Maestro | ഉൾക്കണ്ണിൽ കാവ്യ ഭാവനയെ കാൽ ചിലമ്പണിയിച്ച സംഗീത സംവിധായകൻ; രവീന്ദ്ര ജയിനിന്റെ വിടവാങ്ങിയിട്ട് 19 വർഷങ്ങൾ


● മലയാള സിനിമയിൽ അനശ്വരമായ ഗാനങ്ങൾ സൃഷ്ടിച്ച കലാകാരൻ.
● ജന്മനാ അന്ധനായിരുന്നു.
● ചിറ്റ് ചോർ എന്ന ഹിന്ദി സിനിമയിലെ ഗാനങ്ങൾ വലിയ ഹിറ്റായിരുന്നു.
● മലയാളത്തിൽ 100 പടം ചെയ്തതിന്റെ നേട്ടം ഒറ്റപ്പടം കൊണ്ട് ഉണ്ടാക്കി.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) അന്ധത പടർത്തിയ ഇരുട്ടിൽ നിന്നും മലയാളികൾക്ക് സംഗീതത്തിൻ്റെ വെളിച്ചം പകർന്ന സംഗീത സംവിധായകനായിരുന്നു രവീന്ദ്ര ജെയിൻ. കാവ്യാത്മകത തുളുമ്പുന്ന ഒരു പിടി നല്ല ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. കവിത തുളുമ്പുന്ന വരികൾക്ക് സംഗീതത്തിൻ്റെ ചിലമ്പണിയിക്കുകയായിരുന്നു രവീന്ദ്ര ജെയിൻ. മനസിൽ ആറ്റിക്കുറുക്കിയെടുത്ത ഈണങ്ങൾ മികച്ച ആവിഷ്ക്കാരങ്ങളായി മാറിയപ്പോൾ രവീന്ദ്ര ജെയിനിൽ നിന്നും പിറന്നുവീണത് ഒരിക്കലും മലയാളി മറക്കാത്ത ഒരുപാട് നല്ല ഗാനങ്ങളാണ്.
സാധാരണക്കാർ മുതൽ ഉന്നത ശ്രേണിയിലുള്ളവർ വരെ അദ്ദേഹത്തിൻ്റെ ഗാനങ്ങൾ ആസ്വദിച്ചു.
ഏതാനും വർഷങ്ങൾക്കു മുൻപ് എറണാകുളത്ത് ഒരു ഓണാഘോഷം. ഉദ്ഘാടകൻ ഹൈക്കോടതി ജഡ്ജി. മുഖ്യ അതിഥി പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. പ്രസംഗത്തിനിടെ ജഡ്ജി പറഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ ഒരുപാട് സമ്മർദ്ദങ്ങൾ അനുഭവിക്കേണ്ടിവരുന്ന ഒരു ജോലിയാണ് എന്റേത്. നിയമവും ചട്ടവും മനുഷ്യത്വവും മനുഷ്യത്വരഹിതവും എല്ലാം അളന്നു തൂക്കി നിശ്ചയിക്കേണ്ട ഒരു ജോലി. മനുഷ്യന്റെ ജീവന് വില പറയേണ്ട ഒരു ജോലി.
അതിന്റെ ഭാഗമായി ചിലർക്ക് വധശിക്ഷ വരെ വിധിക്കേണ്ടി വന്നിട്ടുണ്ട്. നൂറ് ശതമാനം മനസാക്ഷിയോട് നീതി പാലിച്ചുകൊണ്ട് മാത്രം. എങ്കിലും ഞാനും ഒരു മനുഷ്യനല്ലേ. ശരീരത്തിൽ നിന്നും ഔദ്യോഗിക ഗൗൺ ഊരി കഴിഞ്ഞാൽ നിങ്ങൾ എല്ലാവരെയും പോലെ രക്തവും മാംസവും മജ്ജയുമുള്ള ഒരു സാധാരണ മനുഷ്യൻ. ഈ സമ്മർദ ഘട്ടങ്ങൾ വരുമ്പോൾ ഞാൻ എന്നും ആശ്രയിക്കുന്ന ഒരു ഗാനമാണ് ആശ്രിതവത്സലനേ കൃഷ്ണാ അഭയം നീയരുളു എന്ന ഗാനം. ഞാൻ ഇതിപ്പോൾ പറയാൻ കാരണം ആ ഗാനത്തിന്റെ രചയിതാവാണ് നമ്മുടെ ഈ യോഗത്തിന്റെ മുഖ്യാതിഥി ഈ ഇരിക്കുന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ. അദ്ദേഹത്തെ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു.
വരികൾ കേട്ട് മങ്കൊമ്പ് വികാരഭരിതനായി. മറുപടി പ്രസംഗത്തിനിടെ മങ്കൊമ്പ് പറഞ്ഞു ബഹുമാനപ്പെട്ട ജഡ്ജി പറഞ്ഞതിന്റെ ബഹുമതിക്ക് ഞാൻ അർഹനല്ല. അത് പൂർണ്ണമായും രവീന്ദ്ര ജയിന്‍ എന്ന സംഗീതസംവിധായകന് അർഹതപ്പെട്ടതാണ്. ജന്മനാ കാഴ്ചയില്ലാതെ കൂരിരുട്ടിന്റെ അകമ്പടിയോടെ ലോകത്തിൽ ജീവിച്ചിട്ടും ലോകത്തിന്റെ കാഴ്ചകൾ ശബ്ദം വഴി തിരിച്ചറിഞ്ഞ അപൂർവ പ്രതിഭയുടെ അസാധാരണ മെയ് വഴക്കം മാത്രമാണ് ആ ഗാനങ്ങൾ.
സാധാരണ സംഗീത സംവിധായകർ അവർ ഇട്ട മ്യൂസിക്കിന് യോജിച്ച വരികൾ എഴുതാൻ ഗാന രചയിതാക്കളെ നിർബന്ധിക്കുമ്പോൾ ജയിൻ തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യനായിരുന്നു. രചയിതാവിനെ ബഹുമാനിച്ച് ആദ്യം വരികൾ രചിക്കാൻ അവർക്ക് അനുമതി നൽകി അതിന്റെ ഓരോ വരികളുടെയും ആന്തരാർത്ഥങ്ങൾ വരെ മനസ്സിലാക്കി അതിമനോഹരമായി ട്യൂൺ ചെയ്യുന്ന വ്യക്തി. ആ മഹാപ്രതിഭ ആ രൂപത്തിൽ അനുവദിച്ചത് കൊണ്ട് മാത്രമാണ് എനിക്ക് ഈ വരികൾ എഴുതാൻ പറ്റിയത് എന്നും മങ്കൊമ്പ് പറഞ്ഞു.
കെ ജെ യേശുദാസ് എന്ന ഗായകനെ ബോളിവുഡ് അംഗീകരിച്ച കാലഘട്ടം. അതിന് ഒരേ ഒരു ഉത്തരവാദി രവീന്ദ്ര ജയിൻ. യേശുദാസിന് ദേശീയ അവാർഡ് ലഭിച്ച ചിറ്റ് ചൊറിലെ ഗോരി തേരാ ഗാവ് ബഡാ എന്ന ഗാനം ഇന്ത്യ മൊത്തം അലയടിച്ചു നടക്കുന്ന കാലഘട്ടം. ആ ഗാനത്തിന്റെ സംഗീതസംവിധായകൻ ജയിനാണെന്ന് എല്ലാവർക്കും അറിയാം. അതിമനോഹരമായ പ്രകൃതി വർണ്ണന കുയിലുകളും പൂക്കളും മയിലുകളും എല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു ഗ്രാമത്തിന്റെ വർണ്ണന ആ വരികളിലൂടെ നിറഞ്ഞാടിയപ്പോൾ ഈ വരികളുടെ ഉടമയാര് എന്ന അന്വേഷണം ചെന്ന് എത്തിച്ചതും അത്ഭുതകരമായ ഒരു പേരിൽ. മറ്റരുമല്ല സാക്ഷാൽ രവീന്ദ്ര ജയിൻ തന്നെ.
ജന്മനാ അന്ധനായി ജനിച്ച ജയിൻ. പ്രകൃതിയെ ഇതുവരെ കണ്ടിട്ടില്ലാത്ത ജെയിൻ. ലോകത്തിന്റെ സ്പന്ദനങ്ങൾ മുഴുവൻ ചെവിവഴി മാത്രം കേട്ടറിഞ്ഞ ജയിൻ. മറ്റുള്ളവർ വായിച്ച് കേട്ടതിലൂടെ മാത്രം ലോകം മനസ്സിലാക്കിയ ജയിൻ. ആ ജയിനിന്റെ തൂലികയിലാണ് ഇത്രയും മനോഹരമായ ഗാനങ്ങൾ പിറന്നത് എന്നത് ഏറ്റവും അത്ഭുതകരമായിരുന്നു. ഇത് പോലെ എത്രയോ ഗാനങ്ങൾ ഹിന്ദിയിൽ ജയിൻ എഴുതിയിട്ടുണ്ട്. ഈ കാലഘട്ടത്തിലാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് മലയാളത്തിൽ ആദ്യമായി ഒരു സിനിമ എടുക്കാൻ തയ്യാറാവുന്നത്. മലയാളത്തിലെ മുൻനിര നായിക നായകന്മാരെ അണിനിരത്തി ബമ്പർ പടം. സംഗീതസംവിധായകൻ ആരു വേണം എന്നതിനെപ്പറ്റി ചർച്ച വന്നപ്പോൾ ചിറ്റ് ച്ചോറിലെ ഗാനങ്ങൾ അലയടിക്കുന്ന കാലഘട്ടം ആയതിനാൽ സംവിധായകനും നിർമ്മാതാവിനും ഒരു അതിമോഹം. നമുക്ക് ജയിലിനെ കിട്ടുമോ.
ആകാശത്തിലൂടെ പറക്കുന്ന കിളിയെ പിടിക്കാൻ നിലത്തിരിക്കുന്ന പൂച്ചക്ക് മോഹം എന്നു പറഞ്ഞതുപോലെ. പക്ഷേ യേശുദാസ് ഏറ്റു. ജയിനിനെ ഞാൻ കൊണ്ടുവരാം. ഒരുപക്ഷേ ഇന്ത്യയിൽ അന്ന് ഉറപ്പു കൊടുക്കാൻ പറ്റുന്ന ഏക വ്യക്തി യേശുദാസ് മാത്രമായിരുന്നു. കാരണം ജയിനിന്റെ എല്ലാമായിരുന്നു ഈ യേശു. താൻ എന്റെ ചെവിയിൽ കേട്ട ഏറ്റവും സുന്ദരമായ ശബ്ദം യേശുവിന്റെതാണ് എന്ന് പരസ്യമായി പറയാൻ മടി കാണിച്ചിട്ടില്ലാത്ത ജയിൻ. യേശുദാസിനെ വോയിസ് ഓഫ് ഇന്ത്യ എന്ന് വിളിച്ചു ബഹുമാനിച്ച ജയിൻ. ഈ ജന്മത്തിൽ എനിക്ക് കണ്ണിന് എന്നെങ്കിലും കാഴ്ച ലഭിക്കുമെങ്കിൽ ഞാൻ ആദ്യം കാണാൻ ആഗ്രഹിക്കുന്ന കാഴ്ച എന്റെ പ്രിയ യേശുവിന്റെ മുഖം മാത്രമാണ് എന്ന് പരസ്യമായി പറഞ്ഞ ജയിൻ. ആ യേശു പറഞ്ഞാൽ ജയിനിന് പിന്മാറാൻ പറ്റുമോ?
ഒരേ ഒരു നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂ. റെക്കോർഡിങ് ബോംബെയിൽ മാത്രം. അതിന് ആർക്കും ഒരു എതിര് അഭിപ്രായവും ഇല്ല. കെട്ടും ഭാണ്ഡവുമായി എല്ലാവരും ബോംബെയിലേക്ക് വണ്ടി കയറി. മ്യൂസിക് ഡയറക്ടർ പറയുന്നതിനനുസരിച്ച് വരികൾ എഴുതാൻ തയ്യാറായി പോയ ഗാനരചയിതാവ് മങ്കൊമ്പിനെ അത്ഭുതപ്പെടുത്തി ആ മഹാപ്രതിഭ പറഞ്ഞു. ആദ്യം വരികൾ. പിന്നെ അതിന്റെ അർത്ഥം. പിന്നെ അതിന്റെ പ്രകൃതിരൂപങ്ങൾ. എല്ലാം പറഞ്ഞു കേൾപ്പിച്ചു. ഗാനം മുഴുവൻ രചിച്ചതിനുശേഷം അതിന് ഒപ്പിച്ച ഈണം സംഗീതസംവിധായകന്റെ വക. പിന്നീട് ഉണ്ടായത് മലയാളത്തിലെ നാല് സൂപ്പർ ഹിറ്റ് ഗാനങ്ങൾ. യേശുദാസ് പാടിയ താലിപ്പൂ പിലിപ്പൂ, കാളിദാസന്റെ കാവ്യഭാവന, ഹേമലത പാടിയ ആശ്രിത വത്സലനേ കൃഷ്ണാ ആശ ബോൺസ്ലെ പാടിയ സ്വയംവര ശുഭദിന മംഗളങ്ങൾ.
രണ്ടു ഹിന്ദി ഗായകരെ കൊണ്ട് മലയാളത്തിൽ ഗാനങ്ങൾ പഠിച്ചു എന്ന അപൂർവ്വ നേട്ടത്തിനും സുജാത ഉടമയായി. മലയാളത്തിൽ 100 പടം ചെയ്തതിന്റെ നേട്ടം ഒറ്റപ്പടം കൊണ്ട് ഉണ്ടാക്കി ഈ രാജ ശിൽപി. പിന്നീട് ഒന്നോ രണ്ടോ മലയാള ചിത്രങ്ങളിൽ മാത്രമേ സംഗീത സംവിധാനം നിർവഹിച്ചുള്ളൂ. യേശുദാസുമായുള്ള ബന്ധത്തിന്റെ ആഴത്തിൽ തരംഗിണി ഒരുക്കിയ ഒരു ഓണപ്പാട്ടിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. 61മത് വയസ്സിൽ നാഗ്പൂരിൽ ഒരു സംഗീത ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയിൻ രോഗശയ്യയിലാവുകയും മരണമടയുകയുമായിരുന്നു.
#RavindraJain #MalayalamMusic #IndianMusic #MusicComposer #BlindMusician #SujataMovie #ChittChor #Yesudas #Hemlata #AshaBhosle #MusicDirector #IndianCinema #MalayalamCinema #Bollywood