റാണിയ റാണയുടെ മികച്ച പ്രകടനം, ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവിൽ കരയിക്കുന്ന 'പ്രിൻസ് & ഫാമിലി'

 
Dileep and Raniya Rana in the movie Prince & Family.
Dileep and Raniya Rana in the movie Prince & Family.

Photo Credit: Facebook/ Dileep

● ദിലീപിൻ്റെ ശക്തമായ തിരിച്ചുവരവ്.
● സോഷ്യൽ മീഡിയയുടെ സ്വാധീനം പറയുന്നു.
● ക്ലൈമാക്സിലെ ഇമോഷൻസ് കണ്ണുനനയിക്കും.
● റാണിയ റാണയുടെ മികച്ച പ്രകടനം.
● കുടുംബ ബന്ധങ്ങളുടെ കഥ പറയുന്നു.

സോളി.കെ.ജോസഫ് 

(KVARTHA) ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത് ദിലീപ് നായകനായ പ്രിൻസ് & ഫാമിലി തിയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ദിലീപിൻ്റെ നൂറ്റി അമ്പതാം ചിത്രം കൂടിയാണിത്. തന്റെ ആദ്യ സിനിമയായിട്ട് കൂടി ഇത്രയും പെർഫെക്ട് ആയി ഈ സിനിമയെ അണിയിച്ചൊരുക്കിയതിൽ സംവിധായകൻ ബിന്റോ സ്റ്റീഫന് കയ്യടി കൊടുക്കാതിരിക്കാൻ കഴിയില്ല. 

ഇമോഷൻസ് എന്നൊക്കെ പറഞ്ഞാൽ എത്ര കഠിനഹൃദയമുള്ളവരുടെയും കണ്ണ് നിറഞ്ഞു പോകും പടത്തിൻ്റെ ക്ലൈമാക്സിൽ. ദിലീപിൻ്റെ ഒരു വൻ തിരിച്ചു വരവ് തന്നെയാണ് ഈ പടം എന്ന് പറയേണ്ടി വരും. ദിലീപ് എന്ന നടനെ വളരെ കൃത്യമായിട്ട് ഉപയോഗിച്ച സിനിമ ഈ അടുത്തൊന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. 

ജനഗണമന എഴുതിയ ഷാരിസ് മുഹമ്മദിൻ്റെ തിരക്കഥ തന്നെയാണ് സിനിമയുടെ കരുത്ത്‌, എഴുത്തിൻ്റെ ഭംഗി ഒട്ടും ചോരാതെ നർമ്മത്തിൻ്റെ അകമ്പടിയോടുകൂടി ജീവിത സാഹചര്യങ്ങളെ കൃത്യമായി സംവിധായകൻ ബിന്റൊ ഒരുക്കിയിരിക്കുന്നു. ഷാരിസ് മുഹമ്മദിൻ്റെ മുൻ തിരക്കഥകൾ പോലെ തന്നെ പ്രിൻസ് & ഫാമിലിയും സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. സോഷ്യൽ മീഡിയയും ഇൻഫ്ലുവൻസെർസും അതിൻ്റെ പോസിറ്റീവ് & നെഗറ്റീവ് വശങ്ങൾ നന്നായിട്ട് തന്നെ ഈ സിനിമ സംസാരിച്ചിട്ടുണ്ട്.

ഒരുപാട് സിനിമകളിലൂടെ നമ്മളെ സ്വയം മറന്ന് ചിരിപ്പിച്ച നടനാണ് ദിലീപ്, അടുത്തിടെ ആ മാജിക്കുകൾ ഫലിക്കുന്നില്ല എന്ന വിമർശനം ഏറെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്, എന്നാൽ പ്രിൻസ് & ഫാമിലിയിലെത്തുമ്പോൾ അടിമുടി മാറ്റത്തിന് വിധേയനായ ദിലീപിനെയാണ് കാണുന്നത്.

ലൗഡ് ആയ തമാശകളിൽ നിന്ന് മാറി മറ്റൊരു തരം ഹാസ്യാവതരണ ശൈലിയാണ് അദ്ദേഹം സിനിമയിൽ പിന്തുടരുന്നത്, സ്ഥിരം പ്രയോഗിക്കുന്ന അഭിനയ രീതിയോ, ഡയലോഗ് ഡെലിവറിയോ മാറ്റം വരുത്താൻ പ്രിൻസിൽ ശ്രമിച്ചിട്ടുണ്ട്. അല്ലെങ്കിൽ പുതിയ സിനിമ പ്രവർത്തകരുടെ അഭിരുചിക്കനുസരിച്ച് ദിലീപ് എന്ന നടൻ നിന്ന് കൊടുത്തിട്ടുണ്ട് എന്ന് തോന്നി, അത് സംവിധായകൻ ബിന്റോയും രചയിതാവ് ഷാരിസും കൃത്യമായി ഉപയോഗപ്പെടുത്തി.

പ്രിൻസ് & ഫാമിലി എന്ന ചിത്രത്തിൻ്റെ കഥാപശ്ചാത്തലം തികച്ചും കുടുംബ വിഷയം തന്നെയാണ്. ഒരു കുടുംബം. സാഹചര്യങ്ങൾ കാരണം കല്യാണം ആവാത്ത മൂത്ത ജ്യേഷ്ഠൻ. പുള്ളിക്കാരൻ്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നുവരുന്നു ശേഷം ഉണ്ടാവുന്ന കാഴ്ചകളാണ് സിനിമയുടെ പ്ലോട്ട്. നമ്മുടെ ചുറ്റുവട്ടത്തുള്ള നമുക്കറിയാവുന്ന അഥവാ കേട്ടറിവുള്ള ഒരാളായി തോന്നി പ്രിൻസ് എന്ന 40 വയസ്സുകാരനെ. ചെറിയ ചെറിയ തമാശകളും സെൻ്റിമെൻ്റ്‌സുമായി മുന്നോട്ട് പോകുന്ന പ്രിൻസിൻ്റെ ജീവിതത്തിൽ ചിഞ്ചു വരുന്നതോടെയാണ് പടത്തിൻ്റെ റേഞ്ച് മാറുന്നത്. 

കുടുംബത്തിനുവേണ്ടി അധ്വാനിച്ച് സ്വന്തം ജീവിതം ഉണ്ടാക്കിയെടുക്കാൻ മറന്നുപോയ അയാളുടെ ജീവിതത്തിലേക്ക് അയാളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു പ്രിൻസസ് കടന്നുവരുന്നു. ശേഷം, ഉണ്ടാവുന്ന സന്ദർഭോചിതമായ കാഴ്ചകളാണ് സിനിമയുടെ പശ്ചാത്തലം. ഇമോഷണലി കണക്ട് ആവുന്ന ഒരു ദിലീപ് കഥാപാത്രമാണ് പ്രിൻസ്. സാധാരണ ഒരു മധ്യവയസ്കൻ്റെ പച്ചയായ ജീവിതം സ്ക്രീനിൽ ദിലീപ് കാട്ടി തന്നു.

നായികയായ വ്‌ളോഗർ ചിഞ്ചുവിൻ്റെ റോൾ റാണിയ റാണ മനോഹരമായി അവതരിപ്പിച്ചു, വ്‌ളോഗറുടെ ശരീര ഭാഷയും പ്രസന്റേഷനും കൃത്യമായിരുന്നു. ആദ്യപകുതിയിൽ സിനിമ പൂർണ്ണമായും കോമഡിയുടെ മേമ്പൊടിയിലാണ് മുന്നോട്ട് പോകുന്നത്. ഇൻ്റർവെൽ 'പഞ്ച്' ഏറെ ചിരിപ്പിക്കുന്നുണ്ട്, രണ്ടാം പകുതിയിൽ ഹാസ്യത്തിനൊപ്പം ഒരൽപ്പം സാമൂഹിക പ്രതിബദ്ധത കൂടി സിനിമ പങ്കു വയ്ക്കുന്നുണ്ട്, അവസാനം നമ്മുടെ കണ്ണ് നനയിപ്പിക്കുന്നുമുണ്ട്.

ദിലീപ്, റാണിയ റാണ എന്നിവരെക്കൂടാതെ സിദ്ധീഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, മഞ്ജു പിള്ള, ജോസുകുട്ടി ജേക്കബ് എന്നിവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, അഭി സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മൊത്തത്തിൽ നല്ലൊരു ഫീൽ ഗുഡ് ഫാമിലി എൻ്റർറ്റൈൻർ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം. 

പ്രിൻസ് ആൻഡ് ഫാമിലി തിയേറ്ററിൽ കൂട്ടമായി ചിരിച്ചു കാണാവുന്ന സിനിമ. തീയേറ്ററിൽ തന്നെ പോയി സിനിമ കാണുക. ധൈര്യമായി ടിക്കറ്റെടുക്കാം.

ഈ സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ! 'പ്രിൻസ് & ഫാമിലി' കണ്ടിറങ്ങിയ നിങ്ങളുടെ അനുഭവം എങ്ങനെ? കൂടുതൽ പേരിലേക്ക് ഈ റിവ്യൂ എത്തിക്കാൻ ഷെയർ ചെയ്യൂ!

Article Summary: 'Prince & Family', directed by Binto Stephen and starring Dileep, receives positive reviews. Sharis Muhammed's script is strong, addressing social media's impact. Dileep's and Raniya Rana's performances are highlighted in this feel-good family entertainer.

#PrinceAndFamily, #Dileep, #RaniyaRana, #BintoStephen, #SharisMuhammed, #MalayalamMovie

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia