Legacy | വയലാർ രാമവർമ വിടവാങ്ങി 49 വർഷങ്ങൾ; മലയാള കവിതയിലെ മരണമില്ലാത്ത ഗന്ധർവൻ
● 1300-ലധികം സിനിമാഗാനങ്ങൾ രചിച്ചു.
● വയലാർ-ദേവരാജൻ കൂട്ടുകെട്ട് മലയാളത്തിന് നൽകിയ സംഭാവന അനശ്വരമാണ്.
● വയലാർ രാമവർമ്മ 1928-ൽ ജനിച്ചു, 1975-ൽ അന്തരിച്ചു.
നവോദിത്ത് ബാബു
(KVARTHA) വയലാർ രാമവർമ്മ എന്ന വ്യക്തിയെ സമീപിക്കുമ്പോൾ ആ വ്യക്തിത്വത്തെ ഏത് രൂപത്തിൽ വിലയിരുത്തണമെന്ന് ആസ്വാദകരിൽ ആശയകുഴപ്പമുണ്ടാക്കും. മലയാള കാവ്യലോകത്തെ സ്വന്തം തൂലിക കൊണ്ടുഅടയാളപ്പെടുത്തിയ വയലാർ ചലച്ചിത്രഗാന രംഗത്ത് സുവർണ ലിപികളാൽ എഴുതപ്പെട്ട മഹാപ്രതിഭയായ ഒരു ഗാനരചയിതാവ് കൂടിയായിരുന്നു. 1928ൽ ജനിച്ച് 1975 ൽ കേവലം 47-ാം വയസിൽ ഈ ഭൂമിയോട് വിട പറഞ്ഞ വയലാർ ഇവിടെ ബാക്കിവെച്ച് പോയത് കാലമുള്ളടത്തോളം കാലം ഓർക്കാനുള്ള നിരവധി സൃഷ്ടികളാണ്.
കവിതയായും ഖണ്ഡ കാവ്യമായും നിരവധി കൃതികൾ മലയാളിക്ക് സമ്മാനിച്ചപ്പോൾ അതിനേക്കാൾ ഒക്കെ മലയാളിയുടെ മനസ്സിലേക്ക് കടന്നു വരുന്നത് അദ്ദേഹം കൈരളിക്ക് സമ്മാനിച്ച നിത്യഹരിതമായ സിനിമ ഗാനങ്ങളാണ്. പാദ മുദ്രകൾ, അശ്വമേധം, സത്യത്തിന് എത്ര വയസ്സായി, താടക എന്ന ദ്രാവിഡ രാജകുമാരി തുടങ്ങി 10 ലേറെ കവിത സമാഹാരങ്ങൾ, ആയിഷ എന്ന ഖണ്ഡകാവ്യം, നിരവധി ഉപന്യാസങ്ങൾ തുടങ്ങി തന്റെ സംഭാവനകൾ വഴി സാഹിത്യ ലോകത്ത് നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു വയലാർ.
അശ്വമേധം എന്ന കവിതാസമഹാരത്തിലെ ആരൊരാളെൻ കുതിരയെ കെട്ടുവാൻ, ആരോരാളതിൻ മാർഗം തടുക്കുവാൻ എന്ന വരി എന്നും പ്രസക്തമാണ്. തികഞ്ഞ കമ്യൂണിസ്റ്റായ തികഞ്ഞ നിരീശ്വരവാദിയായ വയലാറിലെ രാജകുടുംബത്തിൽ പിറന്നുവീണ രാമവർമ്മ വളർന്നത് സംഗീത സാഹചര്യത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്രായത്തിൽ കവിതകൾ ആ തൂലികക്ക് വഴങ്ങി. ഇരുപതാമത് വയസ്സിലായിരുന്നു ആദ്യ കൃതി പുറത്തിറങ്ങിയത്.
സാഹിത്യ ലോകത്തെ സംഭാവനകൾ എത്രയൊക്കെ പറഞ്ഞാലും വയലാർ കേരള മനസ്സിൽ ഇന്നും ഉടയാത്ത വിഗ്രഹമായി മായാത്ത കാഴ്ചയായി നിലനിൽക്കുന്നത് അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞ 1300 ലേറെ സിനിമാഗാനങ്ങളിലൂടെ ആയിരുന്നു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. തികച്ചും വ്യത്യസ്തമായ ഗാനങ്ങൾ. അപാരമായ വൈവിധ്യതയിൽ പ്രേക്ഷക മനസിന്റെ ആഴത്തിലേക്ക് കടന്നു കയറിയ നിരവധി ഗാനങ്ങൾ. നിരീശ്വരവാദിയിൽ നിന്നും ഉയർന്നു വന്ന ഹൃദയത്തിന്റെ അന്തരാളങ്ങളിൽ പോലും ഓളങ്ങൾ സൃഷ്ടിക്കാവുന്ന ഭക്തിഗാനങ്ങൾ. ശബരിമലയിൽ തങ്ക സൂര്യോദയം എന്ന ഗാനം വയലാറിൽ നിന്ന് വന്നതാണ് എന്ന് വിശ്വസിക്കാൻ പെട്ടെന്ന് ആർക്കും സാധിക്കില്ല.
1975ൽ ദേശീയ അവാർഡ് ലഭിക്കാനിടയായ അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം അതിന്റെ പ്രസക്തി ഏറ്റവും കൂടുതലുള്ള ഒരു കാലഘട്ടത്തിൽ കൂടിയാണ് നാം കടന്നു പോകുന്നത് എന്ന് ചിന്തിക്കുമ്പോൾ കവികൾ ദീർഘദൃഷ്ടിയുള്ളവരാണ് എന്നത് നുറു ശതമാനം ശരിയായി വയലാറിന്റെ കാര്യത്തിൽ ബോധ്യപ്പെടാവുന്നതാണ്. മതങ്ങളുടെ പേരിൽ മനുഷ്യമനസ്സുകളെ അകറ്റാനുള്ള വർത്തമാനകാല യാഥാർത്ഥ്യങ്ങളിലേക്കുള്ള ഒരു വിരൽ ചൂണ്ടൽ ആയിരുന്നു 50 വർഷം മുമ്പ് വയലാർ ചൂണ്ടിക്കാണിച്ചത് എന്ന് പറയുമ്പോൾ നാം ആ പ്രതിഭയെ അറിയാതെ നമിച്ചു പോകും.
വയലാറിനെ നമ്മുടെ ഇടയിലെ ഏറ്റവും പ്രിയപ്പെട്ടവൻ ആക്കിയതിൽ ദേവരാജൻ മാഷുടെ സാന്നിധ്യം ഒരിക്കലും വിസ്മരിക്കാൻ പറ്റുന്ന ഒന്നല്ല. കൂടപ്പിറപ്പ് എന്ന ചിത്രത്തിൽ രാഘവൻ മാഷുടെ കൂടെയാണ് വയലാർ ആദ്യമായി വന്നതെങ്കിൽ 137 സിനിമകളിൽ ഒന്നിച്ച് 700 അടുത്ത് ഗാനങ്ങൾ സൃഷ്ടിച്ച അപൂർവ്വ കൂട്ടുകെട്ടായ വയലാർ ദേവരാജൻ കൂട്ടുകെട്ടാണ് മലയാള സിനിമ രംഗത്തെ എക്കാലത്തെയും സമ്പന്നമാക്കിയത് എന്നതിൽ ഒരു സംശയവുമില്ല. കാലത്തെ അതിജീവിക്കുന്ന ഗാനങ്ങൾ, മനുഷ്യമനസ്സിന്റെ വികാരവിചാരങ്ങൾ ഉൾക്കൊണ്ട വരികൾ, മലയാളികളുടെ വിപ്ലവ വീര്യവും, ദുഃഖവും, സന്തോഷവും സൗന്ദര്യ സങ്കല്പവും പ്രണയ കൽപ്പനകളും ഭക്തിയും എല്ലാം കണ്ടറിഞ്ഞ വരികൾ. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വരികൾ.
കൊട്ടാരം വിൽക്കാനുണ്ട് എന്ന ചിത്രത്തിലെ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനത്തിലെ പ്രശസ്തമായ ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന് ചോദിക്കുന്നത് എത്ര ആർജ്ജവത്തോട് കൂടിയാണ്? നമ്മുടെ ഓരോരുത്തരുടെ മനസ്സിലും ആ ചോദ്യങ്ങൾ ഉയരുന്നില്ലേ? 1957 ൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പാളയം രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്യുമ്പോൾ അവതരണ ഗാനമായി രചിച്ച ബലി കുടീരങ്ങളെ എന്ന ഗാനം പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമുദ്രയായി മാറുകയായിരുന്നു.
തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയ വയലാറിന്റെ വിവാദമായ ചൈന വിരുദ്ധ പ്രസംഗം കമ്മ്യൂണിസ്റ്റ് അനുകൂലികളിൽ ഏറെ വിമർശനം വരുത്തി വെച്ചിരുന്നു. കാവ്യനീതി എന്നതുപോലെ വയലാറിന്റെ പൊന്നോമന പുത്രനായ ഈ കമ്മ്യൂണിസ്റ്റുകാരൻ വയലാർ രക്തസാക്ഷി ദിനത്തിൽ തന്നെ ലോകത്തോട് വിട പറഞ്ഞത് ആ വ്യക്തിത്വത്തിന് ലഭിച്ച അർഹിക്കുന്ന ആദരവായി നമുക്ക് വിശ്വസിക്കാം.
#VayalarRamavarma #MalayalamPoetry #CulturalIcon #FilmMusic #LiteraryLegacy #KeralaArt