Cinema | വിമർശനങ്ങളോട് പ്രതികരിക്കുന്നതിനു പകരം പ്രവൃത്തികളിലൂടെ മറുപടി നൽകുകയാണ് വേണ്ടതെന്ന് സീമ ബിശ്വാസ്


● അജന്താ എല്ലോറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് മനസ് തുറന്നത്
● നൃത്തത്തിൽ നിന്ന് പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു.
● 'ബന്ദിറ്റ് ക്വീൻ' എന്ന സിനിമയിലെ അനുഭവവും സീമ പങ്കുവെച്ചു.
മുംബൈ: (KVARTHA) സിനിമാ ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ച് പ്രശസ്ത നടിയും ദേശീയ അവാർഡ് ജേതാവുമായ സീമ ബിശ്വാസ്. പത്താമത് അജന്താ എല്ലോറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (എഐഎഫ്എഫ്) നടത്തിയ മാസ്റ്റർക്ലാസ് പരിപാടിയിലാണ് അവർ മനസ് തുറന്നത്. വിമർശനങ്ങളോട് പ്രതികരിക്കുന്നതിനു പകരം, പ്രവൃത്തികളിലൂടെ മറുപടി നൽകുകയാണ് വേണ്ടതെന്ന് സീമ ബിശ്വാസ് അഭിപ്രായപ്പെട്ടു.
തൻ്റെ ജീവിത യാത്രയെക്കുറിച്ച് സംസാരിക്കവെ, . ഒരു കാലത്ത് നർത്തകിയാകാൻ ആയിരുന്നു ആഗ്രഹമെന്നും, എന്നാൽ അഭിനയം തുടങ്ങിയപ്പോൾ തന്റെ കഴിവ് അഭിനയത്തിനാണ് എന്ന് തിരിച്ചറിഞ്ഞെന്നും അവർ പറഞ്ഞു. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് തുടങ്ങി ഓസ്കാർ വേദി വരെ എത്തിയ തന്റെ യാത്ര അവിശ്വസനീയമായിരുന്നു എന്ന് അവർ കൂട്ടിച്ചേർത്തു.
സീമയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായ 'ബന്ദിറ്റ് ക്വീനി'ലെ വേഷത്തെക്കുറിച്ചും അവർ സംസാരിച്ചു. ചിത്രത്തിന്റെ തിരക്കഥ വായിച്ചതിനു ശേഷം മൂന്ന് ദിവസത്തോളം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അത്രയേറെ ആ കഥാപാത്രം തന്നെ സ്വാധീനിച്ചു എന്നും അവർ ഓർത്തെടുത്തു. ആ വേഷം തനിക്കുള്ളതാണെന്ന് അപ്പോൾ തന്നെ ഉറപ്പിച്ചിരുന്നുവെന്നും ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അമൂല്യ അനുഭവമായിരുന്നുവെന്നും സീമ പറഞ്ഞു.
'ബന്ദിറ്റ് ക്വീൻ' എന്ന ചിത്രത്തിന് ശേഷം, താനൊരു വിവാദ നായിക മാത്രമല്ലെന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള ഒരു നടിയാണെന്നും തെളിയിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അതുകൊണ്ടാണ് 'ഖാമോഷി' എന്ന ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
അഭിനേതാക്കളാകാൻ ആഗ്രഹിക്കുന്ന യുവതാരങ്ങൾക്കുള്ള ഉപദേശവും സീമ ബിശ്വാസ് പങ്കുവെച്ചു. ഓരോ കഥാപാത്രവും നമ്മളുടെ പൂർണ ശ്രദ്ധയും ആത്മാർത്ഥതയും അർഹിക്കുന്നു എന്ന് സീമ പറഞ്ഞു. സിനിമയിലെ കഥാപാത്രങ്ങളെ കണ്ട് ഇഷ്ടം തോന്നാം, അവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാം. പക്ഷെ അവരെ അതേപോലെ അനുകരിക്കാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ അഭിനയത്തിന്റെ തനിമ നഷ്ടപ്പെടും. ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ, ആ കഥാപാത്രമായി 24 മണിക്കൂറും ജീവിക്കണം. ഓരോ സിനിമയും ഒരു പുതിയ തുടക്കമായി കാണാനും അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാനും തയ്യാറാകണമെന്നും സീമ കൂട്ടിച്ചേർത്തു. പ്രൊഫ. ശിവ് കദമായിരുന്നു പരിപാടിയുടെ മോഡറേറ്റർ.
#SeemaBiswas #AjantaElloraFilmFestival #IndianCinema #ActingInspiration #BanditQueen #Bollywood