Mockery | ഐസിസി തലവനായി തെരഞ്ഞെടുത്ത ജയ് ഷായെ പരിഹസിച്ച് നടൻ പ്രകാശ് രാജ്
ദുബൈയിൽ നടന്ന ഐസിസി യോഗത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഐസിസി ചെയർമാനായി എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു
ചെന്നൈ: (KVARTHA) ഐസിസി തലവനായി തെരഞ്ഞെടുത്ത ബിസിസിഐ സെക്രട്ടറി ജയ് ഷായെ പരിഹസിച്ച് നടൻ പ്രകാശ് രാജ് രംഗത്ത്.
വിരാട് കോലി ജയ് ഷായെ അഭിനന്ദിച്ച് പുറത്തുവിട്ട ട്വീറ്റ്, റീ ട്വിറ്റ് ചെയ്ത് പ്രകാശ് രാജ് എഴുതിയ കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. നമുക്ക് എഴുന്നേറ്റ് നിന്ന് കൈയ്യടിക്കാം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്ററും ബൗളറും വിക്കറ്റ് കീപ്പറും ഓൾറൗണ്ടറുമായ ജയ് ഷാ ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു, എന്നായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്. നിരവധി പേർ പ്രകാശ് രാജിന്റെ പോസ്റ്റിന് താഴെ കമൻറുകളുമായി വന്നിട്ടുണ്ട്.
ദുബൈയിൽ നടന്ന ഐസിസി യോഗത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഐസിസി ചെയർമാനായി എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഈ വർഷം ഡിസംബർ ഒന്നിന് ജയ് ഷാ ചുമതലയേറ്റെടുക്കും. ഈ തിരഞ്ഞെടുപ്പോടെ ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിൽ നിർണായകമായ ഒരു വഴിത്തിരിവാണ് സംഭവിച്ചിരിക്കുന്നത്. നിലവിൽ ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ഐസിസി ചുമതലയേൽക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിൽ ശക്തമായ ഒരു സാന്നിധ്യമായി മാറും.
ന്യൂസീലൻഡുകാരനായ ഗ്രെഗ് ബാർക്ലെ മൂന്നാം തവണയും ഐസിസി ചെയർമാൻ സ്ഥാനത്തിരിക്കാൻ താൽപര്യമില്ലെന്ന് നിലപാടെടുത്തതിനെ തുടർന്നാണ് ജയ് ഷായെ ഐസിസി ചെയർമാനായി തിരഞ്ഞെടുത്തത്. 35 വയസിൽ, ഏകകണ്ഠമായ പിന്തുണയോടെ ലോക ഭരണ സംഘടനയെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായി ജയ് ഷാ മാറുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ക്രിക്കറ്റിന്റെ അമരത്തേക്ക് അദ്ദേഹം എത്തിയത് ഏറെയും അത്ഭുതപ്പെടുത്തുന്നുണ്ട്.