രജനികാന്ത്: 50 വർഷം; പ്രേക്ഷകരെ ആനന്ദത്തിലാറാടിക്കാൻ സ്റ്റൈൽ മന്നൻ തുടരും

 
A file photo of Tamil superstar Rajinikanth.
A file photo of Tamil superstar Rajinikanth.

Photo Credit: Facebook/ Superstar Rajinikanth

● സ്റ്റൈലും അഭിനയ പാടവവുമാണ് താരത്തിന്റെ പ്രത്യേകത.
● ‘പേട്ട’യും ‘ജയിലറും’ ബോക്സ് ഓഫീസ് ശക്തി തെളിയിച്ചു.
● ആരാധകർ രജനികാന്തിനായി ക്ഷേത്രം പണിതിട്ടുണ്ട്.
● പുതിയ ചിത്രം 'കൂലി' ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നു.

ഭാമനാവത്ത്

(KVARTHA) രജനികാന്ത് എന്ന താരസിംഹാസനം സിനിമാ ജീവിതത്തിൻ്റെ 50 വർഷങ്ങൾ പിന്നിടുമ്പോൾ ചലച്ചിത്ര പ്രേമികൾ ആവേശത്തിലാണ്. ഒരു ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്കെത്തിയ രജനികാന്തിൻ്റെ ഈ യാത്ര ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു സുവർണ്ണ അധ്യായമാണ്. 

Aster mims 04/11/2022

ഇത്രയും കാലം പ്രേക്ഷകരെ മടുപ്പിക്കാതെ, തലമുറകളെ ഒരുപോലെ ആവേശം കൊള്ളിച്ച രജനികാന്തിനെ ഇന്ത്യൻ സിനിമയിലെ കൾട്ട് ഫിഗറായ അമിതാഭ് ബച്ചനോടാണ് പലരും താരതമ്യം ചെയ്യുന്നത്. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും യുവതലമുറയെ തങ്ങളുടെ അഭിനയ വൈവിധ്യംകൊണ്ട് പിടിച്ചുനിർത്തുന്നതുപോലെ, രജനികാന്ത് ഇപ്പോഴും തമിഴകത്തിൻ്റെ മനസ്സ് കീഴടക്കി നിലകൊള്ളുന്നു.

ജനിച്ചത് തമിഴ്‌നാട്ടിലല്ലെങ്കിലും, പ്രശസ്ത സംവിധായകൻ കെ. ബാലചന്ദർ കണ്ടെത്തി സിനിമയിലേക്ക് കൊണ്ടുവന്ന രജനികാന്ത് തമിഴ് മക്കളുടെ സ്വന്തം തലൈവനായി മാറുകയായിരുന്നു. പാലക്കാടൻ മലയാളിയായ എം.ജി.ആറിന് തമിഴകത്തുള്ള അതേ സ്ഥാനമാണ് മഹാരാഷ്ട്രക്കാരനായ രജനികാന്തിനും ഉള്ളത്. 

അഭിനയമോഹം തലയ്ക്ക് പിടിച്ച് കോടമ്പാക്കത്ത് ചാൻസ് തേടിയലഞ്ഞതും, അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം പല ജോലികൾ ചെയ്ത് വിശപ്പടക്കിയതും രജനിയുടെ സഹപാഠിയായിരുന്ന മലയാള നടനും സംവിധായകനുമായ ശ്രീനിവാസൻ പല വേദികളിലും ഓർത്തെടുത്തിട്ടുണ്ട്.

കഠിനാധ്വാനവും ആത്മസമർപ്പണവും അതുല്യമായ അഭിനയസിദ്ധിയും പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള മാനറിസങ്ങളുമാണ് രജനിയെ ആരാധകരുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചത്. ചെറു വേഷങ്ങളിലും വില്ലൻ കഥാപാത്രങ്ങളിലും തിളങ്ങിയ രജനികാന്ത് പിന്നീട് നായകനായി മാറുകയായിരുന്നു. ഇന്ന്, തെന്നിന്ത്യൻ ബോക്‌സ്ഓഫീസിലെ ഏറ്റവും മൂല്യമേറിയ താരരാജാവാണ് അദ്ദേഹം. 

പൊതുവേദികളിൽ മേക്കപ്പില്ലാതെ ലളിതമായി, കഷണ്ടിത്തലയും നരച്ച താടിയുമായി പ്രത്യക്ഷപ്പെടാൻ അദ്ദേഹത്തിന് മടിയില്ല. ചമയങ്ങൾ സിനിമയിൽ മാത്രം ഒതുങ്ങേണ്ടതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നിട്ടും, ആരാധകർ ആർപ്പുവിളികളോടെയാണ് പ്രിയ താരത്തെ സ്വീകരിക്കുന്നത്.

ഹിന്ദി ഉൾപ്പെടെയുള്ള മറ്റു ഭാഷാ സിനിമകളിലും രജനികാന്തിൻ്റെ മാസ്മരിക സാന്നിധ്യം ശ്രദ്ധേയമായി. ‘ബാഷ,’ ‘ശിവാജി,’ ‘യന്തിരൻ,’ ‘ജയിലർ’ എന്നിങ്ങനെ ആരാധകരെ ത്രസിപ്പിച്ച സൂപ്പർസ്റ്റാറിൻ്റെ അരനൂറ്റാണ്ട് നീണ്ട സിനിമാ ജീവിതം തെന്നിന്ത്യൻ സിനിമയുടെ വളർച്ചയുടെ ചരിത്രം കൂടിയാണ്.

1975-ൽ ‘അപൂർവ രാഗങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുന്നത്. അഞ്ചാമത്തെ റീടേക്കിൽ ഗേറ്റ് തള്ളിത്തുറന്ന് ഷോട്ട് ഓക്കെയാക്കിയ ആ നടൻ, പിന്നീട് വെള്ളിത്തിരയിൽ അമാനുഷിക പരിവേഷത്തോടെ ഒരു വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചു. കടലും കടന്ന്, ആഗോളതലത്തിൽ തമിഴിൻ്റെ സ്റ്റൈൽ മന്നന് ആരാധകരുണ്ട്. 

ജപ്പാനിൽ നിറഞ്ഞ സദസ്സുകളിൽ ഓടുന്ന രജനി ചിത്രങ്ങൾ അതിന് ഉദാഹരണങ്ങളാണ്. സിനിമയിലെ അദ്ദേഹത്തിൻ്റെ അമാനുഷിക പ്രഭാവത്തെ ആരാധകർ ഏറെ ഇഷ്ടപ്പെട്ടു. 300 കിലോഗ്രാം സ്വർണം കൊണ്ട് നിർമ്മിച്ച രജനികാന്തിൻ്റെ പ്രതിമയുള്ള തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രം പോലും അദ്ദേഹത്തിനുള്ള ആരാധനയുടെ ആഴം വ്യക്തമാക്കുന്നു.

ശിവാജി റാവു ഗെയ്ക്‌വാദ് എന്ന ചെറുപ്പക്കാരൻ്റെ കണ്ണുകളിലെ തിളക്കമാണ് അദ്ദേഹത്തിന് രജനികാന്ത് എന്ന പേര് നൽകാൻ കെ. ബാലചന്ദർ എന്ന സംവിധായകനെ പ്രേരിപ്പിച്ചത്. പിന്നീട് ആ തിളക്കം ബോക്സ്ഓഫീസിലെ മിന്നും വിജയങ്ങളായി മാറി. സ്റ്റൈലും സ്വാഗും നിറഞ്ഞ കഥാപാത്രങ്ങളെ ആരാധകർ എന്നും നെഞ്ചിലേറ്റിയപ്പോൾ, ‘മുള്ളും മലരും’ പോലുള്ള കൾട്ട് ക്ലാസിക് ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ അഭിനയ പാടവത്തിൻ്റെ മറ്റൊരു വശം വെളിപ്പെടുത്തി.

ഈ ചിത്രത്തിലെ പ്രകടനത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും രജനിയെ തേടിയെത്തി. ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസിലെ കണ്ടക്ടറായിരുന്ന രജനികാന്ത് ആദ്യമായി ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ‘അപൂർവ രാഗങ്ങൾ’ ഇറങ്ങിയ അതേ ആഴ്ചയിലാണ് ഇന്ത്യൻ സിനിമയിലെ കൾട്ട് ക്ലാസിക്കായ ‘ഷോലെ’യും റിലീസായത്.

പിന്നീട് രജനി എന്നത് തമിഴ് സിനിമയിലെ ഒരു ബ്രാൻഡ് നെയിമായി മാറി. സുരേഷ് കൃഷ്ണയുടെയും കെ.എസ്. രവികുമാറിൻ്റെയും ചിത്രങ്ങൾ രജനികാന്ത് എന്ന നടൻ്റെ വാണിജ്യമൂല്യം വാനോളം ഉയർത്തി. കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തി സ്ക്രീനിൽ മാസ് ഓറ നിറച്ച് നടന്നുവരുന്ന ‘ബാഷ’യും ‘പടയപ്പ’യുമൊക്കെ എന്ന് സ്ക്രീനിൽ തെളിഞ്ഞാലും അത് ആരാധകരിൽ ആവേശം നിറയ്ക്കും. 'കൂലി' സിനിമയുടെ ട്രെയിലറിൽ മിന്നിമറഞ്ഞ ബാഷ റഫറൻസ് പോലും ആ കഥാപാത്രങ്ങൾ എത്രത്തോളം ജനപ്രിയമായി നിലനിൽക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ്.

‘കാല,’ ‘കബാലി’ തുടങ്ങിയ രാഷ്ട്രീയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങളിലൂടെ സിനിമയിലെ പരീക്ഷണങ്ങൾക്കൊന്നും വാണിജ്യപരമായി വിജയിക്കാൻ കഴിഞ്ഞില്ല. ഇടയ്ക്ക് നടത്തിയ രാഷ്ട്രീയ പ്രവേശനവും തിരിച്ചടിയായെങ്കിലും, രജനിയുടെ സിനിമയിലെ തന്നെ ഡയലോഗായ ‘വയസാനാലും ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകമാട്ടേൻ’ എന്ന് ഓർമ്മിപ്പിക്കുംവിധം ‘പേട്ട’യിലൂടെയും ‘ജയിലറി’ലൂടെയും ഇക്കാലത്തെ തൻ്റെ ബോക്സ്ഓഫീസ് ശേഷി അദ്ദേഹം വീണ്ടും തെളിയിച്ചു.

സിനിമയിലെ അമ്പതാം വർഷം പൂർത്തിയാക്കുന്ന രജനികാന്തിൻ്റെ ഈ വർഷം പുറത്തിറങ്ങാനുള്ള ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’യാണ്. പ്രീ-റിലീസ് കളക്ഷനിൽ തന്നെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ഈ ചിത്രം, ‘തീ’ സിനിമയിലെ രജനിയെ ഓർമ്മിപ്പിക്കുംവിധം ആ താരസിംഹാസനവും ബോക്സ്ഓഫീസ് ശക്തിയും ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

 

രജനികാന്തിന്റെ സിനിമാ ജീവിതത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Superstar Rajinikanth completes 50 years in cinema, a legendary journey from bus conductor to 'Thalaivar' of Tamil cinema.

#Rajinikanth #50YearsOfRajinism #TamilCinema #Kollywood #Thalaivar #Superstar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia