Tribute | കുയിൽനാദം നിലച്ചിട്ട് 4 വർഷം; പാട്ടിലൂടെ ജീവിക്കുന്നു എസ് പി ബാലസുബ്രഹ്മണ്യം
● ശാസ്ത്രീയമായി സംഗീതം പഠിക്കാതെ ജന്മനാ വാസന ലഭിച്ച പ്രതിഭ.
● ഇളയരാജയുമായുള്ള കൂട്ടുകെട്ട് ഇന്ത്യൻ സംഗീത ലോകത്തെ മാറ്റിമറിച്ചു.
● കോവിഡ്-19 ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഭാമനാവത്ത്
(KVARTHA) ഇന്ത്യൻ സംഗീതത്തിലെ നിലയ്ക്കാത്ത കുയിൽനാദമായ തെന്നിന്ത്യൻ ഗാനഗന്ധർവ്വൻ എസ്പി ബാലസുബ്രഹ്മണ്യം വിട പറഞ്ഞിട്ട് സെപ്റ്റംബർ 25ന് നാല് വർഷം തികഞ്ഞുവെങ്കിലും അദ്ദേഹത്തിൻ്റെ സ്വരമാധുര്യം ഇന്നും സംഗീതപ്രേമികളുടെ കാതിൽ മുഴങ്ങുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കേട്ട പാട്ടുകളിലൊന്ന് എസ്.പി.ബിയുടെ മലരേ മൗനമോയെന്ന് തുടങ്ങുന്ന ഗാനമെന്നത് അദ്ദേഹത്തിൻ്റെ ജനപ്രീതിയുടെ ഉദാഹരണമാണ്.
ശാസ്ത്രീയമായി സംഗീതം പഠിക്കാതെ ജന്മനാ ലഭിച്ച വാസനയുടെ ബലത്തിൽ ഇന്ത്യൻ സംഗീത ലോകം തന്നെ കീഴടക്കിയ പ്രതിഭയായിരുന്നു ആരാധകർ എസ്.പി.ബിയെന്ന് വിളിക്കുന്ന എസ്.പി ബാലസുബ്രഹ്മണ്യം. ശങ്കരാഭരണമെന്ന തെലുങ്ക് സിനിമയിൽ എസ്പി ബാലസുബ്രഹ്മണ്യം പാടിയ ശങ്കരായെന്നു തുടങ്ങിയ ഹിറ്റ് പാട്ട് ഇന്ത്യൻ സംഗീതലോകത്തെ തന്നെ ഇളക്കിമറിച്ചിരുന്നു. എൺപതുകളിൽ
തെലുങ്കിൽ ഇറങ്ങിയസംഗീത ചിത്രമായിരുന്നു ശങ്കരാഭരണം.
ഇതുവരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിൽ ഒരു സിനിമയായിരുന്നു ശങ്കരാഭരണം. പത്ത് ഗംഭീര ഗാനങ്ങൾ അതിലുണ്ടായിരുന്നു. കെ വി മഹാദേവനെന്ന സംഗീത മാന്ത്രികന്റെ ശക്തി തെളിയിച്ച ഗാനങ്ങൾ. ആ പത്തു ഗാനങ്ങളിൽ ഒൻപതു ഗാനവും ആലപിച്ച ശബ്ദത്തിന്റെ ഉടമ എസ് പി ബാലസുബ്രഹ്മണ്യമായിരുന്നു. തെലുങ്ക് ഭാഷയിലാണ് ആദ്യമിറങ്ങിയതെങ്കിലും ചിത്രം ഇന്ത്യയിലെ പല ഭാഷകളിൽ ഇറങ്ങി.
കശ്മീർ മുതൽ കന്യാകുമാരി വരെ ആ ചിത്രം സംഗീതത്തിന്റെ പേരിൽ ആഘോഷിക്കപ്പെട്ടു. സംഗീതത്തിന് ഭാഷയില്ലെന്ന് ഉറക്കെ അറിയിച്ചുകൊണ്ട് കേരളത്തിലെ കുഗ്രാമങ്ങളിൽ പോലും സിനിമ നൂറു ദിവസം നിറഞ്ഞ സദസിൽ ഓടി. എസ്.പി.ബിയെന്ന മാന്ത്രികനെ പലരും ഓർക്കുന്നത് ഇത്തരം ഗാനങ്ങളിലൂടെയാണ്. ഇളയരാജയുടെ സംഗീതത്തിൽ എസ്.പി.ബി പാടിയ പാട്ടുകൾ സംഗീതലോകത്ത് ഇന്നും വിസ്മയങ്ങളാണ്.
2020 സെപ്റ്റംബർ മാസത്തിലാണ് ആരാധകരെ സങ്കടത്തിലാഴ്ത്തി കൊണ്ടു എസ്.പി.ബിയെ കൊവിഡ് തട്ടിയെടുത്തത്.
ചെന്നൈയിലെ ഒരു ആശുപത്രിയിലായിരുന്നു ആ മഹത്തായം വിയോഗം. ലോകത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിയ കോവിഡ് മഹാമാരി അതിന്റെ താണ്ഡവ നൃത്തം തുടരുന്ന കാലഘട്ടത്തിലെ കനത്ത നഷ്ടങ്ങളിലൊന്നാണ് എസ്.പി.ബി യുടെ വിയോഗം. കോവിഡ് 19 ബാധിച്ച എസ് പി ബി ഗുരുതരാവസ്ഥയിൽ ആണെന്നറിഞ്ഞ ആരാധകർ ആശുപത്രിക്ക് മുമ്പ് കൂട്ടം കൂടിയിരുന്നു. അവർസകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു.
വിളി കേൾക്കുമെന്ന വിശ്വസിച്ചച്ച് സകല ആരാധനാലയങ്ങളിലും നേർച്ചകൾ നേർന്നു. എസ്പിയുടെ ശങ്കരാഭരണത്തിലെ ശങ്കരാ നാദ ശരീരാ പരാ.... എന്ന ഗാനം കൊണ്ട് ശബരിമലയിൽ സംഗീതാർച്ചന കൂടി നടത്തി. ആരാധകർ കൂട്ട പ്രാർത്ഥനയാണ് അവരുടെ ബാലുവിന് ഒന്നും വരുത്തരുതേയെന്നതിനായി നടത്തിയത്. എന്നാൽ സകലരെയും കണ്ണീരിലാഴ്ത്തി കൊണ്ടു എസ്പി ബാലസുബ്രഹ്മണ്യമെന്ന കുയിൽനാദം നിലച്ചു. ഇന്ത്യൻ സംഗീതലോകത്ത് എസ്.പി.ബി നികത്തിയ വിടവ് ഇന്നും കനത്ത ശൂന്യതയായി തന്നെ നിൽക്കുന്നു.
#SPBalasubrahmanyam #RIPSPB #IndianMusic #Legend #Shankarabharanam #Ilayaraja #Tribute #Obituary