Review | തങ്കം എടുക്കാൻ 'തങ്കലാൻ'; ചിയാൻ വിക്രമിന്റെ ഏറ്റവും മികച്ച പ്രകടനം. 

 
Review

Image Credit: Facebook/ Thangalaan

 * പാ രഞ്ജിത്തിന്റെ ദൃശ്യ വിസ്മയം
 

കെ ആർ ജോസഫ്

(KVARTHA) ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാൻ’ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ചിയാൻ വിക്രമിന്റെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലുടെനീളം കാണാനാവുന്നത്. പാ രഞ്ജിത്ത് ഒരുക്കിയ ഗംഭീര ദൃശ്യ വിസ്മയം എന്ന് വേണമെങ്കിലും ഈ സിനിമയെ വിശേഷിപ്പിക്കാവുന്നതാണ്. വളരെ സ്ലോ ആയി കഥ പറഞ്ഞു പോകുന്ന സിനിമയാണ്. ബ്രിട്ടീഷ് ഭരണാധികാരിയുടെ വാക്കിൽ സ്വർണ്ണം തേടിയിറങ്ങിയ ഒരു കൂട്ടം ഗ്രാമവാസികകളുടെ കഥയാണ് തങ്കലാൻ. 

Review

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.  കൃഷിപ്പണിക്കാരായ ആര്‍ക്കോട്ടെ ഗ്രാമീണർ ബ്രിട്ടീഷുകാരോടൊപ്പം  കോലാറിലേക്ക് പൊന്നു തേടി നടത്തുന്ന യാത്രയും തുടർ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ജന്മിമാരുടെ അടിമകളും തൊട്ടുകൂടാത്തവരുമായി കഴിഞ്ഞ ഒരു ജനതയുടെ തേങ്ങലുകളും കൂലിപോലുമില്ലാതെ തന്‍റെ തന്നെ ഭൂമിയിൽ കൃഷിചെയ്ത് ജീവിക്കേണ്ടിവരുന്നവരുടെ നിസ്സഹായവസ്ഥയും അതിൽ നിന്നും സ്വാതന്ത്ര്യം സ്വപ്നം കാണുന്നവരിലേക്കുള്ള മനുഷ്യരുടെ പ്രയാണവും സിനിമ അടയാളപ്പെടുത്തുന്നുണ്ട്. 

വെള്ളത്തോടൊപ്പം പൊന്നും ഒഴുകിയെത്തിയ പൊന്നാറും കടന്ന് ആനമലയിലേക്കുള്ള ഗ്രാമീണരുടെ യാത്രയോടൊപ്പം യാഥാര്‍ഥ്യവും സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും മിത്തും രാഷ്ട്രീയവും കാൽപ്പനികതയും ചരിത്രവും ചേർത്തുവെച്ചതാണ് സിനിമയുടെ തിരക്കഥ. മലയാളത്തിന്റെ മാളവിക മോഹനനും വിക്രം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. പാര്‍വതി തിരുവോത്തിനും മികച്ച കഥാപാത്രമാണ് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. സിനിമയിൽ വിക്രത്തിന്‍റെ തങ്കലാനോളം തന്നെ ശക്തമായ വേഷമാണ് തങ്കലാന്‍റെ ഭാര്യ ഗംഗമ്മയായെത്തിയിരിക്കുന്ന പാർവ്വതിയുടേത്. വിക്രത്തെപ്പോലെ തന്നെ ഈ സിനിമയിൽ  മാളവിക മോഹനൻ, പാർവതി തിരുവോത്ത് എന്നിവരും മികച്ച പെർഫോമൻസ് നടത്തിയിട്ടുണ്ട്. 

കൂടാതെ പശുപതിയും അദ്ദേഹത്തിൻ്റെ കഥാപാത്രം മികച്ചതാക്കി.  3 കാലഘട്ടത്തിലെ 3 കഥാപാത്രങ്ങളിലൂടെ വിക്രത്തിന്റെ അന്യായ പെർഫോമൻസിലൂടെ പാ രഞ്ജിത്ത് കഥ അവതരിപ്പിക്കുന്നു. വിക്രത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ വേഷമെന്ന് വിശേഷിപ്പിക്കാം പാ രഞ്ജിത്ത് ഒരുക്കിയ ‘തങ്കലാൻ’ എന്ന കഥാപാത്രം. അത്രമാത്രം ശക്തമാണ് ഈ കഥാപാത്രം. എത്രത്തോളം കഠിനാദ്ധ്വാനാണ് ചിയാൻ വിക്രം ചിത്രത്തിനായി ചെയ്‍തത് എന്ന് തങ്കലാൻ വ്യക്തമാക്കുന്നു. 

ഫാൻറസി, നിധിവേട്ട രീതിയിൽ ആണ് ചിത്രം പോകുന്നത്. കാർത്തിയുടെ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലെ പോലെ വേറിട്ട രീതിയിൽ ആണ് കഥ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രേക്ഷകരെ വിസ്മയിപ്പിക്കാനും അമ്പരപ്പിക്കാനും തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനും പറ്റുന്നൊരു അസാധ്യ മേക്കിംഗാണ് തങ്കലാന്‍റേത് എന്ന് ഒറ്റവാക്കിൽ വേണമെങ്കിൽ വിശേഷിപ്പിക്കാം. ഈ  ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോര്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം ജി വി പ്രകാശ് കുമാറാണ്. എസ് എസ് മൂർത്തിയാണ് കലാ സംവിധാനം.  

പ്രകൃതിയും മനുഷ്യരും കൊമ്പുകോർക്കുന്ന ദൃശ്യങ്ങൾ ഉള്‍പ്പെടെ ഞെട്ടിപ്പിക്കുന്ന രീതിയിൽ പകർത്തിയിരിക്കുന്ന കിഷോർ കുമാറിന്‍റെ ഛായാഗ്രഹണ മികവും സെൽവയുടെ ചിത്രസംയോജനവും ജിവി പ്രകാശ് കുമാറിന്‍റെ ഉള്ളുതൊടുന്ന സംഗീതവുമെല്ലാം ചിത്രത്തെ ഒരു ദൃശ്യവിസ്മയം തന്നെയാക്കിയിരിക്കുകയാണ്. വിഎഫ്ക്സ് രംഗങ്ങളും കൺവിൻസിംഗ് ആയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ എല്ലാം തികഞ്ഞൊരു പിരിയോഡിക് ആക്ഷൻ അഡ്വഞ്ചർ ഡ്രാമയെന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. വലിയ സ്കേയിലിലാണ് പടം സെറ്റ്‌ ചെയ്തിരിക്കുന്നത്.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ്  തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാണ് തങ്കലാൻ സിനിമ. തങ്കലാൻ സിനിമ കാണാൻ പോകുന്നവരോടൊരപേക്ഷ. ദയവു ചെയ്ത് മലയാളത്തിൽ കാണരുതേ എന്ന് പറയുകയാണ്. തമിഴിൽ തന്നെ ഈ സിനിമ കാണണം. എങ്കിലേ മനസിലാകൂ. നിങ്ങൾ യൂട്യൂബിൽ തമിഴ് ട്രെയിലറും മലയാളം ട്രെയിലറും കണ്ടു നോക്കൂ. മലയാളത്തിൽ ഡബ്ബ് ചെയ്ത് നശിപ്പിച്ചു വെച്ചിട്ടുണ്ട്. പഴയകാല കഥയാണ് സിനിമ പറയുന്നത്. അതുകൊണ്ട് തന്നെ വി എഫ് എക്സ് കളർ അങ്ങനെയേ ചെയ്യാൻ പറ്റൂ.

ഉൾനാടൻ തമിഴ് സ്ലാങ് ആണ് ഉപയോഗിച്ചിരിക്കുന്നത്. വിക്രം, പാർവതി, മാളവിക, പശുപതി, എന്ന് വേണ്ട അതിൽ അഭിനയിച്ചിരിക്കുന്നവരുടെ ഡെഡിക്കേഷൻ സമ്മതിച്ചിരിക്കുന്നു. ഒരിക്കൽ കൂടി അംഗീകാരങ്ങൾ ഒരുപാട് നേടിയാലും അത്ഭുതപ്പെടാൻ ഇല്ലാത്ത വിധത്തിൽ ഗംഭീരപ്രകടനവും ആയി ചിയാൻ വിക്രമും. ഇന്ത്യൻ സിനിമയിൽ തന്നെ വേഷപ്പകർച്ചകളിൽ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് ചിയാൻ വിക്രം. ലഭിക്കുന്ന സിനിമകളിൽ വേറിട്ട കഥാപാത്രമായി മാറാനുള്ള വിക്രത്തിന്‍റെ കഷ്ടപ്പാടുകളും അതിനായുള്ള ശാരീരകവും മാനസികവുമായ തയ്യാറെടുപ്പുകളുമൊക്കെ എന്നും ചർച്ചയായിട്ടുണ്ട്. ഈ ചിത്രത്തിൽ ഇതിനും മുകളിൽ ആ നായക വേഷം ചെയ്യാൻ മറ്റാരുമില്ല. എല്ലാ പ്രേക്ഷകർക്കും ഒരു പോലെ ഈ സിനിമ ദഹിക്കണം എന്നില്ല. എങ്കിലും ഇത്തരത്തിൽ ഉള്ള സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia