

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 1980-കളിൽ 'ശങ്കരാഭരണം' എന്ന സിനിമ ഒരു തരംഗമായിരുന്നു.
● ഒരു ദിവസം 28 കന്നഡ ഗാനങ്ങൾ റെക്കോർഡ് ചെയ്തു.
● 16 ഭാഷകളിലായി 40,000-ലേറെ ഗാനങ്ങൾ പാടി.
● ആറ് ദേശീയ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
● മൂന്ന് പത്മ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു.
ഭാമനാവത്ത്
(KVARTHA) ഇന്ത്യൻ സംഗീതത്തിലെ നിലക്കാത്ത നാദം എസ്പിബി വിട പറഞ്ഞിട്ട് ഇന്ന് (സെപ്തംബർ 25) അഞ്ച് വർഷം. നാല് പതിറ്റാണ്ട് മുൻപ്, 1980-കളിൽ കേരളത്തിലെ സിനിമാ തിയേറ്ററുകൾ പൂരപ്പറമ്പായി മാറിയിരുന്ന കാലം. സെക്കൻഡ് ഷോ പോലും ഹൗസ്ഫുള്ളായി ഓടിയിരുന്ന ആ കാലഘട്ടം ഇന്നത്തെ തലമുറക്ക് വിശ്വസിക്കാൻ പ്രയാസമാണ്.

മലയാള സിനിമയുടെ ഉജ്ജ്വല കാലഘട്ടമായിരുന്നു അത്. അക്കാലത്താണ് തെലുങ്കിൽ ഒരു മുഴുനീള സംഗീതചിത്രം ഇറങ്ങുന്നത്. അതുവരെ കേട്ടുപരിചയിച്ച സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിൽ ഒരു സിനിമ, 'ശങ്കരാഭരണം'. കെ. വി. മഹാദേവൻ എന്ന സംഗീത മാന്ത്രികൻ്റെ ശക്തി തെളിയിച്ച പത്ത് ഗംഭീര ഗാനങ്ങൾ. ആ ഗാനങ്ങളിൽ ഒൻപതും ആലപിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യം എന്ന ഒരൊറ്റ വ്യക്തിയായിരുന്നു.
ഗാനം തെലുങ്ക് ഭാഷയിലായിരുന്നിട്ടും, കാശ്മീർ മുതൽ കന്യാകുമാരി വരെ ആ ചിത്രം സംഗീതത്തിൻ്റെ പേരിൽ ആഘോഷിക്കപ്പെട്ടു. സംഗീതത്തിന് ഭാഷയില്ലെന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് കേരളത്തിലെ ഉൾഗ്രാമങ്ങളിൽ പോലും സിനിമ നൂറ് ദിവസം ഓടി. അഞ്ചും പത്തും തവണ സിനിമ കണ്ടവർ നിരവധി.
2020 സെപ്റ്റംബർ. ചെന്നൈയിലെ ഒരു ആശുപത്രി. ലോകത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിയ കോവിഡ് മഹാമാരി അതിൻ്റെ താണ്ഡവ നൃത്തം തുടർന്നിരുന്ന കാലഘട്ടം. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ എസ്.പി.യെക്കുറിച്ചറിഞ്ഞ ആരാധകർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി.
എല്ലാ ദൈവങ്ങളെയും വിളിച്ച് അവർ പ്രാർത്ഥിച്ചു. എസ്.പി.യുടെ 'ശങ്കരാഭരണം' എന്ന സിനിമയിലെ 'ശങ്കരാ നാദ ശരീരാ പരാ...' എന്ന ഗാനം ഉപയോഗിച്ച് ശബരിമലയിൽ സംഗീതാർച്ചന പോലും നടത്തി. ആരാധകർ കൂട്ടമായി പ്രാർത്ഥിച്ചു, 'ഞങ്ങളുടെ ബാലുവിന് ഒന്നും വരുത്തരുതേ... ബാലു സാർ എഴുന്നേറ്റു വാ... നിലാവേ വാ...'. ജന്മംകൊണ്ട് ആന്ധ്രക്കാരനാണ് എന്ന് അവർ ആ സമയത്ത് ഓർത്തില്ല. കാരണം, ചില പ്രതിഭാസങ്ങൾ അങ്ങനെയാണ്. അവർ സൃഷ്ടിച്ച ഓളങ്ങൾക്കും അവർ ബാക്കിവെച്ചു പോകുന്ന ശൂന്യതക്കും എന്നും ഒരു കാന്തിക പ്രഭയുണ്ടാകും.
എസ്.പി.യുടെ കടന്നുവരവിനെപ്പറ്റി എവിടെയോ വായിച്ചിരുന്നു. ആദ്യമായി ഒരു കന്നഡ ഗാനം പാടിയപ്പോൾ, പാട്ട് നന്നായില്ലെന്ന് പറഞ്ഞ് സംഗീതസംവിധായകൻ അദ്ദേഹത്തെ മടക്കി അയച്ചു. ഹൃദയം തകർന്ന് നിലവിളിച്ച എസ്.പി.യെ അതേ സംവിധായകൻ പിന്നീട് നെഞ്ചോട് ചേർത്തുവെച്ചതും, ജീവിതാവസാനം വരെ തൻ്റെ ഗാനങ്ങൾ പാടാൻ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയതും മറ്റൊരു കഥ.
നമുക്ക് ലഭിക്കാതെ പോകുമായിരുന്ന എസ്.പി.യെ നമുക്ക് തന്നതിന് കാരണക്കാരൻ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ എസ്.പി.യുടെ ഒരു ഉറ്റ ചങ്ങാതിയാണ്, മുരളി. സംഗീതസംവിധായകൻ കോദണ്ഡരാമൻ ഉച്ചയ്ക്ക് ഒന്നരയ്ക്ക് സ്റ്റുഡിയോയിൽ എത്താൻ കാർ അയക്കാമെന്ന് പറഞ്ഞു. എന്നാൽ മൂന്നരയായിട്ടും കാർ വന്നില്ല.
തൻ്റെ ശബ്ദം അദ്ദേഹത്തിന് ഇഷ്ടപ്പെടാത്തതുകൊണ്ടാകുമെന്ന് കരുതി എസ്.പി. വിഷമിച്ചു. ദുഃഖം മാറ്റാൻ ഒരു സിനിമക്ക് പോകാൻ വേണ്ടി മുരളിയോട് പറഞ്ഞു. എന്നാൽ മുരളി വിട്ടില്ല. സ്വന്തം സൈക്കിളിൻ്റെ പിന്നിൽ എസ്.പി.യെ ഇരുത്തി 50 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടി വിയർത്ത് അവശനായി സ്റ്റുഡിയോയിലെത്തി.
കടുത്ത ചൂടിലായിരുന്ന സംഗീതസംവിധായകൻ പൊട്ടിത്തെറിച്ചു, ‘അഹങ്കാരി’ എന്ന് വിളിച്ചു. മറുപടി കേൾക്കാനുള്ള ക്ഷമ അദ്ദേഹം കാണിച്ചത് നമ്മുടെയൊക്കെ ഭാഗ്യം. പിന്നീട് നടന്നത് ചരിത്രം. എല്ലാം കാലം സാക്ഷി.
അത് ഒരു തുടക്കമായിരുന്നു. അവസാനമില്ലാത്ത സ്വരരാഗ ഗംഗാ പ്രവാഹത്തിൻ്റെ തുടക്കം. അത് വർഷങ്ങളായി അനർഘളമായി ഒഴുകി. ഊണിലും ഉറക്കത്തിലും, വെയിലിലും മഴയിലും, വേദനയിലും സന്തോഷത്തിലും ആ ശബ്ദം നമ്മുടെ കൂടെ നിന്നു. പതിനാറോളം ഭാഷകളിൽ 40,000-ലേറെ ഗാനങ്ങൾ. ഇന്ത്യ മുഴുവൻ ആ സ്വരമാധുരി ഏറ്റുവാങ്ങി.
ലഭിച്ച അംഗീകാരങ്ങൾക്ക് കയ്യും കണക്കുമില്ല. പക്ഷേ, ബാലു എന്നും ബാലുവായിരുന്നു. വന്ന വഴികൾ മറക്കാത്ത ബാലു. ഹൃദയം കൊണ്ട് പാടിയ ബാലു. മറ്റുള്ളവരുടെ മനസ്സിൽ സ്ഥാനം നേടിയ ബാലു. നമുക്ക് ബാലു ഒരു വികാരമാണ്. നിറഞ്ഞ ചിരിയും തമാശകളും കൊണ്ട് നമ്മളിലൊരാളായി മാറിയ ബാലു.
കിരീടം ചൂടി നിൽക്കുമ്പോഴും എളിമ കൊണ്ട് നമ്മളെ അദ്ഭുതപ്പെടുത്തിയ ബാലു. വിനയത്തിൻ്റെ മൂർത്തിഭാവമായ ബാലു ഒരിക്കൽ പറയുകയുണ്ടായി, ‘ഒന്നും എൻ്റെ സൃഷ്ടിയല്ല. എല്ലാം ആരോ സൃഷ്ടിച്ച തിരക്കഥ.
ഞാൻ അതിനനുസരിച്ച് ആടുന്നു, പാടുന്നു. അല്ലാത്തപക്ഷം പഴയ ഡാൽഡ പെട്ടിയും മുട്ടി ഹരികഥ പറഞ്ഞു നടക്കേണ്ടവനാണ് ഈ ഞാൻ. ആ അദ്ഭുതശക്തികൊണ്ടു മാത്രമാണ് എനിക്ക് ഇത്രയും ഭാഷകൾ പഠിക്കാൻ പറ്റിയത്.’ ആ വിനയത്തിനു മുമ്പിൽ അദ്ഭുതസ്തബ്ധരായി ആരാധകർ കൈകൂപ്പുന്നു.
യേശുദാസിന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരങ്ങൾ നേടിയ ഗായകൻ. ആറ് ദേശീയ പുരസ്കാരങ്ങൾ, എണ്ണമില്ലാത്ത സംസ്ഥാന പുരസ്കാരങ്ങൾ, കയ്യും കണക്കുമില്ലാത്ത മറ്റ് അംഗീകാരങ്ങൾ. രാജ്യം മൂന്ന് പത്മ ബഹുമതികളും നൽകി ആദരിച്ച അപൂർവ്വം ചിലരിൽ ഒരാൾ.
1981 ഫെബ്രുവരിയിൽ ഒറ്റ ദിവസം 28 കന്നഡ ഗാനങ്ങളും 16 തമിഴ് ഗാനങ്ങളും 8 ഹിന്ദി ഗാനങ്ങളും റെക്കോർഡ് ചെയ്തു എന്ന് കേൾക്കുമ്പോൾ ലോകം എസ്.പി.ക്ക് മുമ്പിൽ വിസ്മയിച്ചു പോകുന്നു.
സംഗീത പ്രേമികളായ നമ്മൾ ഭാഗ്യവാന്മാരാണ്. ഇത്തരം മഹാനുഭവന്മാരെ കാണാനും അവരുടെ ശബ്ദസൗകുമാര്യം നേരിട്ട് കേട്ട് അനുഭവിക്കാനും ഭാഗ്യം ലഭിച്ചതിന്.
എസ്പിബി നിങ്ങൾക്കൊരു വികാരമാണോ? എങ്കിൽ അദ്ദേഹത്തിൻ്റെ ഈ ഓർമ്മക്കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടൂ.
Article Summary: SPB's fifth death anniversary; a look back at his legacy.
#SPB #SPBalasubrahmanyam #MusicLegend #IndianMusic #FifthDeathAnniversary #MelodyKing