Arrest | ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെ വധഭീഷണി സന്ദേശം അയച്ചെന്ന കേസില്‍ നടന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ് അറസ്റ്റില്‍
● സല്‍മാന്‍ ഖാന്റെ റിലീസാകാനിരിക്കുന്ന 'മേ സിക്കന്ദര്‍ ഹൂം' എന്ന പാട്ട് എഴുതിയത് സൊഹൈല്‍ ആണ്
● താനും തന്റെ പാട്ടും പ്രശസ്തമാകുന്നതിന് വേണ്ടിയായിരുന്നു സന്ദേശം അയച്ചതെന്ന് വിശദീകരണം
● വെങ്കടേഷ് നാരായണ്‍ എന്നയാളിന്റെ ഫോണില്‍ നിന്നാണ് സന്ദേശം വന്നത്
മുംബൈ: (KVARTHA) ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെ വധഭീഷണി സന്ദേശം അയച്ചെന്ന കേസില്‍ നടന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ് അറസ്റ്റില്‍. ബിഷ്‌ണോയ് സംഘത്തില്‍ നിന്നെന്ന വ്യാജേന ഇക്കഴിഞ്ഞ നവംബര്‍ ഏഴിനാണ് ഭീഷണി സന്ദേശം അയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ സൊഹൈല്‍ പാഷയാണ് കര്‍ണാടകയിലെ റൈച്ചുരില്‍ നിന്ന് അറസ്റ്റിലായത്. സല്‍മാന്‍ ഖാന്റെ റിലീസാകാനിരിക്കുന്ന പുതിയ ചിത്രത്തിലെ 'മേ സിക്കന്ദര്‍ ഹൂം' എന്ന പാട്ടിന്റെ രചയിതാവാണ് സൊഹൈല്‍ എന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
താനും തന്റെ പാട്ടും പ്രശസ്തമാകുന്നതിന് വേണ്ടിയായിരുന്നു സൊഹൈല്‍ ഇത്തരത്തില്‍ ഭീഷണി സന്ദേശം അയച്ചത്. നവംബര്‍ ഏഴിനാണ് മുംബൈ പൊലീസിന്റെ വാട്സാപ് ഹെല്‍പ് ലൈനില്‍ ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ ബിഷ്‌ണോയിയെക്കുറിച്ച് പരാമര്‍ശമുള്ള മേ സിക്കന്ദര്‍ ഹൂം പാട്ടിന്റെ എഴുത്തുകാരനെയും സല്‍മാന്‍ ഖാനെയും വധിക്കുമെന്നായിരുന്നു സന്ദേശം.
ഗാനരചയിതാവിനെ ഇനി പാട്ടെഴുതാന്‍ കഴിയാത്തവിധം ആക്കുമെന്നും സല്‍മാന് ധൈര്യമുണ്ടെങ്കില്‍ അയാളെ രക്ഷിക്കാനും സന്ദേശത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റൈച്ചൂരിലുള്ള വെങ്കടേഷ് നാരായണ്‍ എന്നയാളിന്റെ ഫോണില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി.
എന്നാല്‍ ഈ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വാട്സ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഒടിപി നമ്പര്‍ വെങ്കടേഷിന്റെ ഫോണില്‍ വന്നത് ശ്രദ്ധിച്ച പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മാര്‍ക്കറ്റില്‍ വച്ച് ഒരു അപരിചിതന്‍ കോള്‍ ചെയ്യാന്‍ തന്റെ ഫോണ്‍ വാങ്ങിയിരുന്ന കാര്യം അദ്ദേഹം പറഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൊഹൈലാണ് വെങ്കടേഷിന്റെ ഫോണ്‍ ഉപയോഗിച്ച് ഭീഷണി സന്ദേശം അയച്ചതെന്ന് തെളിഞ്ഞു. പിന്നാലെയാണ് സൊഹൈലിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിലെത്തിച്ച ഇയാളെ ചോദ്യം ചെയ്യുന്നതിനായി രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
#SalmanKhan #Bollywood #DeathThreat #Arrest #Lyricist #MumbaiPolice