Re-Release | 'മീൻ' റീ റിലീസ്: ജയൻ്റെ വരവ്, അത് ഒന്നൊന്നര വരവ് ആകും; പുതിയ തലമുറ സിനിമ എന്താണെന്ന് മനസിലാക്കട്ടെ

 
Jayan in Meen movie still
Jayan in Meen movie still

Image Credit: Youtub/ Comedy Time Malayalam

● 1980ൽ പുറത്തിറങ്ങിയ സിനിമ.
● 2025 ഫെബ്രുവരിയിലാണ് ചിത്രം റീ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നത്.
● പുതിയ തലമുറയ്ക്ക് ഒരു ക്ലാസിക് സിനിമ കാണാനുള്ള അവസരമാകും ഇത്.
● ജി ദേവരാജൻ സംഗീതം നൽകിയ ഗാനങ്ങൾ ഇന്നും ജനപ്രിയമാണ്.

റോക്കി എറണാകുളം 

(KVARTHA) ജയൻ്റെ വരവ്, അത് ഒന്നൊന്നര വരവ് ആകും. അതിൽ ആർക്കും ഒരു തർക്കവും ഇല്ലെന്ന് തോന്നും ഇപ്പോൾ അതുസംബന്ധിച്ച് സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന ചർച്ചകൾ കാണുമ്പോൾ. മരണപ്പെട്ട് കാലം ഇത്ര കഴിഞ്ഞിട്ടും ഇന്നും ജയന് ഇത്രമാത്രം ഫാൻസോ എന്ന് പുതുതലമുറ അതിശയപ്പെടുന്നു. അങ്ങനെയെങ്കിൽ മീൻ മാത്രമല്ല ശക്തി, കോളിളക്കം, ലൗ ഇൻ സിംഗപ്പൂർ, അങ്ങാടി അങ്ങനെ ഓരോന്ന് പോരട്ടെ. ഇദ്ദേഹത്തിന്റെ ആരാധകർക്ക് വലിയൊരു സന്തോഷമാകും. പുതിയ വാർത്ത എന്തെന്നാൽ മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ പരിവേഷം നേടിയ എക്കാലത്തെയും മലയാളത്തിലെ അതുല്യ നടൻ ജയൻ്റെ മീൻ എന്ന സിനിമ റീ റിലീസിന് ഒരുങ്ങുന്നുവെന്നാണ്. 

മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. പഴയകാല ഹിറ്റ് സിനിമകളും പണ്ട് ഹിറ്റാകാതെ പോയി പിന്നീട് പ്രേക്ഷക പ്രിയങ്കരമാകുകയും ചെയ്ത സിനിമകളുമെല്ലാം ഇപ്പോൾ പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ റീമാസ്റ്റർ ചെയ്ത് പുറത്തിറങ്ങുന്നുണ്ട്. മോഹൻലാലിൻെറയും മമ്മൂട്ടിയുടേയും സിനിമകൾ റീറിലീസിനായി എത്തിയിരുന്നു. ദേവദൂതൻ, മണിച്ചിത്രത്താഴ്, സ്‌ഫടികം തുടങ്ങിയ സിനിമകൾ റീ റിലീസില്‍ കോടികളാണ് വാരികൂട്ടിയത്. മലയാളത്തിന്റെ സ്വന്തം ആക്ഷൻ സൂപ്പർസ്റ്റാർ ജയൻ. ടി ദാമോദരൻ തിരക്കഥയെഴുതി ഐവി ശശി സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ ജയന്റെ മീൻ എന്ന ചിത്രമാണ് ഇപ്പോൾ റീ റിലീസിന് ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. 

2കെ ദൃശ്യഭംഗിയിൽ 5.1 ഡോൾബി അറ്റ്‌മോസ് ശബ്ദമികവോടെയാണ് മീൻ വർഷങ്ങൾക്കിപ്പുറം പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. 2025 ഫെബ്രുവരിയിൽ ചിത്രം റീ റിലീസ് ചെയ്യും. ചെന്നൈയിലും മുംബൈയിലുമായി ചിത്രത്തിന്റെ റീമാസ്റ്ററിങ് നടക്കുകയാണ്. മധു, സീമ, ശ്രീവിദ്യ, അടൂർ ഭാസി, ജോസ്, ശങ്കരാടി, അംബിക, ബാലൻ കെ നായർ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ജി ദേവരാജന്‍ സംഗീതം നല്‍കിയ മീനിലെ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ പ്ലേലിസ്റ്റിലുണ്ട്. സൂപ്പർഹിറ്റ് ചിത്രമായ ഗജിനിയടക്കം റീമാസ്റ്റർ ചെയ്ത് പുറത്തിറക്കിയ റോഷിക എന്റർപ്രൈസസാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. 

ജയന്റെ കൂടുതൽ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് റീമാസ്റ്റർ ചെയ്ത് പുറത്തിറക്കാനാണ് റോഷിക എന്റർപ്രൈസസിന്റെ പദ്ധതി. ജി ദേവരാജൻ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങളൊക്കെ വലിയ ജനപ്രീതി നേടിയിരുന്നു. എന്തായാലും ഈ വാർത്ത പഴയ കാലത്തെ ജയൻ്റെ ആരാധകരെ ആഹ്ലാദഭരിതമാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. പുതു തലമുറയ്ക്ക് ഒരു നല്ല സിനിമ കാണാനുള്ള അവസരവും ആകും ഇത്. ഇന്നും ഉല്ലാസപ്പൂതിരികൾ കണ്ണിലണിഞ്ഞവളെ എന്നൊക്കെയുള്ള ഈ സിനിമയിലെ ഗാനം പുതു തലമുറയ്ക്ക് പോലും പരിചിതമാണ്. ഒപ്പം നല്ല കഥയും തിരക്കഥയും. 

ഇന്ന് അങ്ങനെ ഒരു കഥയും തിരക്കഥയും ഗാനങ്ങളുമുള്ള സിനിമ ഉണ്ടോയെന്ന് ചോദിച്ചാൽ ഓർത്തെടുക്കാൻ തന്നെ വിരളമായിരിക്കും. എല്ലാം വെറും തട്ടിക്കൂട്ട് പടങ്ങൾ. കെജിഎഫ് ചിത്രങ്ങൾ മലയാളത്തിലേക്ക് എന്നൊരു സങ്കൽപം വന്നാൽ, നായക സ്ഥാനത്തേക്ക് വരുന്ന ഒരു മുഖം ജയൻ്റേത് അല്ലാതെ മലയാളികൾക്ക് മറ്റാരുടെയും കാണില്ല. അതാണ് ജയൻ എന്ന ഇതിഹാസ താരത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയും. ജയൻ സിനിമാ രംഗത്ത് എത്തിയത് ചെറിയ റോളുകൾ ഒക്കെ അഭിനയിച്ചു കൊണ്ടായിരിന്നു. പിന്നീട് വില്ലനും സഹനടനും ഒക്കെ ആയി മലയാളികൾ അദേഹത്തെ കണ്ടു. വളരെ പെട്ടെന്ന് നായക സ്ഥാനത്തേയ്ക്ക് കയറപ്പെട്ട നടനാണ് ജയൻ. 

ശരിയ്ക്കും മറ്റ് പ്രധാനപ്പെട്ട നടന്മാരെ പിന്തള്ളി ജയൻ നായക സ്ഥാനത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കേവലം 5 വർഷം കൊണ്ടാണ് അദ്ദേഹം മലയാളികളുടെ മനസ്സിലേയ്ക്ക് ചേക്കേറിയത്. വെറും 5 വർഷം ഇവിടെ തരംഗം സൃഷ്ടിച്ച ശേഷം കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ഒരു ഹെലികോപ്ടർ അപകടത്തിൽ മരണപ്പെടുകയായിരുന്നു. ഇന്നത്തെ ഇവിടുത്തെ സൂപ്പർതാരങ്ങൾ പോലും ഒന്നുമല്ല ഈ ഇതിഹാസ താരത്തിനു മുന്നിൽ. അത് മനസ്സിലാക്കണമെങ്കിൽ ജയൻ നായകനായി അഭിനയിക്കുന്ന മീൻ എന്ന സിനിമയുടെ റീ റിലീസ് പ്രഖ്യാപിച്ചതിനുശേഷം ഇതു സംബന്ധിച്ച് വരുന്ന വാർത്തകളുടെ താഴെയുള്ള കമൻ്റുകൾ ശ്രദ്ധിച്ചാൽ മാത്രം മതിയാകും. 

ഒരു നെഗറ്റീവ് കമന്റും കണ്ടില്ല. അതാണ് ‘ജയൻ ’എന്ന ഇതിഹാസം. ജയൻ നായകനായി അഭിനയിച്ച  ശക്തി, കോളിളക്കം, ലൗ ഇൻ സിംഗപ്പൂർ, അങ്ങാടി അങ്ങനെ ഓരോന്ന് പോരട്ടെ എന്നും ജയൻ ആരാധകർ കമൻ്റുകൾ കുറിക്കുന്നതും ശ്രദ്ധിച്ചാൽ വ്യക്തമായി കാണാവുന്നതാണ്. ഇതിൽ വലിയ അതിശയം ഒന്നുമില്ല. കാരണം, 2000 കാലഘട്ടത്തിൽ ഏകദേശം എല്ലാ സിനിമകളും സി ക്ലാസ് തീയേറ്ററിൽ വീണ്ടും കളിച്ചതാണ് ഇദ്ദേഹത്തിന്റെ. അതുകഴിഞ്ഞ് മിമിക്രിക്കാർ ജയനെ അനുകരിച്ചു ഒരുപാട് സിനിമകൾ ഇറങ്ങിയിരുന്നു. മറ്റൊരു നടനും അവകാശപ്പെടാൻ ഇല്ലാത്ത സ്ഥാനത്താണ് അദ്ദേഹം ഇപ്പോഴും. അതുകൊണ്ട് തന്നെ മിമിക്രിക്കാർ ഒരർത്ഥത്തിൽ ജയനെ വിറ്റ് കാശ് ആക്കുകയായിരുന്നെന്ന് വേണം പറയാൻ. 

ഇന്നത്തെ തലമുറയും അദ്ദേഹത്തെ കളിയാക്കിയ മികിക്രിക്കാരും ഒക്കെ പോയി ജയൻ എന്ന നടനെ  ഒന്ന് ബിഗ് സ്‌ക്രീനിൽ പോയി തന്നെ കാണണം. അപ്പോൾ അറിയാം അദ്ദേഹത്തിൻ്റെ താരപ്രഭ. മീൻ എന്ന സിനിമ പൂർണ്ണമായും കൊല്ലത്ത് ആണ് ചിത്രീകരിച്ചത്. മധുവിൻ്റെ മകൻ ആയിട്ടാണ് ഈ സിനിമയിൽ ജയൻ അഭിനയിച്ചത്. സീമ ആയിരുന്നു ഈ ചിത്രത്തിൽ ജയൻ്റെ നായിക. ജോസ് എന്ന നടനും വളരെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു മീൻ. 

മീൻ അക്കാലത്തെ സിനിമാ സ്കോപ് ആയിരുന്നു. ജയനെ നായക സ്ഥാനത്തേയ്ക്ക് അവരോധിച്ച് ശരപഞ്ചരം എന്ന സിനിമകൂടി റീ റിലീസ് ചെയ്യണമെന്നുള്ള മുറവിളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മുഴങ്ങുന്നത്. അവർ പറയുന്നു, ആണത്തം ഉള്ള ഒരേഒരു ഹീറോ, ജയൻ ചെയ്താൽ ചെയ്തത് ഞാൻ എന്ന് പറയുന്ന തന്റെടം ഉള്ള നടൻ.

#Meen #Jayan #MalayalamCinema #FilmReRelease #ClassicMovies #ActionHero

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia