Inspiration | 'എന്നില്‍ വിശ്വസിച്ചു, എന്നെ തന്നെ മാതൃകയാക്കി'; സൂര്യയുടെ വാക്കുകൾ നിങ്ങളെ പ്രചോദിപ്പിക്കും! ജീവിതത്തെയും മാറ്റിമറിച്ചേക്കാം


കാര്‍ത്തിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ ലോഞ്ച് പരിപാടിയില്‍ രജനി സാര്‍ പറഞ്ഞൊരു കാര്യമുണ്ട്. 'ജീവിതത്തില്‍ എല്ലാവര്‍ക്കും രക്ഷപ്പെടാന്‍ ഒരവസരം ലഭിക്കും, ആ നിമിഷം തന്നെ അത് ഉപയോഗിക്കുക. അതില്‍ രണ്ടാമതൊന്ന് ചിന്തിച്ചാല്‍ പിന്നീട് ആ അവസരം വീണ്ടും വന്നുകൊള്ളണമെന്നില്ല. തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ പഠിക്കുക. അത് മനസിരുത്തി ചിന്തിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉത്തരം ലഭിക്കും'.
കെ ആർ ജോസഫ്
(KVARTHA) നടൻ സൂര്യ, അദ്ദേഹം തമിഴ് ലോകത്തിന് മാത്രമല്ല, മലയാളികൾക്കും ഏറെ പ്രിയങ്കരനാണ്. തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും അദ്ദേഹത്തിന് വലിയ രീതിയിൽ ഫാൻസും ഫാൻസ് അസോസിയേഷനുകളും ഉണ്ട്. തമിഴിൽ ഇപ്പോൾ രജനികാന്ത്, കമൽ ഹാസൻ കഴിഞ്ഞാൽ പടം നഷ്ടം കൂടാതെ തിരിച്ച് പിടിക്കാമെന്ന് നിർമ്മാതാക്കൾക്ക് വിശ്വാസമുള്ള രണ്ട് യുവ നടന്മാരെ ഉള്ളു. അത് വിജയും സൂര്യയുമാണ്. ഇവരുടെ രണ്ട് പേരുടെയും സിനിമകൾ റിലീസ് ആകുന്ന അന്ന് കേരളത്തിലെ തീയേറ്ററുകളിൽ പോലും ഹൗസ് ഫുൾ ആയിരിക്കും. രണ്ട് ദിവസം കൊണ്ട് തന്നെ കോടികൾ ഇവിടെ നിന്ന് വാരുകയും ചെയ്യും. മറ്റ് മലയാള സിനിമകളെ തന്നെ പിന്തള്ളിയാണ് ഇവരുടെ സിനിമകൾ ഇവിടെ നിന്ന് വിജയിച്ചു പോകുന്നതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ആക്ഷൻ, മാസ് റോളുകളിലൂടെ വിജയ് പ്രേക്ഷകരെ കയ്യിൽ എടുക്കുമ്പോൾ വ്യത്യസ്തവും വൈവിധ്യവുമാർന്ന റോളുകളിലൂടെയാണ് സൂര്യ തൻ്റെ ഇഷ്ടക്കാരെ രസിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടെയും ഇടയിൽ സിനിമയിൽ ആരോഗ്യപരമായ ഒരു മത്സരം തന്നെ നടക്കുന്നു എന്ന് വേണം പറയാൻ. അടുത്തിടെയാണ് സൂര്യജന്മദിനം ആഘോഷിച്ചത്. ഈ ജന്മദിന നാളിൽ അദ്ദേഹത്തിൻ്റേതായി വന്ന ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. ശരിക്കും ഒരു മോട്ടിവേഷൻ എന്ന് വേണമെങ്കിൽ അതിനെ നിർവചിക്കാവുന്നതാണ്. അതിൽപ്പറയുന്ന കാര്യങ്ങൾ ആരിലും വളർച്ചയ്ക്കുള്ള ഒരു പ്രചോദനമാകും, തീർച്ച.
കുറിപ്പിൽ പറയുന്നത്:
'ഞാൻ സപ്ലി എഴുതി ബി.കോം പാസായ വ്യക്തിയാണ്, അങ്ങനെയുള്ള ഞാന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ നിങ്ങള്‍ക്ക് ഉപദേശം നല്‍കുകയാണെന്ന് വിചാരിക്കരുത്. ജീവിതത്തില്‍ ഞാന്‍ പഠിച്ച ചില പാഠങ്ങള്‍ നിങ്ങളോട് പങ്കുവെയ്ക്കാം. 1995ല്‍ ബി.കോം പൂര്‍ത്തിയാക്കുമ്പോള്‍, ഞാൻ വെറും ശരവണൻ ആയിരുന്നു. ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ള സൂര്യയായി മാറുമെന്ന് അന്ന് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. നടനാകണമെന്ന് വിചാരിച്ചല്ല ഞാൻ സിനിമയില്‍ എത്തിയത്, യാദൃച്ഛികമായി നടനായി തീർന്ന വ്യക്തിയാണ്.
ഞാന്‍ എന്നില്‍ തന്നെ ഒരുപാട് വിശ്വസിച്ചു. എന്നെ തന്നെ മാതൃകയാക്കി, സ്വയം പ്രതീക്ഷ നല്‍കി മുന്നോട്ട് പോയി. അങ്ങനെ എന്റെ ജീവിതം തന്നെ മാറി. ജീവിതത്തില്‍ വിശ്വസിക്കൂ. അത് എപ്പോഴും എന്തെങ്കിലുമൊക്കെ സര്‍പ്രൈസുകള്‍ തന്നുകൊണ്ടിരിക്കും. അത് പക്ഷേ പ്രവചിക്കാന്‍ കഴിയില്ല. എന്തും സംഭവിക്കാം. ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട് പോകണം. നിങ്ങള്‍ ആവശ്യപ്പെടുന്ന കാര്യം ചിലപ്പോള്‍ സംഭവിച്ചുകൊള്ളണമെന്നില്ല, എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് തീര്‍ച്ചയായും സംഭവിച്ചിരിക്കും. എന്റെ കാര്യത്തില്‍ അത് സംഭവിച്ചിട്ടുണ്ട്.
മൂന്ന് കാര്യങ്ങള്‍ ജീവിതത്തില്‍ നിര്‍ബന്ധമായും വേണം. ഒന്നാമത്തേത് സത്യസന്ധത, എന്ത് കാര്യത്തിലും സത്യസന്ധത ഉണ്ടായിരിക്കണം, അത് പഠനത്തിലായാലും പ്രണയബന്ധങ്ങളിലായാലും. രണ്ടാമത്തെ കാര്യം പോസിറ്റീവ് ആയി ചിന്തിക്കാനുളള കഴിവ്. മൂന്നാമത്തേത് ജീവിത ലക്ഷ്യം. ഞാൻ ആദ്യമായി ഒരു നൂറുരൂപ സമ്പാദിച്ചത് എങ്ങനെയെന്ന് ഓര്‍മയില്ല. ആദ്യകാലത്ത് എന്റെ കൂടെ അഭിനയിച്ച സഹതാരത്തിന് നിര്‍മാതാവ് കൊടുത്തത് ഒരു കോടിയുടെ ചെക്കാണ്. എന്റെ കണ്‍മുന്നില്‍ വെച്ചാണ് അദ്ദേഹത്തിന് ആ ചെക്ക് നല്‍കിയത്. അന്നെനിക്ക് പ്രതിഫലമായി ലഭിച്ചത് മൂന്ന് ലക്ഷം രൂപയാണ്, അതും മുഴുവനായി ലഭിച്ചില്ല.
എന്നാല്‍ ആ നിര്‍മാതാവ് അദ്ദേഹത്തിന്റെ കയ്യാല്‍ ഒരു കോടി രൂപ പ്രതിഫലം ഒരിക്കല്‍ എനിക്കും നല്‍കുമെന്ന് ഞാൻ വെറുതെ പറഞ്ഞിരുന്നു. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നിര്‍മാതാവ് ഒരു കോടിയുടെ ചെക്ക് എനിക്ക് പ്രതിഫലമായി നല്‍കി. ഞാൻ ഒരു നടന്റെ മകനായതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് നിങ്ങൾ വിചാരിക്കരുത്. നമ്മുടെ മനസ്സിന്റെ ഉള്ളിലാണ് ലക്ഷ്യ ബോധം വളരേണ്ടത്. അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും സംഭവിച്ചിരിക്കും.
കാര്‍ത്തിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ ലോഞ്ച് പരിപാടിയില്‍ രജനി സാര്‍ പറഞ്ഞൊരു കാര്യമുണ്ട്. 'ജീവിതത്തില്‍ എല്ലാവര്‍ക്കും രക്ഷപ്പെടാന്‍ ഒരവസരം ലഭിക്കും, ആ നിമിഷം തന്നെ അത് ഉപയോഗിക്കുക. അതില്‍ രണ്ടാമതൊന്ന് ചിന്തിച്ചാല്‍ പിന്നീട് ആ അവസരം വീണ്ടും വന്നുകൊള്ളണമെന്നില്ല. തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ പഠിക്കുക. അത് മനസിരുത്തി ചിന്തിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉത്തരം ലഭിക്കും'.
സ്വന്തം വിശ്വാസവും വേണം
ഇതാണ് ആ കുറിപ്പ്. നമ്മുടെ ജീവിതത്തിന് ആദ്യം വേണ്ടത്, ദൈവത്തിൽ വിശ്വസിക്കുക, ശേഷം അവനവനിലും വിശ്വസിക്കുക എന്നാണെന്ന് സൂര്യ പറയുന്നു. ഇത് എല്ലാ അർത്ഥത്തിലും അർത്ഥവത്താണ്. സ്വയം വിശ്വാസമുള്ളവർക്ക് മാത്രമേ എന്തിനെയും അതിജീവിക്കാൻ സാധിക്കു. പ്രതിബന്ധങ്ങളെ മറികടക്കാൻ പറ്റൂ. അങ്ങനെയുള്ളവർക്കാണ് ജീവിത വിജയമെന്നാണ് സൂര്യ തൻ്റെ സ്വന്തം ജീവിതാനുഭവത്തിലൂടെ വ്യക്തമാക്കി തരുന്നത്. എല്ലാവർക്കും ഒരുപാട് കഴിവുകൾ ഉണ്ടായിരിക്കും. പക്ഷേ, കഴിവുകൾ മാത്രം പോരാ സ്വന്തം വിശ്വാസവും വേണം. അതാണ് എല്ലാ ജീവിതവിജയത്തിൻ്റെയും കാതലായ സത്യം.