Malayalam Cinema | പൊൻതൂവൽ: രതീഷിൻ്റെ ത്രസിപ്പിക്കുന്ന സാഹസിക സംഘട്ടന രംഗങ്ങളുമായി പുറത്തുവന്ന ഹിറ്റ്ചിത്രം


● ഒരുകാലത്ത് മലയാള സിനിമയിൽ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊക്കെ മുകളിൽ ആയിരുന്നു നടൻ രതീഷിൻ്റെ സ്ഥാനം.
● പൊൻതൂവൻ ഒരു ഹിറ്റ് ചിത്രമായിരുന്നു.
● ജെ വില്യംസ് ഈ ചിത്രം സംവിധാനം ചെയ്തു.
● രതീഷിന്റെ മരണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമായിരുന്നു.
റോക്കി എറണാകുളം
(KVARTHA) ഒരുകാലത്ത് മലയാള സിനിമയിൽ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊക്കെ മുകളിൽ ആയിരുന്നു നടൻ രതീഷിൻ്റെ സ്ഥാനം. ജയനു ശേഷം മലയാളത്തിൽ ആക്ഷൻ ഹീറോയെന്ന പരിവേഷം ലഭിച്ചത് രതീഷിനായിരുന്നു. അദ്ദേഹത്തിൻ്റെ അക്കാലത്തെ മിക്ക പടങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു . അതിലൊന്നാണ് ജെ ഡബ്ള്യു ഇന്റർനാഷണലിന്റെ ബാനറിൽ പ്രശസ്ത ഛായാഗ്രാഹകൻ ജെ വില്യംസ് നിർമ്മിച്ച്, അദ്ദേഹം തന്നെ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച രതീഷ് നായകനായ പൊൻതൂവൻ എന്ന ചിത്രം.
രതീഷിൻ്റെ ത്രസിപ്പിക്കുന്ന സാഹസിക സംഘട്ടന രംഗങ്ങളുമായി 1983 ൽ പുറത്തുവന്ന ഒരു ഹിറ്റ്ചിത്രം എന്ന് വേണമെങ്കിലും ഈ സിനിമയെ വിശേഷിപ്പിക്കാം. പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥ, സംഭാഷണം എഴുതിയ ഈ ചിത്രത്തിനുവേണ്ടി പൂവച്ചൽ ഖാദർ ഗാനരചന നിർവ്വഹിച്ചു. രഘുകുമാർ സംഗീതം പകർന്ന 'അഭിലാഷഹാരം നീട്ടി അണയുന്നു ഞാൻ അനുരാഗതീരം പൂകും അരയന്നമേ', 'കണ്ണാ ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞൂ', എന്നീ ഗാനങ്ങൾ അക്കാലത്ത് ഹിറ്റായിരുന്നു. ആദർശധീരനും കർത്തവ്യനിരതനുമായ ഒരു പോലീസ് ഓഫീസറുടെ സംഘർഷഭരിതമായ ജീവിതത്തിലെ പ്രതിസന്ധികളും പ്രണയവും പ്രതികാരവും ഒക്കെ അനാവരണം ചെയ്ത ചിത്രമായിരുന്നു ഇത്.
ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി താൻ അമർച്ചചെയ്ത ഭീകരസംഘം തടവറകൾ ഭേദിച്ച് തന്റെകുടുംബം പിച്ചിച്ചീന്തിയപ്പോൾ തനിക്കൊപ്പം നിൽക്കാത്ത നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് കാക്കിക്കുപ്പായം വലിച്ചെറിഞ്ഞ ആ പ്രതികാരദാഹി തന്റെ ശത്രുക്കളെ ഒന്നൊന്നായി തേടിപ്പിടിച്ച് വകവരുത്തുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. '80കളിൽ മലയാളത്തിലെ സൂപ്പർ ആക്ഷൻഹീറോ ആയി തിളങ്ങിയ രതീഷ് ഈ ചിത്രത്തിലെ നായകനായപ്പോൾ പ്രമുഖ തെന്നിന്ത്യൻ നടി മാധവി ഇതിലെ നായികയായി. ബാലൻ കെ നായരും കുതിരവട്ടം പപ്പുവും ശ്രദ്ധേയവേഷങ്ങൾ അവതരിപ്പിച്ച ഈ ചിത്രത്തിൽ ക്യാപ്റ്റൻ രാജുവും ഭീമൻ രഘുവും ഉൾപ്പെടുന്ന അഞ്ചംഗ വില്ലൻസംഘം ഭീതിവിതറുന്ന പ്രകടനം കാഴ്ചവച്ചു.
ക്യാപ്റ്റൻ രാജുവിന്റെ കരിയറിലെ ഏറ്റവും ക്രൂരനും വെറുക്കപ്പെട്ടവനുമായ ഒരു വില്ലൻ വേഷമായിരുന്നു ഈ ചിത്രത്തിലത്. പഴയകാല നടി രാജമല്ലികയുടെ മകൾ ബേബി മീന (പിൽക്കാലത്ത് തെന്നിന്ത്യയിലെ പ്രമുഖനായിക) ഇതിൽ ബാലതാരമായി അഭിനയിച്ചു. ഒരുകാലത്ത് രതീഷ് നായകനായ നിരവധി ചിത്രങ്ങളാണ് പുറത്തുവന്നത്. അതിൽ സഹതാരങ്ങളായി മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
പിന്നീട് മമ്മൂട്ടിയും മോഹൻലാലും താരസിംഹാസനം കയ്യടക്കിയപ്പോൾ രതീഷ് സിനിമയിൽ പിന്തള്ളപ്പെടുന്നതാണ് കണ്ടത്. വില്ലനും സഹനടനും ഒക്കെ ആയി എത്തുന്ന രതീഷിനെയാണ് നമുക്ക് കാണാൻ സാധിച്ചത്. കമ്മീഷണറിലെ മോഹൻ തോമസ് എന്ന വില്ലൻ കഥാപാത്രം അത്രപെട്ടെന്നൊന്നും ആരുടെയും മനസ്സിൽ നിന്നും മായില്ല. വളരെ ചെറുപ്രായത്തിൽ തന്നെ രതീഷ് മരണമടയുകയായിരുന്നു. മലയാള സിനിമ ഉള്ളിടത്തോളം കാലം രതീഷും മലയാളികളും മനസ്സിൽ എന്നും ഉണ്ടാവുക തന്നെ ചെയ്യും.
#MalayalamCinema, #Ratheesh, #Ponthooval, #ActionHero, #Nostalgia, #ClassicMovies, #MalayalamMovies, #IndianCinema