Salim Kumar | സലീം കുമാറിന്റെ ഹൃദയം തുറക്കുന്ന വാക്കുകൾ; വളർന്നുവരുന്ന കലാകാരന്മാർക്ക് പഠിക്കാനേറെയുണ്ട് 

 
Salim Kumar
Watermark

Image Credit: facebook / Salim Kumar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒന്നും എളുപ്പമല്ല എന്ന സന്ദേശമാണ് സലീം കുമാർ എന്ന പ്രതിഭ നൽകുന്നത്

ഡോണൽ മുവാറ്റുപുഴ

 

(KVARTHA) ഇന്ന് പല ചെറുപ്പക്കാരും സിനിമയിൽ അവസരം തേടി നടക്കുന്നുണ്ട്. നടനാകാനും സംവിധായകൻ ആകാനും തിരക്കഥാകൃത്ത് ആകാനും അങ്ങനെ സിനിമയിലെ സമസ്തമേഖലകളും കൈപ്പിടിയിലാക്കാനുള്ള തത്രപ്പാടിലും ആണ് പലരും. പഠനവും ജോലിയും ഒക്കെ ഉപേക്ഷിച്ച് ഈ വഴിയിൽ സഞ്ചരിക്കുന്ന പലരും ഉണ്ട്. മക്കൾ വെള്ളിത്തിരയിൽ ഷൈൻ ചെയ്യുന്നത് കാണാൻ ധാരാളം പണം ഈ വഴിയിൽ കുട്ടികൾക്ക് ചെലവഴിക്കുന്ന മാതാപിതാക്കളും ഉണ്ട്. മക്കൾ എത്രയും വേഗം സിനിമയിൽ എത്തണം എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ ആണ് ഏറെയും ഇതിന് പിന്നിൽ. 

Aster mims 04/11/2022

Salim Kumar

എന്നാൽ പണ്ട് അങ്ങനെ ആയിരുന്നില്ല. അന്ന് ഒരു സിനിമയിൽ അവസരം കിട്ടാൻ ദിവസങ്ങളോളം പല പ്രമൂഖ ഡയറക്ടേഴ്സിൻ്റെയും പിറകേ അലഞ്ഞു നടന്നവരുണ്ട്. പട്ടിണികിടന്നും അനേകം ദൂരം യാത്ര ചെയ്തും കയ്യിൽ നിന്ന് പണം ചെലവാക്കിയുമൊക്കെയാണ് അവർ ഇതിനായി കഷ്ടപ്പെട്ടത്. അവർ സ്‌കൂൾ, കോളേജ് തലങ്ങളിൽ മികച്ച പ്രതിഭകളും ആയിരുന്നെന്ന് ഓർക്കണം. ആ അത്തരത്തിൽ വളർന്നു വന്നവരാണ് ഇന്ന് സിനിമയിൽ വലിയ സ്ഥാനങ്ങൾ അലങ്കരിക്കുന്നതെന്ന് ഓർക്കണം. 

അത്തരത്തിൽ സിനിമയിൽ വളർന്നു വന്ന ഒരാളെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ സലീം കുമാറിനെ പറ്റിയാണ് ആ കുറിപ്പ്. 'അവഹേളിക്കപ്പെട്ട, അപമാനിക്കപ്പെട്ട, പരിഹസിക്കപ്പെട്ട ഓരോ കലാകാരനും വീണ്ടും വീണ്ടും വായിക്കണം', എന്ന തലക്കെട്ടിൽ സിദ്ധാർഥ് സിദ്ധു ആണ് കുറിപ്പ് പങ്കുവെച്ചത്. സലിംകുമാർ തന്നെ എഴുതിയ ജീവിതകഥയിൽ നിന്നുള്ളതാണ് വരികൾ.

കുറിപ്പിൽ പറയുന്നത്:

'സിനിമയാണെന്റെ ചോറ് അത് ഉണ്ണാതെ ഞാൻ പോകില്ല', ഈ ഡയലോഗ് ഞാൻ പച്ചക്കുതിര എന്ന സിനിമയിൽ, ദിലീപിനോട് പറയുന്നതാണ്. എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഒരിക്കൽ എന്നെ മലയാളസിനിമയിൽ നിന്ന് പുറത്താക്കിയപ്പോൾ സിനിമയുടെ ചോറ് ഒരിക്കലും ഉണ്ണാൻ കഴിയില്ല എന്ന് കരുതിയവനാണ് ഞാൻ. എന്റെ കഥ കേൾക്കാൻ ഞാൻ നിങ്ങളെയെല്ലാവരേയും കുറച്ച് പിന്നോട്ട് നടത്തുകയാണ്. ഞാൻ സിനിമയിലെത്തി കുറച്ച് കാലം കഴിഞ്ഞിട്ടും അഭിനയം ഒരു സ്ഥിരം തൊഴിൽ ആയിട്ടോ, അതിൽ നിന്ന് കിട്ടുന്ന കാശ് സ്ഥിരവരുമാനമായോ കണ്ടിരുന്നില്ല. 

ഇഷ്ടമാണ് നൂറുവട്ടം, മേരാ നാം ജോക്കർ എന്നീ സിനിമകൾക്ക് ശേഷം ഞാൻ നന്ദു പൊതുവാൾ, ജോർജ് ഏലൂർ, സന്തോഷ് കുറുമശ്ശേരി എന്നീ സുഹൃത്തുക്കൾക്കൊപ്പം കൊച്ചിൻ യൂണിവേഴ്സൽ എന്ന പേരിൽ ഞങ്ങളുടെ ട്രൂപ്പിൽ മിമിക്രി അവതരിപ്പിച്ചു വരികയാണ്. അന്ന് എന്റെ വീട്ടിൽ ഫോൺ ഇല്ല. എന്റെ കോണ്ടാക്ട് നമ്പർ, ചിറ്റാട്ടുകര എന്ന എന്റെ നാട്ടിലെ ഒരു മരണാനന്തര സഹായ സംഘത്തിന്റേതാണ്. ഒരു ദിവസം അവിടെ എനിക്കൊരു കോൾ വന്നു. കോട്ടയത്ത് സിബി മലയിലിന്റെ നീ വരുവോളം എന്ന സിനിമയുടെ സെറ്റിൽ നിന്ന് പ്രൊഡക്ഷൻ കൺട്രോളർ സിത്തു പനക്കൽ ആയിരുന്നു എന്നെ വിളിച്ചത്. 

ആ സിനിമയിൽ എനിക്ക് ഒരു വേഷമുണ്ടെന്നും കലാഭവൻ മണി ചെയ്യാനിരുന്ന വേഷമാണെന്നും മണിക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണ് എന്നെ വിളിക്കുന്നതെന്നും ഉടൻ തന്നെ വണ്ടി കയറണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. സിബി മലയിലിനെ പോലൊരു വലിയ സംവിധായകന്റെ ചിത്രത്തിൽ എന്നെപ്പോലെ ഒരു തുടക്കക്കാരന് നല്ലൊരു വേഷം ലഭിക്കുകയെന്നത് എന്റെ ഭാഗ്യമായി ഞാൻ കരുതി. ഒട്ടും താമസിച്ചില്ല.അടുത്ത ദിവസം തന്നെ ഞാൻ കോട്ടയത്തേക്ക് തിരിച്ചു. ആരോടും ഒന്നും പറയാൻ പോലും സമയം കിട്ടിയില്ല. കയ്യിൽ കിട്ടിയ ഷർട്ടും പാന്റ്സും പൊതിഞ്ഞെടുത്ത് ഞാൻ നേരെ സെറ്റിലെത്തി. 

ഒരു പാരലൽ കോളേജിലെ പ്യൂണിന്റെ വേഷമാണ്. സിബി സർ എന്റെ സ്റ്റേജ് പ്രകടനമോ ഏഷ്യാനെറ്റിൽ ഞാൻ മുൻപ് അവതരിപ്പിച്ചിരുന്ന കോമഡി പരിപാടികളോ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല. ഏഷ്യാനെറ്റിലെ ഞാൻ അവതരിപ്പിച്ച പ്രോഗ്രാമുകളെല്ലാം കണ്ട് ഇഷ്ടപ്പെട്ട ആ ചിത്രത്തിന്റെ പ്രൊഡ്യൂസർ കറിയാച്ചൻ (നടൻ പ്രേം പ്രകാശ്) ചേട്ടന്റെ പ്രത്യേക താൽപര്യത്തിലാണ് മണിക്ക് പകരക്കാരനായി എന്നെ ആ സിനിമയിലേക്ക് വിളിപ്പിച്ചത്. നീ വരുവോളം എന്ന സിനിമയിൽ എനിക്ക് ഏതാണ്ട് 11 ഓളം സീനുകൾ ഉണ്ടായിരുന്നു. അതിൽ 9 സീനുകൾ ചിത്രീകരിച്ചു. 

അടുത്തത് ജഗതി ചേട്ടനും തിലകൻ ചേട്ടനും തമ്മിലുള്ള ഒരു സീനായിരുന്നു. എനിക്കാ സീൻ പറഞ്ഞു തന്നു. ഞാൻ പറയേണ്ട ഡയലോഗ് കാണാതെ പഠിച്ചു. പക്ഷേ എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ആ ടേക്ക് ഓക്കെ ആയില്ല. സംവിധായകൻ കട്ട് പറയുന്നു. ജഗതി ചേട്ടന്റെയും തിലകൻ ചേട്ടന്റെയും ടൈമിംഗ് എനിക്കില്ല എന്ന് പറഞ്ഞാണ് ഷോട്ട് കട്ട് ചെയ്യുന്നത്. അന്ന് രാത്രി ഞാൻ ലോഡ്ജിൽ തങ്ങി. പിറ്റേ ദിവസം സിത്തു പനക്കലിന്റെ അസിസിറ്റന്റ് ആയ പ്രഭാകരൻ എന്റെ മുറിയിൽ വന്ന് എന്നോട് പറഞ്ഞു. 'തിലകൻ ചേട്ടൻ ഇന്നലെ രാത്രി പോയി. ഡ്രസ്സ് എടുത്തോ. തിലകൻ ചേട്ടൻ വരുമ്പോൾ ഇനി ഞങ്ങൾ അറിയിക്കാം. അപ്പോൾ വന്നാൽ മതി', ഞാൻ അത് വിശ്വസിച്ചു. സിനിമക്കുള്ളിലെ സിനിമ അന്ന് എനിക്ക് അറിയില്ലല്ലോ!! 

പ്രഭാകരൻ എന്നെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൊണ്ടിറക്കി. അദ്ദേഹം ടിക്കറ്റുമായി വരുന്നതും കാത്ത് ഞാൻ പ്ലാറ്റ്ഫോമിൽ നിന്നു. മണിക്കൂർ ഒന്ന് കഴിഞ്ഞു, രണ്ട് കഴിഞ്ഞു. പ്രഭാകരനെ കാണുന്നില്ല. എന്റെ കയ്യിലാണെങ്കിൽ പത്ത് പൈസ പോലുമില്ല. ഷൂട്ടിങ്ങിന് വന്നത് തന്നെ കടം വാങ്ങിയ കാശുമായിട്ടാണ്. ട്രെയിൻ ടിക്കറ്റുമായി വരുന്ന പ്രഭാകരനെ കാത്ത് മണിക്കൂറുകളോളം ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്നു. ആരും വന്നില്ല. ഒടുവിൽ പ്ലാറ്റ്ഫോമിൽ കണ്ട ഒരു നല്ല മനുഷ്യനോട് വണ്ടിക്കൂലിക്കുള്ള 20 രൂപ കടം ചോദിച്ചു. നാട്ടിലെത്തിയാൽ ഉടൻ തന്നെ ആ തുക അയച്ചു തരാമെന്ന് താഴ്മയായി ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

അദ്ദേഹം ഉടനെ എന്റെ തോളിൽ തട്ടി പറഞ്ഞു: 'എടോ, തന്നെ ഞാൻ അറിയും. തന്റെ ടി.വി പ്രോഗ്രാമുകൾ എല്ലാം ഞാൻ കാണാറുണ്ട്. താൻ കാശൊന്നും അയച്ചു തരണ്ട. തന്നെ സഹായിക്കാൻ സാധിച്ചുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമുണ്ട്', ഇത്രയും പറഞ്ഞ് ആ മനുഷ്യൻ എനിക്ക് 20 രൂപ എടുത്തുതന്നു. ആ കാശ് കൊണ്ട് ടിക്കറ്റെടുത്ത് ഞാൻ ട്രെയിനിൽ കയറി. സത്യത്തിൽ വണ്ടി മുന്നോട്ട് പോകുമ്പോൾ ഞാൻ പൊട്ടിക്കരയുകയായിരുന്നു. വീട്ടിലെത്തിയിട്ടും ഞാൻ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്റെ തലവിധിയായിരിക്കും എന്ന് കരുതി സ്വയം സമാധാനിച്ചു. പക്ഷേ ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് ആ ചിത്രത്തിൽ നിന്ന് എന്നെ മാറ്റിയെന്ന്. പി.ആർ.ഒ വാഴൂർ ജോസ് ആണ്, എന്നോട് പറഞ്ഞത് ആ വേഷം എനിക്ക് പകരം ഇന്ദ്രൻസ് അവതരിപ്പിച്ചെന്ന്. 

എന്റെ സുഹൃത്തായ ദിലീപ് പോലും എന്നെ മാറ്റിയ കാര്യം എന്നോട് പറഞ്ഞില്ല. സിനിമയിൽ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ലെന്ന് അന്ന് എനിക്ക് മനസ്സിലായി കാലം കുറേ കഴിഞ്ഞു പോയി. ഞാൻ തിരക്കുള്ള  നടനായി. ഒരു ദിവസം കറിയാച്ചൻ (പ്രേം പ്രകാശ്) ചേട്ടന്റെ ഫോൺ എനിക്ക് വന്നു. രണ്ട് ദിവസത്തേക്ക് എന്റെ ഡേറ്റ് വേണം. സിബി മലയിൽ സർ ആണ് സംവിധാനം. സിനിമയുടെ പേര് എന്റെ വീട് അപ്പൂന്റേം. ഒരു നിമിഷം ഞാൻ ദൈവത്തെ ഓർത്തു, ഒപ്പം കോട്ടയം റെയിൽവേ സ്റ്റേഷനെയും. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഇപ്പോൾ എന്തായാലും എനിക്ക് ഡേറ്റ് ഇല്ല. ഞാൻ അഭിനയിക്കുന്ന കിളിച്ചുണ്ടൻ മാമ്പഴം, തിളക്കം എന്നീ സിനിമകളുടെ ഷൂട്ട് ഒരേ സമയം നടക്കുകയാണ്. രണ്ട് ദിവസം കൂടി വെയ്റ്റ് ചെയ്താൽ ഡേറ്റ് തരാം. 

കറിയാച്ചൻ ചേട്ടൻ വീണ്ടും റിക്വസ്റ്റ് ചെയ്തു. ഞാൻ അപ്പോൾ ഞാൻ അന്ന് വാങ്ങുന്നതിന്റെ ഇരട്ടി പ്രതിഫലം ആവശ്യപ്പെട്ടു. അദ്ദേഹം അതും സമ്മതിച്ചു. ആലുവയായിരുന്നു ലൊക്കേഷൻ. ഞാൻ ചെന്നിറങ്ങുമ്പോൾ യൂണിറ്റിലുള്ള ആളുകൾ ഓരോരുത്തരും വന്നു എനിക്ക് ഷേക്ക് ഹാൻഡ് തന്നു. എനിക്ക് സത്യത്തിൽ കാര്യം മനസ്സിലായില്ല. അപ്പോൾ അവർ എന്നോട് പറഞ്ഞു, 'സാർ ഓർക്കുന്നുണ്ടോ എന്നറിയില്ല, നീ വരുവോളം എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നും സാറിനെ പറഞ്ഞു വിടുമ്പോൾ ഞങ്ങൾ തന്നെയായിരുന്നു യൂണിറ്റ്. ഇന്നിപ്പോൾ രണ്ട് ദിവസമായി സെറ്റ് മുഴുവൻ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇപ്പോഴും ഞങ്ങൾ തന്നെയാണ് യൂണിറ്റ്'. എന്റെ കണ്ണു നിറഞ്ഞു പോയി. 

ഞാൻ അവരോട് പറഞ്ഞു, 'അന്ന് എന്റെ മോശം സമയമായിരുന്നു.. ഇന്ന് നല്ല സമയവും.. മോശം സമയത്ത് എന്ത് ചെയ്താലും മങ്ങിപ്പോകും, സമയം നന്നാകുമ്പോൾ അഭിനയം നന്നാകും.. എല്ലാതും നന്നാകും'. ആ സിനിമയിൽ അഭിനയിച്ചു കുറച്ച് കാലം കഴിഞ്ഞാ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് സിബി സർ ചെയർമാനായിട്ടുള്ള ജൂറി കമ്മിറ്റി എന്നെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തു. അവാർഡ് ദാനത്തിന്റെ അന്ന് രാത്രി നടന്ന ഡിന്നറിൽ ഞാനും സിബി സാറും ഒരുമിച്ച് ഒരേ ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അഭിനയിക്കാൻ അറിയാത്തത് കൊണ്ട് പുറത്താക്കപ്പെട്ട് കോട്ടയം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ 7 മണിക്കൂറുകളോളം ട്രെയിൻ ടിക്കറ്റിനായി കാത്തു നിന്ന സലിം കുമാർ എന്ന സാധുമനുഷ്യൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു സലിംകുമാർ. ഭരത് ഗോപി പുരസ്‌കാരം നേടിയ സലീംകുമാറിന് ആശംസകൾ'.

വളർന്നു വരുന്ന കലാകാരന്മാർക്കുള്ള സന്ദേശം 

ഈ അടുത്തകാലത്ത് ആണ് സലീം കുമാർ ഭരത് ഗോപി പുരസ്‌കാരത്തിന് അർഹനായത്. അതിന് ആശംസകൾ അർപ്പിച്ചാണ് ഈ പോസ്റ്റ് വൈറലായത്. ഇത് വളർന്നു വരുന്ന എല്ലാ കലാകാരന്മാർക്കും ഒരു സന്ദേശവും പാഠവും ആകട്ടെ. ഒന്നും എളുപ്പമല്ല എന്ന സന്ദേശമാണ് സലീം കുമാർ എന്ന പ്രതിഭ നൽകുന്നത്. എന്തിന് വേണ്ടി ആര് കഷ്ടപ്പെടുന്നുവോ അത് അവർക്ക് കിട്ടുമ്പോൾ അതിൻ്റെ വില അവർക്ക് അറിയുകയും ചെയ്യാം. ഇന്ന് പലർക്കും ഇല്ലാതെ പോകുന്നതും അതാണ്. അങ്ങനെയുള്ളവർ വന്നപോലെ തന്നെ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. അല്ലാത്തവർ എന്നും നിലനിൽക്കുകയും ചെയ്യുന്നു. അതിനുള്ള ഉദാഹരണങ്ങൾ ആണ് മമ്മൂട്ടിയും മോഹൻലാലും സലീം കുമാറും ഒക്കെ.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script