Short Film | മകളെ കെട്ടിച്ചു വിട്ട വീട്ടിൽ വന്നിട്ട് അപമാനിതയായി കണ്ണീരൊഴുക്കി പോകേണ്ടി വരുന്ന ഒരമ്മയുടെ കഥ; ജനഹൃദയങ്ങൾ കീഴടക്കി ഹ്രസ്വ ചിത്രം


ഓരോരുത്തർക്കും ഇത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ സ്വന്തം അനുഭവം ആയി മാറുന്നു
ഡോണൽ മുവാറ്റുപുഴ
(KVARTHA) മകളെ കെട്ടിച്ചു വിട്ട വീട്ടിൽ വന്നിട്ട് അപമാനിക്കപ്പെട്ട് കണ്ണീരൊഴുക്കി പോകേണ്ടി വരുന്ന ഒരമ്മയുടെ കഥ പറയുന്ന ഷോർട്ട് ഫിലിം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഈ ഷോർട്ട് ഫിലിം കണ്ട ധാരാളം പേർ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഷെയർ ചെയ്യുന്നുണ്ട്. പണം കുറവാണ് എന്ന ഒറ്റ കാരണം കൊണ്ട് മകളുടെ വീട്ടിൽ എത്തിയ അമ്മയ്ക്ക് അവിടെ നിന്നും ലഭിച്ച തിക്താനുഭവങ്ങളുടെ പേരിൽ ഇറങ്ങി പോകേണ്ടി വരുന്ന അവസ്ഥ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. അവസ്ഥ അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഒപ്പം തന്നെ മകളുടെ മാനസിക വിഷമവും. അങ്ങനെ അവസ്ഥ ഒരു മകൾക്കും വരാതിരിക്കട്ടെ എന്ന് മാത്രമാണ് പറയാനുള്ളത്.
ഇപ്പോഴും ഉണ്ട് ഇങ്ങനത്തെ അമ്മായിഅമ്മമാർ എന്നാണ് ഈ ഷോർട്ട് ഫിലിം കണ്ട് പലരും അഭിപ്രായപ്പെടുന്നത്. എന്റെ പൊന്നോ എന്റെ അനുഭവം തന്നെ, ഞാനും കുറേ അനുഭവിച്ചിട്ടുള്ളതാ, കഴിക്കാൻ കൊടുത്തിട്ട് അതിന്റെ കണക്ക് വരെ വിളിച്ചു പറഞ്ഞിട്ടുണ്ട്, എന്ന് ഷോർട്ട് ഫിലിം കണ്ടശേഷം അഭിപ്രായപ്പെട്ടവരും കുറവല്ല. എന്തായാലും ഈ ഷോർട്ട് ഫിലിം കണ്ടവർ വീണ്ടും കാണുന്നു. ഒപ്പം മറ്റുള്ളവരെ കാണാനും പ്രേരിപ്പിക്കുന്നു എന്ന് പറയുന്നതാവും ഉചിതം. വലിയൊരു സന്ദേശം തന്നെയാണ് ഈ ഷോർട്ട് ഫിലിം സമൂഹത്തിന് പകർന്നു നൽകുന്നത്. അതിനാൽ എല്ലാവരും ഇത് ഏറ്റെടുത്തിരിക്കുന്നു.
മനോഹരം എന്നു പറഞ്ഞാൽ മതിയാവില്ല. 'പല മാതാപിതാക്കളുടേയും അനുഭവങ്ങൾ ആണ്. മകളെ കെട്ടിച്ചു വിട്ട വീട്ടിൽ ഒരു ദിവസം പോലും കൊച്ചു മക്കളോടൊപ്പം താമസിക്കാൻ പറ്റാത്ത അച്ഛനമ്മമാർ അതൊരു തീരാ ദുഃഖം തന്നെയാണ്. ഹൃസ്വമായ ചിത്രീകണം. എങ്കിലും കാണിച്ചും, പറഞ്ഞും തീർത്തത് 80% വീടുകളിലെയും അവസ്ഥയാണ്, മക്കളോടു കാണിക്കുന്ന പരിഗണന മരുമക്കളോടു പുലർത്താൻ ബോധപൂർവ്വം മറക്കുന്നു. മരുമക്കളായ പെൺകുട്ടികൾ പലപ്പോഴും അന്യരാണ്, അവരുടെ മാതാപിതാക്കൾ വെറുക്കപ്പെട്ടവരും. എന്തൊരു വേദനയാണ് ആ പെൺകുട്ടിയും, മാതാപിതാക്കളും സഹിക്കേണ്ടി വരുന്നത് .
ഈ നൊമ്പരമാണ് അമ്മായിഅമ്മമാരോട് പൊരുതാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നത്. അത് പിന്നെ വൃദ്ധസദനങ്ങളിൽ വരെ എത്തിയേക്കാം. ഒറ്റ ഫോർമുലായേ ഉള്ളൂ. മരുമക്കളെയും, അവരുടെ മാതാപിതാക്കളെയും മാനിക്കുക, സ്നേഹിക്കുക പരിഗണിക്കുക, ഞാൻ അനുഭവിച്ചത് എൻ്റെ മരുമകൾക്ക് ഉണ്ടാവരുതെന്ന് പ്രതിഞ്ജ ബദ്ധമാവുക. ഈ ഹൃസ്വചിത്രം പുനർചിന്തനത്തിനു വഴിയൊരുക്കട്ടെ. ഇതിലെ കഥാപാത്രങ്ങൾ എല്ലാവരും നന്നായി അഭിനയിച്ചു ജീവിച്ചു എന്ന് തന്നെ പറയേണ്ടി വരും. അമ്മയുടെ കരച്ചിൽ, ശരിക്കും നെഞ്ചിൽ കുത്തി വേദനിപ്പിച്ചു, പാവം അമ്മ, സ്വന്തം മോളോട് ഒന്ന് സംസാരിക്കാൻ പോലും സമയം കിട്ടിയില്ല. അമ്മായിയമ്മയുടെ ആ പറഞ്ഞു വിടാനുള്ള തിടുക്കവും, ബസിന്റെ സമയം പറച്ചിലും കേട്ടപ്പോൾ തന്നെ വല്ലാത്ത ദേഷ്യം വന്നു പോയി അമ്മായിയമ്മയോട്. ആ പാവം അമ്മ പോണത് കാണുമ്പോൾ ആരും കരഞ്ഞു പോകുക സ്വാഭാവികം.
പാവം അമ്മ. പെൺമക്കൾ ഉള്ള അമ്മമാർക്ക് ആർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. അമ്മയുടെ തിരിച്ച് പോക്ക് ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ഈ ഷോർട്ട് ഫിലിം കണ്ട് ഒരാൾ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. ആ അമ്മയ്ക്ക് വീട്ടിൽ കയറാനെങ്കിലും പറ്റിയല്ലോ. ഇതുപോലെ പലഹാരങ്ങളുമായി അപ്പുറത്തെ ജംഗ്ഷനിൽ വന്നു കൊച്ചു മക്കളെ കണ്ടിട്ടുപോകുന്ന അമ്മൂമ്മമാരും അപ്പൂപ്പൻമാരും ആണ് ഇവിടെയുള്ളത്. ഒരു ദിവസം വീട്ടിൽ കയറിയതിന് കറിക്കത്തി എടുത്താണ് പ്രതിഷേധം അറിയിച്ചത്. 40 കി മീറ്റർ വണ്ടിയും ഓടിച്ചു വരുന്ന അച്ഛന് ഒരുതുള്ളി വെള്ളം കൊടുക്കാൻ അപ്പുറത്തെ വീട്ടിൽ വിളിച്ചു കൊണ്ട് പോകേണ്ടി വന്നിട്ടുണ്ട്. ശരിക്കും എന്തൊരു അവസ്ഥ അല്ലേ? സ്വന്തം തല മറന്ന് എണ്ണ തേച്ചാൽ ഇതുതന്നെ ആയിരിക്കും അവസ്ഥ.
സാമ്പത്തികമായി ഒന്നും ഇല്ലങ്കിലും പെൺകുട്ടികളെ കെട്ടിച്ചുകൊടുക്കാൻ സർക്കാർ ജോലിക്കാരെ കാത്തു നിൽക്കുന്ന ഒരു വിഭാഗം ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. അതുപോലെ സാമ്പത്തികമായി ഉള്ളടം നോക്കി ചാടിപ്പോകുന്ന വേറൊരുകുട്ടർ. നമ്മുടെ നാട്ടിലെ സാമ്പത്തികമായി താഴ്ന്നു നിൽക്കുന്ന 90 ശതമാനം കുട്ടികൾക്കും ഇതുപോലെ സംഭവിക്കും. അപ്പോഴാണ് മാതാപിതാക്കൾ ചിന്തിക്കുക. മറ്റുള്ളവന്റെ സ്വത്തിനേക്കാൾ വലുത് സ്വന്തം കുട്ടിയാണെന്ന ചിന്ത എപ്പോഴും വേണം. ഇങ്ങനെ അഭിപ്രായം പ്രകടിപ്പിച്ചവരും ഉണ്ട്.
എന്നാൽ ഇതുകണ്ട് ഒരു രസകരമായ അഭിപ്രായം ഇതായിരുന്നു. പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾക്ക് പെണ്ണു കിട്ടാതായി തുടങ്ങിയതോടെ പോരുകാരായ അമ്മായിയമ്മമാരുടെ അഹങ്കാരം കുറയാൻ തുടങ്ങിയിട്ടുണ്ട്. നീ എവിടുന്നെങ്കിലും ഒരു പെണ്ണിനെ കൊണ്ടുവാടാ എന്ന് ഗതികെട്ടു പറയാൻ തുടങ്ങി. കാണിച്ചുകൂട്ടിയ അഹങ്കാരത്തിന് കാലത്തിന്റെ ദൈവത്തിന്റെ മധുരമായ പകരം വീട്ടൽ തുടങ്ങിയിട്ടുണ്ട്. അതും ശരിതന്നെയല്ലെ എന്നും ചിന്തിക്കുന്നവരും കുറവല്ല. എന്തായാലും ഈ ഷോർട്ട് ഫിലിം എല്ലാവരും ഹൃദയത്തിൽ ഏറ്റെടുത്തിരിക്കുകയാണ്. ഓരോരുത്തർക്കും ഇത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ സ്വന്തം അനുഭവം ആയി മാറുന്നു. എന്തിനാണ് വലിയ സിനിമകളൊക്കെ, ഒരുചെറിയ സമയം കൊണ്ട് ഇവരുണ്ടാക്കിയ ഒരു ഫീലിംഗ്, സൂപ്പർ.