'ഞാന്‍ അവര്‍ക്കു പഴങ്കഞ്ഞി കൊടുത്തപ്പോള്‍ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ്'; സാന്ദ്രാ തോമസിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

 


കൊച്ചി: (www.kvartha.com 10.08.2020) കുട്ടികളെ എങ്ങും വിടാതെ ആകുലതകളോടെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് മാതൃകയാക്കാന്‍ നിര്‍മാതാവ് സാന്ദ്രാ തോമസ്. മഴയത്ത് കളിച്ചാല്‍ പനി പിടിക്കുമോ? വെയിലേറ്റാന്‍ വാടുമോ? മണ്ണില്‍ കളിച്ചാല്‍ അണുബാധയുണ്ടാകുമോ? അങ്ങനെ നൂറ് കണക്കിന് ചോദ്യങ്ങള്‍ സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കളുടെ മനസ്സില്‍ ഉയര്‍ന്നു വരും. 

ഇതിനെല്ലാം തന്റെ അനുഭവത്തിലൂടെ മറുപടി നല്‍കുകയാണ് സാന്ദ്രാ തോമസ്. തന്റെ കുട്ടികളെ വളര്‍ത്താന്‍ പ്രചോദനം ആയത് മഴയത്തും വെയിലത്തും ഇറക്കാതെ അവര്‍ക്കു മൊബൈല്‍ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കള്‍ ആണ്. എന്തായാലും അങ്ങനെ ഒരമ്മയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സാന്ദ്ര കുറിക്കുന്നു. 

'ഞാന്‍ അവര്‍ക്കു പഴങ്കഞ്ഞി കൊടുത്തപ്പോള്‍ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ്'; സാന്ദ്രാ തോമസിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

സാന്ദ്രയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

നീ എന്തൊരു അമ്മയാണ് !

എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോനുന്നു. ഈ വര്‍ഷത്തെ മുഴുവന്‍ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികള്‍ ആണവര്‍. ആ കുളിയില്‍ അവര്‍ക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവര്‍ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചു ശീലിച്ച കുട്ടികള്‍ ആണവര്‍.

ഞാന്‍ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്.

ഞാന്‍ ആദ്യം അവരെ ചെളിയില്‍ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങള്‍ക്കു വളം കടിക്കുമെന്ന്.

ഞാന്‍ അവര്‍ക്കു പഴങ്കഞ്ഞി കൊടുത്തപ്പോള്‍ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങള്‍ക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്.

ഞാന്‍ അവരെ തന്നെ വാരി കഴിക്കാന്‍ പഠിപ്പിച്ചപ്പോള്‍ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങള്‍ക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്.

ഞാന്‍ അവര്‍ക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോള്‍ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവര്‍ക്കു ഇംഗ്ലീഷ് ആല്‍ഫബെറ്റ്‌സ്
 പറഞ്ഞു കൊടുക്കു എന്ന്.

ഞാന്‍ അവര്‍ക്കു അഹം ബ്രഹ്മാസ്മി എന്ന് പറഞ്ഞു കൊടുത്തപ്പോള്‍ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളില്‍ ആണെന്ന്.

ഇപ്പോള്‍ എല്ലാവരും അഭിമാത്തോടെ പറയും ഇങ്ങനെ വേണം കുട്ടികള്‍ എന്ന്.

എന്റെ കുട്ടികളെ ഇതുപോലെ വളര്‍ത്താന്‍ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവര്‍ക്കു മൊബൈല്‍ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കള്‍ ആണ്. എന്തായാലും അങ്ങനെ ഒരമ്മയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്‌നേഹിച്ചു സ്വയംപര്യാപ്തരായി വളര്‍ന്നു വരേണ്ട കുട്ടികളെയാണ്. ശുഭം !

Keywords: News, Kerala, Kochi, Entertainment, Mother, Cinema, Producer, Children, Sandra Thomas Producer on bringing up her children, parenting tips
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia