Movie Review | രേഖാചിത്രം: മികച്ചൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ആസിഫ് അലിയുടെ ഗംഭീര പ്രകടനം


● ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
● എടുത്ത് പറയേണ്ടത് പണ്ടത്തെ രണ്ടു സിനിമകളെ തമ്മിൽ കണക്ട് ചെയ്യിക്കുന്ന സീൻസ് ഉണ്ട്.
● അഭിനയത്തിന്റെ കാര്യത്തിൽ ഞെട്ടിച്ച മറ്റൊരാൾ സറിൻ ശിഹാബ് ആണ്.
ഹന്നാമോൾ എൽദോസ്
(KVARTHA) ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ നായികാ നായകന്മാരാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നടനെന്ന നിലയിൽ ആസിഫ് അലി സമീപകാലത്ത് നടത്തിക്കൊണ്ടിരിക്കുന്ന മികവുറ്റ സ്ക്രിപ്റ്റ് സെലക്ഷന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് രേഖാചിത്രം എന്ന് വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. ഒരു കുറ്റവും പറയാൻ ഇല്ലാത്ത നല്ല ഫ്ലോയിൽ പോകുന്ന ഒരു ഇമോഷണൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, പഴയൊരു സിനിമ സെറ്റിൽ നടക്കുന്ന ആരും അറിയാതെ പോയ ഒരു ക്രൈം.
എടുത്ത് പറയേണ്ടത് പണ്ടത്തെ രണ്ടു സിനിമകളെ തമ്മിൽ കണക്ട് ചെയ്യിക്കുന്ന സീൻസ് ഉണ്ട്. എത്ര മനോഹരമായിട്ടാണ് അതൊക്കെ ചെയ്തു വെച്ചിരിക്കുന്നത് എന്നത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കിനെ ഒക്കെ ഓർമിപ്പിക്കുന്ന ക്രാഫ്റ്റ്. ആ കാലത്തെ മാസ്റ്റർമാർക്കുള്ള മനോഹര ട്രിബ്യൂട്ട്. ആസിഫ് അലിയുടെ പ്രകടനം സിനിമയിൽ എടുത്തുപറയേണ്ടത് തന്നെയാണ്. ആസിഫലി എന്നാൽ മിനിമം ഗ്യാരണ്ടി എന്ന ഉറപ്പും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. അനശ്വര വിന്റേജ് ലുക്കിൽ അതീവ സുന്ദരിയായി കാണപ്പെട്ടു. അനായാസമായി അഭിനയിച്ചു.
അഭിനയത്തിന്റെ കാര്യത്തിൽ ഞെട്ടിച്ച മറ്റൊരാൾ സറിൻ ശിഹാബ് ആണ്. അവരുടെ മുഖഭാവങ്ങളും പ്രകടനവും ആ കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്തിയിട്ടുണ്ട്. മലയാളികള്‍ക്ക് സുപരിചിതമായ എണ്‍പതുകളിലെ ഒരു സിനിമയും അതിന്‍റെ ലൊക്കേഷനുമാണ് ചിത്രത്തിലെ അന്വേഷണത്തിന്‍റെ പ്രധാന പശ്ചാത്തലം ആവുന്നത്. പുതിയ കാലത്തിരുന്ന് നാല് പതിറ്റാണ്ടിന്‍റെ അകലമുള്ള മറ്റൊരു കാലത്ത് നടന്ന ക്രൈമിന്‍റെ അന്വേഷണം എന്നതാണ് തിരക്കഥയിലെ പ്രത്യേകത. ഓണ്‍ലൈന്‍ റമ്മിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് വിവേക്.
സസ്പെന്‍ഷന് ശേഷം ഒരു ഉള്‍നാടന്‍ സ്റ്റേഷനിലേക്കാണ് അയാള്‍ സ്ഥലംമാറ്റപ്പെടുന്നത്. എന്നാല്‍ ചാര്‍ജ് ഏറ്റെടുത്തതിനോട് തൊട്ടുചേര്‍ന്ന് ഏറെ കൗതുകകരവും സങ്കീര്‍ണവുമായ ഒരു കേസ് അയാള്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. അറിയും തോറും കൂടുതല്‍ കുരുക്കുകളുള്ളതായിത്തീരുന്ന ആ കേസ് വേഗത്തില്‍ മാധ്യമശ്രദ്ധ കൂടി നേടുന്നതോടെ അന്വേഷണം വിജയകരമാക്കുക വിവേകിന്‍റെ കരിയറിനെ സംബന്ധിച്ച് തന്നെ പ്രധാനമായിത്തീരുകയാണ്. ചെറിയ തുമ്പുകളില്‍ പിടിച്ച് അയാള്‍ നടത്തുന്ന അന്വേഷണം ആണ് ഈ സിനിമയുടെ ഇതിവൃത്തം. പൊലീസ് ഉദ്യോഗസ്ഥനായ വിവേക് എന്ന കേന്ദ്രകഥാപാത്രത്തെയാണ് ആസിഫ് അലി ഇതിൽ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയ കാസ്റ്റിംഗ് അനശ്വര രാജന്‍റേതാണ്. ചിത്രത്തിലെ പ്ലോട്ടിന്‍റെ കേന്ദ്ര സ്ഥാനത്ത് വരുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു മികച്ച നടി തന്നെ വേണം. ആ ആവശ്യകത അനശ്വര ഗംഭീരമാക്കിയിട്ടുണ്ട്. ഇവരെക്കൂടാതെ മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (ആട്ടം ഫെയിം) തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. എല്ലാവരും അവരുടേതായ കഥാപാത്രങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.
ഛായാഗ്രഹണം അപ്പു പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, കലാസംവിധാനം ഷാജി നടുവിൽ, സംഗീത സംവിധാനം മുജീബ് മജീദ്, ഓഡിയോഗ്രഫി ജയദേവൻ ചാക്കടത്ത്, പ്രൊഡക്ഷൻ കൺട്രോളർഷിബു ജി സുശീലൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, വിഫ്എക്സ് മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ് ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ് ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ്, സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
'കിഷ്കിന്ധാ കാണ്ഡം’ സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡീയ എന്നീ ബാനറുകളിൽ വേണു കുന്നപ്പള്ളിയാണ്. ഈ സിനിമയെക്കുറിച്ച് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ നല്ല പടം, കൊടുക്കുന്ന പൈസക്കുള്ള മുതലുണ്ട്. ധൈര്യമായി ടിക്കറ്റെടുക്കാം.
#Rekhachithram #AsifAli #Thriller #MalayalamMovie #InvestigationThriller #MovieReview