ഇരകളാക്കപ്പെടുന്നവരോട് അതിവിടെ പതിവല്ലേ എന്ന സ്ഥിരപ്പെടുത്തല്‍ മുതല്‍ മൂടിവയ്ക്കലിന്റെ തുടക്കങ്ങളാകും. ഇരയാക്കപ്പെട്ടവരുടെ അവസരം ഇല്ലാതാവല്‍, മാനസികമായുള്ള തകര്‍ച്ച മുതല്‍ കാസ്റ്റിങ് കൗച്ച് ഇല്ലാതാക്കുന്നത് അഭിനയമോഹവുമായി സിനിമയിലെത്തുന്ന നിരവധി പെണ്‍കുട്ടികളെയാണ്. ഒപ്പം സിനിമയിലെ താരങ്ങളെല്ലാം മിന്നുന്നവരല്ലെന്ന സത്യം ഈ പകലിലും തെളിഞ്ഞുകത്തുന്നുണ്ട്. 

തന്റെ സ്വപ്നം സത്യമാക്കാൻ പണം നൽകുന്ന അത്രയും ലാഘവത്തോടെ ശരീരവും നൽകേണ്ടി വരും എന്ന നിലപാട് എത്ര സ്ത്രീ വിരുദ്ധമായ നീതികേടാണ്. സിനിമാ രംഗത്തുള്ള എല്ലാവർക്കും ഇതൊക്കെ അറിയാമെങ്കിലും ഇതിൽനിന്നു മാറിനിൽക്കുന്നവർ പോലും ഇത്തരം പ്രവണതകൾക്കെതിരെ നീങ്ങുകയോ അതൊരു ചർച്ചയാക്കി മാറ്റുകയോ ചെയ്യുന്നില്ല. ഒരു കച്ചവടം നടത്തുന്നതുപോലെ ശരീരം വിറ്റു നേടേണ്ടതാകുന്ന സ്ത്രീസ്വപ്നങ്ങളെക്കുറിച്ച് അതിന്റെ ഇരകളായ സ്ത്രീകൾക്കു പോലും പരാതിയില്ല എന്നതാണു സങ്കടകരം. കാസ്റ്റിങ് കൗച്ചിനെതിരെ പ്രതികരിച്ചവരിൽ അധികവും ബോളിവുഡ് താരങ്ങളാണെന്നതാണ് ഇതിൽ എടുത്തു പറയേണ്ടത്. 

അഭിനയത്തിൽ മികച്ച പ്രതിഭയുള്ളവർക്കു പോലും അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നത് നിർമാതാവിന്റെയും, സംവിധായകരുടെയും വൻ താരപ്രഭുക്കന്മാരുടെയും ശരീര താൽപര്യങ്ങളാകുമ്പോൾ നിവൃത്തികേടുകൊണ്ട് പലർക്കും പെടാതെ തരമില്ല എന്നുവരുന്നു. ബോളിവുഡിൽ സുലഭമാണ് ഇത്തരം ആശയങ്ങൾ വച്ചുള്ള സിനിമകളും. ഇത്തരം സംഭവങ്ങൾ അഭിനയത്തിന്റെ ഭാഗമായി കാണാൻ അവർ പഠിക്കുകയും ചെയ്തിരിക്കുന്നു. അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും കാസ്റ്റിങ് കൗച്ച് സത്യമാണ്. എന്നാൽ ഇത്തരത്തിലല്ലാതെ സിനിമാലോകം പിടിച്ചടക്കിയവരും നിരവധിയുണ്ട്. ഒരിക്കൽ ലൈംലൈറ്റിൽ നിന്നാൽ പിന്നെ പലർക്കും അതു നഷ്ടപ്പെടുന്ന അവസ്ഥ ആലോചിക്കാൻ പോലും കഴിയില്ല. 

പണം, പ്രശസ്തി, അഭിനയത്തോടുള്ള മോഹം, അവസരങ്ങളില്ലാതെയാകുമ്പോൾ ചുറ്റുമുള്ള വരുടെ പരിഹാസം ഇതെല്ലാം വെള്ളിവെളിച്ചത്തിലേക്കു തിരികെപ്പോകാൻ പ്രേരിപ്പിക്കുന്നവയാണ്. അത്തരം അവസരങ്ങളിൽ പലപ്പോഴും കാസ്റ്റിങ് കൗച്ച് അനിവാര്യവുമായിത്തീരുന്നുണ്ട്. പ്രതിഭകൾക്കു പോലും കരിയറിന്റെ ആദ്യഘട്ടങ്ങളിൽ ചിലപ്പോൾ ഇത്തരം വലകളിൽ ചെന്നു കുടുങ്ങേണ്ടി വരുന്നുവെന്നതു സങ്കടകരമാണ്. തങ്ങളുടെ കഴിവ് എക്‌സ്‌പ്ലോർ ചെയ്യാൻ വേണ്ടി സ്വന്തം ശരീരം കാഴ്ച വയ്ക്കേണ്ടിവരുകയെന്ന നീതികേടു ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. 

കാസ്റ്റിങ് കൗച്ച് എന്നത് സിനിമാ മേഖലയിലെ പ്രതിഭാസമായിരുന്നുവെങ്കിൽ കൾച്ചറൽ കൗച്ച് (സാംസ്കാരിക രംഗത്തെ പബ്ലിഷിങ് കൗച്ച്) എന്നത് മാധ്യമ, സാഹിത്യ പ്രസിദ്ധീകരണ രംഗങ്ങളിൽ നിന്നുള്ളതാണ്. മാധ്യമ പ്രവർത്തനത്തിലെ തൊട്ടപ്പന്മാരും ഗ്രന്ഥകർത്താക്കളും രാഷ്ട്രീയ നേതാക്കളുമായിരുന്നവരാണ് ആദ്യം ഈ ഇരപിടിയന്മാരെന്ന് തിരിച്ചറിയപ്പെട്ടത്. അത് പിന്നീട് മറ്റ് മേഖലകളിലേക്കും കടന്നുവന്നു. പലപ്പോഴും ഇതൊന്നും പുറത്ത് പറയാനുള്ള ശേഷി പോലും ആർക്കും ഉണ്ടാകണമെന്നില്ല. കരിയർ, മാത്രമല്ല, അതിന് തടസമാകുന്നത് മുന്നോട്ടുള്ള ജീവിതം പോലും നഷ്ടമാകാം എന്ന ഭയമാണതിന് അടിസ്ഥാനം. അല്ലെങ്കിൽ പിന്തുണയില്ലാതെ അതിജീവിത നിശബ്ദയായതാകാം. 

ഇത് സിനിമാ, മാധ്യമ, സാംസ്കാരിക മേഖലകളിൽ മാത്രമല്ല, രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗങ്ങളിലും സമസ്ത തൊഴിലിടങ്ങളിലും കാണാം. മാധ്യമരംഗം ഉൾപ്പടെ പലയിടങ്ങളിലും ഔദ്യോഗികമായി തന്നെ നിരവധി പരാതികൾ വരുകയും നല്ല പങ്കും പലവിധ കാരണങ്ങളാൽ പിൻവലിക്കപ്പെടുകയോ തള്ളിപ്പോവുകയോ ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിലെങ്കിലും ഉത്തരാവാദികൾക്കെതിരെ സ്ഥാപനങ്ങൾ (മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പടെ) നടപടി സ്വീകരിച്ചിട്ടുണ്ട്. വേട്ടക്കാരെന്ന് ആരോപിക്കപ്പെട്ടവരിൽ ചിലർക്കെതിരെ നടപടിയും ചിലർക്ക് സ്ഥാനമാനങ്ങളും ഒരേ പാർട്ടികളിൽ തന്നെ കാണാനാകും. മറ്റെല്ലായിടത്തുമെന്ന പോലെ സാംസ്കാരിക മേഖലയിലും ഈ അതിക്രമങ്ങളൊക്കെ നടമാടുന്നത്. ഈയവസ്ഥയെ കുറച്ചുകൂടി ചുരുക്കി പറഞ്ഞാൽ പുറംലോകം അറിഞ്ഞ സംഭവങ്ങളേക്കാൾ ഭയാനകമായിരിക്കും അറിയാത്തവ'. 

ഇതാണ് ആ കുറിപ്പ്. കാസ്റ്റിങ് കൗച്ച് എന്നത് എല്ലാവർക്കും പിടികിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ ഇത് കൃത്യമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാരണം, ഒരുപക്ഷേ, വരും ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടാനിടയുള്ള ഒരു വാക്ക് ആയിരിക്കും ഇത്. വരും കാലങ്ങളിൽ നമ്മുടെ ഇടയിൽ ഏറെ സുപരിചിതമായ വാക്കാകാനും സാധ്യതയുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും സിനിമയിൽ പുതിയ അവസരങ്ങൾ തേടുന്നവർക്കും, ഫിലിം ഇൻഡസ്ട്രിയിൽ പുതിയ പരീക്ഷങ്ങൾ നടത്തുന്നവർക്കും പൊതുസമൂഹത്തിനുമൊക്കെ ഈ അറിവ് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. കൂടുതൽ പേരുടെ അറിവിലേയ്ക്കും ശ്രദ്ധയ്ക്കും ഇത് ഷെയർ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

#CastingCouch #MalayalamCinema #FilmIndustry #CulturalIssues #MediaCoverage

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia