Power Struggle | താന്‍ വിചാരിച്ചതിനേക്കാള്‍ ശക്തരാണ് പവര്‍ ഗ്രൂപ്പ്; മലയാളത്തില്‍ ഇത്തരം കാര്യങ്ങളുണ്ടെന്ന് തെളിയിക്കാന്‍ ബംഗാളില്‍നിന്ന് ഒരാള്‍ വരേണ്ടി വന്നുവെന്ന് സംവിധായകന്‍ ജോഷി ജോസഫ്
ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ സിനിമാ മേഖലയില്‍ വലിയ വ്യത്യാസമുണ്ടായി.
ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രയ്ക്ക് ഇ മെയിലായി പരാതി നല്‍കാമെന്നും ഇവിടെ നേരിട്ട് വരേണ്ട കാര്യമില്ല.
കൊച്ചി: (KVARTHA) താന്‍ വിചാരിച്ചതിനേക്കാള്‍ ശക്തരാണ് പവര്‍ ഗ്രൂപ്പെന്ന് ഡോക്യൂമെന്ററി സംവിധായകന്‍ ജോഷി ജോസഫ്. രഞ്ജിത്തിന്റെയും സിദ്ദീഖിന്റെയും രാജിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ഇത്തരം കാര്യങ്ങളുണ്ടെന്ന് തെളിയിക്കാന്‍ ബംഗാളില്‍ നിന്ന് ഒരാള്‍ വരേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. വലിയ സംഘത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും മറുവശത്തു നില്‍ക്കുന്നവരുടെ ശക്തിയെ ഭയമുണ്ടെന്നും പറഞ്ഞ ജോഷി ജോസഫ് തനിക്കു ബോധ്യമുള്ള കാര്യത്തില്‍ അങ്ങേയറ്റംവരെ പോകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു. രഞ്ജിത്തിന്റെയും സിദ്ദീഖിന്റെയും രാജിയോടെ വ്യവസ്ഥ ആകെ മാറുമെന്ന് കരുതുന്നില്ല. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ സിനിമാ മേഖലയില്‍ വലിയ വ്യത്യാസമുണ്ടായി. ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രയ്ക്ക് ഇ മെയിലായി പരാതി നല്‍കാമെന്നും ഇവിടെ നേരിട്ട് വരേണ്ട കാര്യമില്ലെന്നും ജോഷി ജോസഫ് പറഞ്ഞു.
രഞ്ജിത്തില്‍ നിന്നു തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചു ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയതു ജോഷി ജോസഫിനോടാണ്. ശ്രീലേഖ മിത്രയുടെ അനുഭവത്തെക്കുറിച്ച് അന്നു തന്നെ അവര്‍ തന്നോടു പറഞ്ഞതായി ജോഷി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊല്‍ക്കത്തയിലും കേരളത്തിലുമായി താമസിക്കുന്ന താന്‍ അന്ന് നാട്ടിലായിരുന്നു.
സുഹൃത്തായ ശ്രീലേഖയെ വിളിച്ചപ്പോഴാണ് അവര്‍ വിഷമത്തോടെ ഇക്കാര്യം പറഞ്ഞത്. ഹോട്ടലിലെത്തി ശ്രീലേഖയെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. സുഹൃത്തായ ഫാ. അഗസ്റ്റിന്‍ വട്ടോളിയോടും അന്ന് ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും ജോഷി ജോസഫ് വ്യക്തമാക്കിയിരുന്നു.
ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ദുരനുഭവങ്ങള്‍ നേരിട്ടവര്‍ അത് തുറന്നുപറഞ്ഞതോടെയാണ് സംഘടനകളുടെ തലപ്പത്തുള്ളവര്‍ക്ക് പദവി രാജിവെക്കേണ്ടി വന്നത്. ഇനിയും കൂടുതല്‍ പേര്‍ ഇതുപോലെ അനുഭവങ്ങള്‍ തുറന്നുപറയാനും ഉപദ്രവിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറായാല്‍ പലരുടേയും തനിനിറം പുറത്തുവരും.
#MalayalamCinema, #JoshiJoseph, #PowerDynamics, #WCC, #Ranjith, #SreelekhaMitra