Dream Revealed | തന്റെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി ബോളിവുഡ് താരം ഷാറൂഖ് ഖാന്‍
● ജീവന്‍ പോകുന്നതുവരെ അഭിനയിക്കണം
● സെറ്റില്‍, ആക്ഷനും കട്ടിനും ഇടയില്‍ മരിക്കണം
● സംവിധായകന്‍ കട്ട് പറഞ്ഞാല്‍ ഉണരരുത്
● അഭിനയത്തെ അത്രമാത്രം സ്‌നേഹിക്കുന്നു
മുംബൈ: (KVARTHA) എല്ലാ മനുഷ്യര്‍ക്കും ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഉണ്ടാകും. അത്തരത്തില്‍ തന്റെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തിയിരിക്കയാണ് ബോളിവുഡ് താരം ഷാറൂഖ് ഖാന്‍. ഈ വര്‍ഷം ആദ്യം സ്വിറ്റ് സര്‍ലന്‍ഡില്‍ നടന്ന ലോകാര്‍നോ ഫിലിം ഫെസ്റ്റിവലില്‍ ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡ് വേദിയില്‍ വച്ച് അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. എത്രകാലം അഭിനയം തുടരും എന്നായിരുന്നു ചോദ്യം. അതിന് തന്റെ ആ സ്വപ്നത്തെ കുറിച്ച് തുറന്നുപറയുകയായിരുന്നു 58 കാരനായ താരം.
ജീവന്‍ പോകുന്നതുവരെ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും, ഏതെങ്കിലും സെറ്റില്‍, ആക്ഷനും കട്ടിനും ഇടയില്‍ മരിക്കണമെന്നും സംവിധായകന്‍ കട്ട് പറഞ്ഞാല്‍ ഉണരരുത്, അത്തരത്തിലുള്ള മരണമാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. അത്രമാത്രം അഭിനയത്തെ ഞാന്‍ സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാറൂഖിന്റെ വാക്കുകള്‍;
മൂന്ന് പതിറ്റാണ്ടിലേറെയായി അഭിനയിക്കുന്നു, ജീവന്‍ പോകുന്നതുവരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം. ഏതെങ്കിലും സെറ്റില്‍, ആക്ഷനും കട്ടിനും ഇടയില്‍ മരിക്കണം. സംവിധായകന്‍ കട്ട് പറഞ്ഞാല്‍ ഉണരരുത്. അങ്ങനെ മരിക്കാനാണ് എന്റെ ആഗ്രഹം. അത്രമാത്രം അഭിനയത്തെ ഞാന്‍ സ്‌നേഹിക്കുന്നു. ഞാനൊരു ഗൗരവക്കാരനായ നടനല്ല. എന്റെ സന്തോഷങ്ങള്‍ അഭിനയത്തിലൂടെ ആഘോഷിക്കുന്നു.
ഞാന്‍ സ്‌നേഹവും സന്തോഷവും പങ്കിടാന്‍ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ച് കല, പെയിന്റിങ്, പാട്ട്, സംഗീതം ഇവയെല്ലാം ഒന്നാണ്. പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല. എനിക്ക് നിങ്ങളെ രണ്ട് മിനിറ്റ് രസിപ്പിക്കാന്‍ കഴിയുമെങ്കില്‍, അത് സ്‌നേഹമാണ്. എനിക്ക് ഒരാളെ 50 വര്‍ഷം സ്‌നേഹിക്കാന്‍ കഴിയുമെങ്കില്‍, അതാണ് വിനോദം.
എനിക്ക് ഒരാളെ 30 സെക്കന്‍ഡ് രസിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് സര്‍ഗ്ഗാത്മകമാണ്. ഈ സന്തോഷം പങ്കിടുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ചില സമയത്ത് അതിന് എനിക്ക് സാധിക്കാതെ വരും. അത് എന്നെ സങ്കടപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ഞാന്‍ ആളുകളെ നിരാശപ്പെടുത്തിയത്? എന്തുകൊണ്ടാണ് എനിക്ക് അതിന് സാധിക്കാത്തതെന്ന് ഞാന്‍ ആലോചിക്കും- എന്നും ഷാറൂഖ് ഖാന്‍ പറഞ്ഞു.
#ShahRukhKhan #Bollywood #SRK #DreamRevealed #LifetimeAchievement #LocarnoFilmFestival