Resignation | ഒടുവിൽ പുറത്തേക്ക്; രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചു
'പാലേരി മാണിക്യം' സിനിമയുടെ സെറ്റിലുണ്ടായ സംഭവത്തെ തുടർന്നാണ് നടി പരാതി ഉന്നയിച്ചത്.
തിരുവനന്തപുരം: (KVARTHA) ബംഗാളി നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. ഒരു രാത്രി മുഴുവൻ ഹോടെലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും അവർ പറഞ്ഞിരുന്നു.
നടിയുടെ ആരോപണത്തെ തുടർന്ന് രഞ്ജിത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. രഞ്ജിത്ത് രാജിവയ്ക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു എൽഡിഎഫ് നിലപാട് സ്വീകരിച്ചത്. വയനാട്ടിലുള്ള രഞ്ജിത്ത് കഴിഞ്ഞ ദിവസം തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് 2021ലാണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നിയമിതനായത്. നാലു പതിറ്റാണ്ടുകളായി സിനിമ മേഖലയിൽ സജീവമാണ്.
അതേസമയം, ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദീഖും രാജിവെച്ചിട്ടുണ്ട്. ഈ സംഭവങ്ങൾ മലയാള സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച്, അശ്ലീലമായ പരാമർശങ്ങൾ, സ്ത്രീകളുടെ സ്വകാര്യ സ്ഥലത്തേക്ക് അതിക്രമിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ സിനിമയിൽ വ്യാപകമായി നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.
#MalayalamCinema #filmindustry #Renjith #PaleriManikyam #Kerala