Analysis | ഷോലെ: ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രം; റിലീസായിട്ട് 49 വർഷം പിന്നിടുമ്പോൾ
ഡോണൽ മൂവാറ്റുപുഴ
(KVARTHA) 1975ൽ റിലീസായ ഷോലെ പിറന്നിട്ട് 49 വർഷം പിന്നിടുന്നു. ജി.പി സിപ്പി നിർമ്മിച്ച് മകൻ രമേഷ് സിപ്പി സംവിധാനം ചെയ്ത ഷോലെ ഇന്ത്യൻ സിനിമയുടെ വ്യവസായിക ചരിത്രത്തിലെ നാഴികക്കല്ലാണ്. അകിര കുറാസോവയുടെ സെവൻ സമുറായിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിപ്പി ഷോലെ ആരംഭിക്കുന്നത്. മലയാളത്തിൽ രാമു കാര്യാട്ടിന് 'ചെമ്മീൻ' എന്തായിരുന്നോ അതായിരുന്നു രമേഷ് സിപ്പിക്ക് ഷോലെയും. ഷോലെ റിലീസായി 20 വർഷത്തിന് ശേഷം 1995- ൽ ദൂരദർശനിൽ ഷോലെ സംപ്രഷണം ചെയ്തപ്പോൾ കോടിക്കണക്കിന് പ്രേക്ഷകരാണ് അതിനുണ്ടായിരുന്നത് എന്നതും വിസ്മരിക്കാനാവുന്നതല്ല. ആ റെക്കോഡ് ഇന്നും അഭേദ്യമായി തുടരുന്നു എന്നതും ഈ സിനിമയുടെ മാത്രം പ്രത്യേകതയാണ്.
ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളായ സലിം - ജാവേദ് തന്നെയായിരുന്നു ഷോലെയുടെ തിരക്കഥയും രചിച്ചത്. 70- കളിൽ നിർണ്ണായകമായ നിരവധി ഹിറ്റുകളൊരുക്കിയ ഇവർ ഷോലെയിലൂടെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്തുക്കളായി മാറി. ആർ.ഡി. ബർമ്മന്റെ സംഗീതവും എടുത്ത് പറയേണ്ട ഒന്നാണ്. പടത്തിനോടൊപ്പം തന്നെ പാട്ടുകളും സൂപ്പർ ഹിറ്റായി. 1973- ൽ കർണ്ണാടകയിലെ രാമനഗരയിൽ ഷൂട്ടിംഗ് ആരംഭിച്ച ഷോലെ നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷമാണ് റിലീസ് ചെയ്യുന്നത്.
വലിയ ഹൈപ്പുണ്ടായിരുന്നെങ്കിലും നെഗറ്റീവ് റിവ്യൂസ് കാരണം തുടക്കത്തിൽ തണുപ്പൻ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. പക്ഷേ പിന്നീട് മൗത് പബ്ലിസിറ്റിയിലൂടെ ഷോലെ എക്കാലത്തെയും വലിയ വിജയമായി മാറുന്ന കാഴ്ചക്കാണ് ബോളിവുഡ് സാക്ഷ്യം വഹിച്ചത്. റിലീസ് ചെയ്ത 100 കേന്ദ്രങ്ങളിൽ സിൽവർ ജൂബിലിയും 60 കേന്ദങ്ങളിൽ ഗോൾഡൻ ജൂബിലിയുമാഘോഷിച്ച് ചരിത്ര വിജയമായി മാറിയ ഷോലെ മുംബെയിലെ 'മിനർവ്വ’ തീയ്യറ്ററിൽ തുടർച്ചയായി അഞ്ച് വർഷത്തിലേറെ പ്രദർശിപ്പിച്ച് റെക്കോഡ് സൃഷ്ടിച്ചു.
പകയുടെ, പ്രണയത്തിന്റെ, പ്രതികാരത്തിന്റെ തുടങ്ങി എല്ലാ മനുഷ്യ വികാരങ്ങളുടെയും സമ്മേളനമായിരുന്നു ഷോലെയുടെ ഇതിവൃത്തം. തന്റെ കുടുംബം തകർക്കുകയും തന്നെ അംഗ വിഛേദം വരുത്തുകയും ചെയ്ത കൊള്ളത്തലവൻ ഗബ്ബാർ സിംഗിനെതിരായി പോലീസ് ഓഫീസറായിരുന്ന താക്കൂർ ബൽദേവ് സിംഗിന്റ പകയുടെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ഷോലെയിൽ പ്രതികാര ദാഹിയായ നായകന്റെ സഹായികളായിട്ടാണ് ജയ്, വീരു എന്നീ ജയിൽ പുള്ളികൾ ആ ഗ്രാമത്തിൽ വരുന്നത്.
തുടർന്നങ്ങോട്ട് ഇരുവരുടെയും പ്രണയങ്ങളും കൊള്ള സംഘത്തിനെതിരെയുള്ള തീ പാറുന്ന പോരാട്ടങ്ങളും ഷോലെയെ സംഭവ ബഹുലമാക്കുന്നു. നായക കഥാപാത്രമായ ഠാക്കൂർ ബൽ ദേവ് സിംഗായി വരുന്നത് സഞ്ജീവ് കുമാറാണ്. ഗബ്ബാർ സിംഗായി അജത് ഖാനും. ജയിൽ പുള്ളികളായ വീരു, ജയ് എന്നിവരെ യഥാക്രമം ധർമ്മേന്ദ്രയും അമിതാഭ് ബച്ചനും അവതരിപ്പിക്കുന്നു. ഇരുവരുടെയും ജോടികളായി ഹേമാമാലിനിയും ജയഭാദുരിയും വേഷമിടുന്നു. അംജത് ഖാന്റെ ആദ്യത്തെ ശ്രദ്ധേയ വേഷവും കൂടിയായിരുന്നു ഷോലെയിലേത്.
ഗബ്ബാർ സിംഗിനെ അനശ്വരമാക്കിയതിലൂടെ ബോളിവുഡിലെ എക്കാലത്തെയും ‘ഐക്കണിക് വില്ലൻ’ എന്ന വിശേഷണം അംജത് ഖാൻ തന്റെ പേരിൽ കുറിച്ചിട്ടു. 70-കളിലെ മൾട്ടി സ്റ്റാർ യുഗം, ബോളിവുഡിൽ ആരംഭിക്കുന്നതും ഷോലെയിലൂടെയാണ്. ഠാക്കൂറിനെ ഉജ്ജ്വലമാക്കിയ സഞ്ജീവ് കുമാർ എന്ന ബോളിവുഡിലെ എക്കാലത്തെയും പ്രതിഭാശാലിയായ അഭിനേതാവ് പിന്നീട് വൃദ്ധ വേഷങ്ങളിൽ ടൈപ്പ് കാസ്റ്റ് ആവേണ്ടി വന്നു. റൊമാന്റിക് ഹീറോയായി 60- കളിൽ അരങ്ങേറിയ ധർമ്മേന്ദ്ര 70- കളോടെ ആക്ഷൻ ഹീറോയായി പരിവർത്തനം ചെയ്യുകയാണുണ്ടായത്. ആ യാത്രക്കിടയിലെ ഏറ്റവും വലിയ വിജയമായിരുന്നു ഷോലെ.
ചിത്രത്തിലെ നായികയായി അഭിനയിച്ച ഹേമ മാലിനി പിന്നിട് ധർമ്മേന്ദ്രയുടെ ജീവിത സഖിയായി മാറി. സഞ്ജീറിലൂടെ താരപദവി കരസ്ഥമാക്കിയ അമിതാഭ് ബച്ചന്റെ സൂപ്പർ താരപദവിയിലേക്കുള്ള കുതിപ്പിലെ നിർണ്ണായക ഏടായിരുന്നു ഷോലെ. ബച്ചന്റെ ഭാര്യയായ ജയാ ഭാദുരിയായിരുന്നു ഷോലെയിൽ അദ്ദേഹത്തിന്റെ നായികയും. ഷോലെക്ക് മുമ്പ്, ഷോലെക്ക് ശേഷം, എന്ന രീതിയിൽ ഇന്ത്യൻ സിനിമാ ചരിത്രത്തെ വിഭജിക്കത്തക്ക വിജയമാണ് ഈ ചിത്രം നേടിയത്.
ഇന്ത്യയിൽ മാത്രമല്ല സോവിയറ്റ് യൂണിയനിലും ഷോലെ വൻ വിജയമായിരുന്നു. റിലീസ് ചെയ്ത 100 കേന്ദ്രങ്ങളിൽ സിൽവർ ജൂബിലിയും 60 കേന്ദങ്ങളിൽ ഗോൾഡൻ ജൂബിലിയുമാഘോഷിച്ച് ചരിത്ര വിജയമായി മാറിയ ഷോലെ മുംബെയിലെ മിനർവ്വ തീയ്യറ്ററിൽ തുടർച്ചയായി അഞ്ച് വർഷത്തിലേറെ പ്രദർശിപ്പിച്ച് റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഷോലെയുടെ വിജയത്തിൽ നിന്നും പ്രചോദനമുൾകൊണ്ട് ഹിന്ദിയിലും ഇതര ഇന്ത്യൻ ഭാഷകളിലും നിരവധി ചിത്രങ്ങൾ ഇറങ്ങുകയുണ്ടായി. എന്നതും എടുത്തു പറയേണ്ട ഒന്നാണ്.
വർഷങ്ങൾക്ക് ശേഷം ഷോലെ വീണ്ടും പുനരാവിഷ്ക്കരിക്കപ്പെട്ടു. അതിൽ പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തിയത് മലയാളത്തിൻ്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ആയിരുന്നു. അംജത് ഖാൻ മരിച്ചു പോയതിനുശേഷം ആയിരുന്നു ഇതിൻ്റെ പുനരാവിഷ്ക്കരണം എന്നതുകൊണ്ട് തന്നെ പുതിയ ഷോലെയിൽ വില്ലൻ വേഷം ചെയ്തത് സാക്ഷാൽ അമിതാഭ് ബച്ചൻ തന്നെയായിരുന്നു. പഴയതിൻ്റെ അത്രയും പുതിയ ഷോലെ അത്രകണ്ട് വിജയിച്ചില്ലെന്നു വേണം പറയാൻ. ഹേ ദോസ് തു ഹേ.. എന്ന് തുടങ്ങുന്ന ഷോലെയിലെ ഗാനം എല്ലാ മലയാളികൾക്കും സുപരിചിതവുമാണ്.
#Sholay #Bollywood #IndianCinema #ClassicFilms #AmitabhBachchan #Dharmendra #SalimJaved #RDBurman