Action | റിവ്യൂ: തല അജിത്തിൻ്റെ 'വിടാമുയർച്ചി' ഒരു കിടിലൻ 'റോഡ്' ആക്ഷൻ സിനിമ


● 1997-ൽ പുറത്തിറങ്ങിയ 'ബ്രേക്ക് ഡൗൺ' എന്ന സിനിമയുടെ റീമേക്ക് ആണ്.
● സിനിമയുടെ പ്രധാന ലൊക്കേഷൻ അസർബൈജാനാണ്.
● അനിരുദ്ധിൻ്റെ സംഗീതം സിനിമയ്ക്ക് ഒരു പ്രത്യേക മൂഡ് നൽകുന്നു.
● സിനിമയിൽ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.
സോളി കെ ജോസഫ്
(KVARTHA) മഗിഴ് തിരുമേനി എഴുതി സംവിധാനം ചെയ്ത തല അജിത് കുമാർ നായകനായി എത്തിയ ആക്ഷൻ മൂവി 'വിടാമുയർച്ചി' തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. അജിത്കുമാർ, തൃഷ, അർജുൻ സർജ, ആരവ്, റെജീന കസാൻഡ്ര എന്നിവരാണ് ഈ സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്. 1997 -ൽ റിലീസ് ആയ ഹോളിവുഡ് ചിത്രം ബ്രേക്ക് ഡൗണിൻ്റെ അൺ ഒഫീഷ്യൽ ആയ ഒഫീഷ്യൽ റീമേക്ക് ആണ് വിടാമുയർച്ചി എന്ന് ഈ സീനിമയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. അസർബൈജാനിലെ വിജനമായ ഫ്രീവേകളിലാണ് സിനിമ പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്. വിദേശ അഭിനേതാക്കളും കുറെയുണ്ട്.
എവിടെ തിരിഞ്ഞാലും ഒരാളെയെങ്കിലും കാണാൻ കിട്ടുന്ന ഇന്ത്യയിൽ അല്ലാത്തതിന്റെ എല്ലാ സൗകര്യങ്ങളും സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ കഥ അവിശ്വസനീയമായി തോന്നുകയൊന്നുമില്ല. പടം തുടങ്ങി അരമണിക്കൂർ കഴിഞ്ഞാൽ പിന്നെ തീരുന്നതു വരെ ഒറ്റപ്പോക്കാണ്. ഒന്നര മണിക്കൂർ കഷ്ടിയുള്ള ബ്രേക്ക് ഡൗൺ രണ്ടരമണിക്കൂർ ആയി വലിച്ചു നീട്ടാൻ വേണ്ടി സ്വൽപ്പം വെടിവയ്പ്പ്, ചേസിംഗ്, ഡ്രിഫ്റ്റിംഗ്, ഡാൻസ് ഒക്കെ ചേർത്തിട്ടുണ്ട്. ഒന്ന് രണ്ടു പുതിയ കഥാപാത്രങ്ങളും ഇതിലുണ്ട്.
അസർബൈജാനിൽ തന്റെ ഭാര്യക്ക് ഒപ്പം ഒൻപതു മണിക്കൂർ ദൈർഘ്യമുള്ളൊരു റോഡ് യാത്രക്ക് ഇടയിൽ അപ്രതീക്ഷിതമായി അർജുന്റെ കാറ് ബ്രേക്ക് ഡൗൺ ആകുന്നതും അതിനെ തുടർന്നു അയാളുടെ ഭാര്യ കയലിനെ കാണാതെ ആകുന്നതും ആണ് സിനിമയുടെ മെയിൻ പ്ലോട്ട്. 12 വർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ് അർജുനും, കയലും. ഇത് വരെ കുട്ടികളായിട്ടില്ല. പതുക്കെ പതുക്കെ അവർ അകന്ന് തുടങ്ങി. ഡിവോർസിന് അപ്ലൈ ചെയ്തിട്ടുണ്ട്. കയലിന് തിരിച്ച് വീട്ടിൽ പോണം. ഒന്നിച്ചുള്ള അവസാന യാത്രയല്ലെ താൻ തന്നെ കൊണ്ടാക്കാം എന്ന് അർജുൻ.
ആ യാത്രയിൽ വിജനമായ ഒരു പ്രദേശത്ത് വെച്ച് കുറച്ച് ചെറുപ്പക്കാരുമായി പ്രശ്നമാകുന്നു. അത് തീർത്ത് പോകുമ്പോൾ വണ്ടി കേടാവുന്നു. പെട്രോൾ ബങ്കിൽ പരിചയപ്പെട്ട ഒരു ദമ്പതികളുടെ വണ്ടിയിൽ കയലിനെ കയറ്റി അടുത്ത റെസ്റ്റോറൻ്റിൽ ഇറക്കാൻ പറയുന്നു. വണ്ടി ശരിയാക്കി അവിടെ എത്താമെന്നും പറയുന്നു. പക്ഷെ വണ്ടിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് മനസിലാക്കി റെസ്റ്റോറൻ്റ് എത്തിയ അർജുൻ ഭാര്യ മിസ് ആയ വിവരം അറിയുന്നു. അയാളുടെ നെട്ടോട്ടം ആരംഭിക്കുകയാണ്. ഇതാണ് ഈ സിനിമയുടെ ഇതിവൃത്തം.
പ്രധാന കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്ത്, അവരുടെ ആ യാത്രയുടെ ലക്ഷ്യം കൂടി പ്രേക്ഷകരിലേക്ക് ഫീഡ് ചെയ്യുന്നുണ്ട് എന്നത് ഒഴിച്ചാൽ ഒറിജിനൽ സിനിമയെ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെ പിന്തുടരുന്നു. ചിത്രത്തിന്റെ ആദ്യ പകുതി മികച്ച രീതിയിൽ തന്നെ ആണ് മുന്നോട്ട് പോകുന്നത്. തൃഷയും , അർജുനും തങ്ങളുടെ ഭാഗം ഭംഗിയാക്കിയപ്പോൾ സർപ്രൈസ് എൻട്രി ആയി വന്ന റെജിന കസാൻഡ്ര ആണ് ഷോ സ്റ്റീലർ ആയത്. അനിരുദ്ധിന്റെ മ്യൂസിക്കും, അസർബൈജാൻ ലൊക്കേഷനും സിനിമയ്ക്ക് വല്ലാത്തൊരു മിസ്റ്ററി മൂട് നൽകുന്നുണ്ട്.
ടെക്നിക്കൽ സൈഡും കിടു ആണ്. സംവിധായകൻ മഗിഴ് തിരുമേനി ഒറിജിനൽ സിനിമയുടെ പ്രധാന കഥയിൽ ചില്ലറ കൂട്ടിച്ചേർക്കലുകളൊക്കെ ഉൾപ്പെടുത്തി നല്ല രീതിയിൽ തന്നെ സിനിമ അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥ പറയാൻ അസർബൈജാൻ പോലെയൊരു സ്ഥലം തിരഞ്ഞെടുത്തതും നന്നായി. മൊത്തത്തിൽ അത് സിനിമയ്ക്ക് ഒരു ഫ്രഷ്നസ് സമ്മാനിക്കുന്നുണ്ട്. അജിത്തിന് വല്യ വെല്ലുവിളിയൊന്നുമല്ല ഇതിലെ വേഷം. പുള്ളിയുടെ സ്ക്രീൻ പ്രസൻസും അത്രയ്ക്ക് ഉപയോഗിച്ചിട്ടില്ല. ഫ്ലാഷ് ബാക്ക് സീനുകളിൽ ഒതുങ്ങിയ ശരീരമുള്ള, സുന്ദരൻ അജിത്ത് കുമാറിനെ ഇടയ്ക്ക് കാണാം. ആ സീനുകൾ വന്നപ്പോൾ ഫാൻസ് സന്തോഷത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു.
അർജുനും, റജിനയും പ്രതിനായക വേഷങ്ങളിൽ തിളങ്ങി. അധികം ചെയ്യാനൊന്നും ഇല്ലെങ്കിലും ഉള്ള ഭാഗങ്ങളിൽ തൃഷ തന്റെ വേഷം ഭംഗിയാക്കി. അനിരുദ്ധിൻ്റെ സംഗീതം പക്കബലമാണ്. ആദ്യ പകുതിയിൽ ഒരോ തവണയും അജിത്ത് വില്ലന്മാരുടെ കയ്യിൽ നിന്ന് അടിവാങ്ങി വീഴുമ്പോഴും 'ദാ....ഇപ്പോ തല തിരിച്ചടിക്കും, അണ്ണന്റെ മാസ്സ് അടി ഇപ്പോ കാണാം', എന്ന് കരുതി പാവം ഫാൻസ് കയ്യടിക്കും. എവിടെ!? പുള്ളി അടി വാങ്ങിക്കൊണ്ടേയിരിക്കുകയല്ലാതെ തിരിച്ചൊന്നും ചെയ്യുന്നില്ല. ഇന്റർവെല്ലിന് ശേഷം ആ പരാതിതീർത്ത് തരുന്നുണ്ട്. വ്യക്തിപരമായി സിനിമ ഇഷ്ടമായി. ഒരു നല്ല ആക്ഷൻ ത്രില്ലർ എന്ന നിലയിൽ കണ്ടാൽ നിരാശ തോന്നില്ല.
അജിത്ത് കുമാറിന്റെ മാസ് സീനുകളും, ഡയലോഗുകളും ഒക്കെ പ്രതീക്ഷിച്ചാൽ നിരാശയാവും ഫലം. അജിത്തിന്റെ ഇമേജ് ഈ സിനിമയ്ക്ക് ഒരു ബാധ്യത ആയിട്ടുണ്ട് എന്ന് തന്നെ ആണ് സിനിമ കണ്ടപ്പോൾ തോണിയതും. ഒറിജിനലിന്റെ ക്ലാസിക് ആയിട്ടുള്ള ക്ലൈമാക്സിനു പകരം ആരാധകരെ കൂടി ബോധിപ്പിക്കാൻ ഒരുക്കിയ ക്ലൈമാക്സ് വിചാരിച്ച ഒരു ഇംപാക്ട് സിനിമയ്ക്ക് നൽകിയില്ല എന്നാണ് പേഴ്സണലി തോന്നിയതും. എന്നിരുന്നാലും സിനിമ ഒരു ഡീസന്റ് വാച്ച് തന്നെ ആണ്. പടത്തിന്റെ റിസൾട്ട് എന്താവുമെന്നൊന്നും അറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പിച്ച് പറയാം, അജിത്തിനും മഗിഴ് തിരുമേനിക്കും ഭാവിയിൽ തല കുനിച്ച് നിൽക്കേണ്ടി വരില്ല ഇതിന്റെ പേരിൽ. സിനിമയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Ajith Kumar's 'Vidaamurchi' is a thrilling road action movie, offering gripping sequences and performances, though some aspects may not fully meet fan expectations.
#AjithKumar #Vidaamurchi #ActionMovies #Thriller #IndianCinema #RoadAction