പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്.
കൊച്ചി: (KVARTHA) 'കെട്ട്യോളാണ് എന്‍റെ മാലാഖ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ പൃഥ്വിരാജ് നായകനാകുന്നു.
'ഐ നോബഡി' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് 'റോഷാക്ക്' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സമീർ അബ്ദുളാണ്.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. 'ഗുരുവായൂരമ്പല നടയിൽ' എന്ന സിനിമയുടെ വിജയാഘോഷ വേദിയിലായിരുന്നു 'ഐ നോബഡി'യുടെ പ്രഖ്യാപനം.
ഒരു അഭിനേതാവ് എന്ന നിലയിൽ ഈ ചിത്രം തന്നെ ഏറെ ആവേശിപ്പിക്കുന്നു, പരിചിതമായ ജോണറിനെ പുതിയ രീതിയിൽ അവതരിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ത്രില്ലർ, ഫാമിലി ഡ്രാമ, ഹെയിസ്റ്റ്, ആക്ഷൻ എന്നിവയെല്ലാം ഉണ്ടാകുമെന്നാണ് സംവിധായകൻ നിസാം ബഷീർ പ്രതികരിച്ചിരിക്കുന്നത്.
ഈ ചിത്രം 'റോഷാക്ക്' പോലുള്ള വിഷയമല്ലെന്നും, സോഷ്യോ പൊളിറ്റിക്കൽ വിഷയങ്ങളും ഡാർക്ക് ഹ്യൂമറും ചിത്രത്തിൽ ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് സമീർ അബ്ദുൾ വ്യക്തമാക്കി.
'ഐ നോബഡി'ലെ മറ്റ് താരനിരയെയും സാങ്കേതിക പ്രവർത്തകരെയും പറ്റിയുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.