'നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥ'; 'മകള്‍' ഒരുങ്ങുന്നു; ഫസ്റ്റ് ലുക് പോസ്റ്റര്‍ പങ്കുവച്ച് സത്യന്‍ അന്തിക്കാട്
Feb 16, 2022, 11:55 IST
കൊച്ചി: (www.kvartha.com 16.02.2022) നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെത്തുന്ന മീര ജാസ്മിന് ജന്മദിനാശംസകള്‍ നേര്‍ന്ന് താരത്തിന്റെ 'മകള്‍' ഫസ്റ്റ് ലുക് പോസ്റ്റര്‍ പങ്കുവച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജയറാമും മീരയും ദേവികയുമാണ് ഫസ്റ്റ് ലുകില്‍. ആറ് വര്‍ഷത്തിന് ശേഷമാണ് മീര ജാസ്മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തെത്തുന്നത്.
11 വര്‍ങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും ജയറാമും ഒന്നിക്കുന്ന സിനിമ കൂടിയാണ് മകള്‍. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാടിനൊപ്പം മീര ജാസ്മിന്‍ ഒന്നിക്കുന്നത്. സംവിധായകനൊപ്പം മീരയുടെ അഞ്ചാമത്തെ സിനിമയാണിത്.
നാല് വര്‍ഷത്തിന് ശേഷമാണ് സത്യന്‍ അന്തിക്കാട് പുതിയ ചിത്രവുമായി എത്തുന്നത്. 2018ല്‍ പുറത്തെത്തിയ ഞാന്‍ പ്രകാശന്‍ ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ അവസാന ചിത്രം. 2021 ഏപ്രിലിലാണ് സത്യന്‍ അന്തിക്കാട് 'മകളു'ടെ പ്രഖ്യാപനം നടത്തിയത്.
ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെ പി എ സി ലളിത, ശ്രീനിവാസന്‍ എന്നവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. സിനിമ കാണുമ്പോള്‍ ആരുടെയൊക്കെയോ കഥയാണെന്ന് തോന്നിയേക്കാമെന്നും അത് യാദൃശ്ചികമല്ല മനപൂര്‍വമാണെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക് കുറിപ്പ്:
'മകള്‍' ഒരുങ്ങുകയാണ്.
കോവിഡിന്റെ പെരുമഴ തോര്‍ന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്തുവച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാല്‍ അടുത്തുള്ള കോഫിഷോപില്‍ കയറി ഒരുമിച്ചൊരു കാപി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി. തിയേറ്ററുകളും സജീവമാകുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ.
'മകള്‍' കാത്തിരുന്നത് അതിനു വേണ്ടിയാണ്. നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോള്‍ തോന്നിയേക്കാം. എങ്കില്‍, 'വടക്കുനോക്കിയന്ത്ര'ത്തിന്റെ തുടക്കത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂര്‍വമാണ്.
എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളില്‍ നിന്നാണ് 'മകള്‍' രൂപപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവള്‍ നിങ്ങള്‍ക്കു മുന്നിലെത്തും. അതിനുമുന്‍പ് ആദ്യത്തെ പോസ്റ്റര്‍ ഇവിടെ അവതരിപ്പിക്കുന്നു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മീരാ ജാസ്മിന്റെ ജന്മദിനം. ഒരു ഇടവേളക്കു ശേഷം 'മകളി'ലൂടെ മലയാളത്തിലെത്തുന്ന മീരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'.- അദ്ദേഹം കുറിച്ചു.
Keywords: News, Kerala, State, Kochi, Entertainment, Facebook, Facebook Post, Sathyan Anthikkad shared firstlook poster of 'Makal'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.