Legacy | മഹാനടൻ തിലകൻ മറഞ്ഞിട്ട് ഒരു വ്യാഴവട്ടം; മലയാളി മറക്കില്ല പകർന്നാട്ടത്തിൻ്റെ പെരുന്തച്ഛനെ
● തന്റെ നിലപാടുകളിൽ ഉറച്ചു നിന്നതിനാൽ സിനിമയിൽ നിന്ന് ഒറ്റപ്പെട്ടു
● അമ്മയുമായുള്ള തർക്കം മലയാള സിനിമയിൽ വലിയ ചർച്ചയായി
● നാടകങ്ങളിലൂടെയാണ് കലാജീവിതം തുടങ്ങിയത്.
● പല ദേശീയ അവാർഡുകൾ ലഭിച്ചു.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) മലയാള ചലച്ചിത്ര ലോകത്ത് അഭിനയ കരുത്തായി നിറഞ്ഞിരുന്ന തിലകൻ വിടപറഞ്ഞിട്ട് ചൊവ്വാഴ്ചത്തേക്ക് 12 വർഷം തികയുന്നു. അഭിനയ മികവിൻ്റെ ഉന്നത ശ്രേണിയിൽ നിന്നിരുന്ന തിലകൻ സ്വയം കലഹിക്കുകയും തനിക്ക് ചുറ്റും നടക്കുന്ന അനീതികളെ തുറന്ന് എതിർക്കുകയും ചെയ്തിരുന്ന പച്ച മനുഷ്യൻ കൂടിയായിരുന്നു. ഇത്തരം നിലപാടുകൾ അദ്ദേഹത്തെ താര രാജാക്കൻമാരുടെ കണ്ണിലെ കരടാക്കി. അവസാന കാലങ്ങളിൽ അവസരങ്ങൾ നഷ്ടപ്പെട്ടു. നാടകങ്ങളിലേക്കും സീരിയലുകളിലേക്കും മടങ്ങേണ്ടി വന്നു.
ജീവിക്കാനായി അവിടെയും വേഷങ്ങൾ ചെയ്യാൻ ചിലർ അനുവദിച്ചില്ല. ഇങ്ങനെ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടാണ് തിലകനെന്ന മഹാനടൻ ഈ ലോകത്തെ വിട്ടു പിരിയുന്നത്. തിലകന് മാത്രം അഭിനയിച്ചു ഫലിപ്പിക്കാവുന്ന രണ്ടു വേഷങ്ങൾ ഉസ്താദ് ഹോട്ടലിലും ഇന്ത്യൻ റുപ്പിയിലും ചെയ്താണ് അദ്ദേഹം വിടവാങ്ങിയത്. ഒരു നടനെന്ന നിലയിൽ പകരക്കാരനില്ലാത്ത മഹാനടനും ആരുടെ മുൻ പിലും കീഴടങ്ങാത്ത പോരാളിയുമായിരുന്നു അദ്ദേഹം.
മലയാളത്തിലെ താര സംഘടനയായ അമ്മ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടം തിലകനെ വേട്ടയാടിയതിൻ്റെ തിരിച്ചടി കൂടിയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തിറങ്ങിയ ദിവസം മുതൽ കണ്ടുവരുന്ന പ്രത്യാഘാതങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. വിവാദങ്ങൾക്കിടെ മലയാള സിനിമയിലെ പെരുന്തച്ചൻ ആയ തിലകന്റെ മകൾ സോണിയ ഒരു കാര്യം പറയുകയുണ്ടായി. അച്ഛൻ ജീവിച്ചിരിക്കുമ്പോൾ പരസ്യമായി പറഞ്ഞിരുന്നു ഈ അമ്മ ഒരു കോടാലിയാവുമെന്ന്. ഇതു പൂർണമായും ശരിയാണെന്ന് നാൾക്കു നാൾ തെളിഞ്ഞുവരികയാണ്.
പ്രവചന ശക്തിയുടെ കരുത്തോടുകൂടി പ്രത്യാഘാതങ്ങളെയും വകവെക്കാതെ പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറഞ്ഞ മലയാള സിനിമയുടെ പെരുന്തച്ചന്റെ ചരമവാർഷികമാണ് ആരോരുമോർക്കാതെ കടന്നുപോകുന്നത്. സുരേന്ദ്രൻ നാഥ തിലകൻ എന്ന തിലകൻ നമ്മളോട് വിടവാങ്ങിയിട്ട് ഒരു വ്യാഴവട്ടം പൂർത്തിയാകുകയാണ്. സ്കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18 ലേറെ പ്രൊഫഷണൽ നാടക സംഘങ്ങളുടെ മുഖ്യ സംഘാടകനായിരുന്നു. 10000 ലേറെ സ്റ്റേജുകളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു.
പി ജെ ആന്റണി നായകനായ ഞങ്ങളുടെ മണ്ണ് എന്ന നാടകം സംവിധാനം ചെയ്തു കൊണ്ടാണ് അദ്ദേഹം സംവിധായകനായി അരങ്ങേറിയത്. കെജി ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് 1979ൽ സിനിമയിലേക്ക് കടന്നു വരുന്നത്. കോലങ്ങൾ എന്ന ചിത്രം വഴി പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, പെരുന്തച്ചൻ, ഇന്ത്യൻ റുപ്പി, ഉസ്താദ് ഹോട്ടൽ, പെരുന്തച്ചൻ, കൗരവർ... നിര നീളുന്നു. സിനിമ പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഒരുപാട് ചിത്രങ്ങൾ.
തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ആരുടെയും മുമ്പിൽ വെട്ടി തുറന്നു പറഞ്ഞതിനാൽ താരാസംഘടനയായ അമ്മയിൽ നിന്ന് തിലകൻ ബഹിഷ്കരണ ഭീഷണി നേരിട്ടു. മുട്ടുമടക്കാതെ തന്റെ പഴയ ലോകമായ നാടകത്തിലേക്ക് തിരിച്ചുപോയ അപൂർവ കഥയും തിലകനുണ്ട്. തിലകനെ പിന്തുണച്ച് സുകുമാർ അഴീക്കോട് രംഗത്ത് വന്നത് കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായമാണ്. അഭിനയത്തിന്റെ ഈ മഹാപ്രതിഭക്ക് നിരവധി ദേശീയ സംസ്ഥാന അവാർഡുകളും പത്മശ്രീയും ലഭിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാർഡ് രണ്ട് തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെടുകയായിരുന്നു.
ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയവേ 2012 സെപ്റ്റംബർ 24 നാണ് തിലകൻ ഈ ലോകത്തോട് വിടവാങ്ങിയത്. കറകളഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭാവിയും പ്രവർത്തകനുമായ തിലകന്റെ ഭൗതിക ശരീരത്തിൽ പാർട്ടി പതാക പുതപ്പിച്ചു കൊണ്ടാണ് അന്ത്യ യാത്ര നടത്തിയത്. തിലകൻ, നെടുമുടി വേണു , ഇന്നസെൻ്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ , മാമുക്കോയ തുടങ്ങി മലയാള സിനിമയിൽ സ്വാഭാവികമായ അഭിനയം കൊണ്ടു നിറഞ്ഞുനിന്ന മഹാരഥൻമാരായ നടൻമാരുടെ നീണ്ട നിര തന്നെയാണ് ചുരുങ്ങിയ കാലം കൊണ്ടു മറഞ്ഞുപോയത്. പകരക്കാരില്ലാത്ത അഭിനയ പ്രതിഭകളായിരുന്നു ഇവർ ഓരോരുത്തരും.
#Thilakan #MalayalamCinema #Legend #RIP #Bollywood #Cinema