Appointment | നടന്‍ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്ക്കാലിക ചുമതല; സംവിധായകന്‍ അല്ലാത്ത ഒരാള്‍ പദവി വഹിക്കുന്നത് ആദ്യം
തിരുവനന്തപുരം: (KVARTHA) നടന്‍ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്ക്കാലിക ചുമതല നല്‍കി. സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് നിലവിലെ അക്കാദമി വൈസ് ചെയര്‍മാന്‍ കൂടിയായ പ്രേംകുമാറിന് ചെയര്‍മാന്റെ താത്ക്കാലിക ചുമതല നല്‍കിയത്.
ഇതാദ്യമായാണ് സംവിധായകന്‍ അല്ലാത്ത ഒരാള്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം, സിനിമാ കോണ്‍ക്ലേവ്, കേരള അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ ദൗത്യങ്ങളാണ് ഇനി പ്രേംകുമാറിന് മുന്നിലുള്ളത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയതോടെയാണ് രഞ്ജിത്തിന് പദവി രാജിവെക്കേണ്ടി വന്നത്. പാലേരി മാണിക്യം സിനിമയുടെ ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ 2009 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് ആരോപണം. ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നാണ് പരാതി.
രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്ക് മുതിര്‍ന്ന സംവിധായകന്‍ ഷാജി എന്‍. കരുണിന്റെ പേര് അക്കാദമി പരിഗണിച്ചിരുന്നു. എന്നാല്‍ ബീന പോളിനെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്ന ആവശ്യവുമായി ഡബ്ല്യൂ.സി.സിയും രംഗത്തെത്തി. ഇതിനുപിന്നാലെയാണു പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കി സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചത്.
2022-ലാണ് പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. 100-ഓളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള പ്രേംകുമാര്‍ 18 ചിത്രങ്ങളില്‍ നായകനായിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ സി.ഐ.ഡി രാമചന്ദ്രന്‍ റിട്ട.എസ്.ഐ ആണ് അഭിനയിച്ചതില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
#KeralaFilmAcademy #PremKumar #MalayalamCinema #IndianCinema #Controversy #Appointment #Immmoralassment