Allegation | സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപണം; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്


● തുറിച്ചുനോക്കിയെന്നും മാനസികമായി തകർന്നുപോയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.
● പൊലീസ് അന്വേഷണം ആരംഭിച്ചു; പരാതിക്കാരിയുടെ മൊഴിയും അസോസിയേഷൻ ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തും.
കൊച്ചി: (KVARTHA) വനിതാ ചലച്ചിത്ര നിർമാതാവ്ഉ ന്നയിച്ച പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, ബി. രാകേഷ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
പരാതിയിൽ പറയുന്നതനുസരിച്ച്, നിർമാതാവ് താൻ നിർമിച്ച ചില ചിത്രങ്ങളുമായി ബന്ധപ്പെട്ട് ചില പരാതികളുമായി അസോസിയേഷൻ യോഗത്തിൽ എത്തിയിരുന്നു. ഈ പരാതികൾ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ പരിഹരിക്കാമെന്നായിരുന്നു അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചത്.
എന്നാൽ, ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയത്ത് നിർമാതാവ് ഭാരവാഹികൾക്കെതിരെ പരസ്യമായി പ്രതികരിച്ചു. ഇതിൽ വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ നിർമാതാവ് എത്തിയപ്പോൾ ഭാരവാഹികൾ അവരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി എന്നാണ് ആരോപണം. തന്നെ തുറിച്ചുനോക്കിയെന്നും മാനസികമായി തകർന്നുപോയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.
ഈ കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പരാതിക്കാരിയുടെ മൊഴിയും അസോസിയേഷൻ ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
#ProducersAssociation #GenderIssues #FilmIndustry #KochiNews #Misconduct #WomenInFilm